തൃശൂർ: തിരുവന്പാടി ദേവസ്വത്തിന്റെ തൃശൂർ പൂരം വെടിക്കെട്ടുസാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോട് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒന്‍പതുപേരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. ഒരു മൃതദേഹം തിരിച്ചറിഞ്ഞില്ലെങ്കിലും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിട്ടുണ്ട്. നാലു പേരെ അപകടശേഷം കാണാതായെന്ന് അധികൃതർ അറിയിച്ചു.
തൃശൂർ കോട്ടപ്പുറം കാമത്ത് ലെയ്നിലെ മണികണ്ഠൻ (33), എടപ്പാൾ സ്വദേശി മണികണ്ഠൻ, പെരിന്തൽമണ്ണ കൊളത്തൂർ പൊറ്റമ്മൽ വീട്ടിൽ സുബ്രഹ്മണ്യൻ (50), എടപ്പാൾ തലയ്ക്കൽ ചോങ്ങലത്തിൽ വീട്ടിൽ തുപ്രന്റെ മകൻ വിജയൻ (53), തൃശൂർ ചേർപ്പ് ചിറയ്ക്കൽ ഇഞ്ചമുടി പരേതനായ ബാലന്റെ ബിജീഷ് (40) എന്നിവരുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കു മുന്‍പേ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൈമാറി.
പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞശേഷം ഇന്നലെ മരണത്തിനു കീഴടങ്ങിയ പാലക്കാട് പട്ടാന്പി മുതുതല കൊഴിക്കോട്ടിരി സ്വദേശി കൂളിക്കുന്ന് വീട്ടിൽ പ്രവീണിന്റെ (45) മൃതദേഹം രാത്രിയോടെയാണു കൈമാറിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണ്‍ മെഡിക്കൽ കോളജ് ബേണ്‍സ് ഐസിയുവിലായിരുന്നു. വാസുദേവൻ, സുവിൻ, സുദർശൻ എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച രാത്രി 12 മണിയോടെ ബന്ധുക്കൾക്കു വിട്ടുനൽകിയിരുന്നു.
തൃശൂർ തെക്കുംകര ചോരത്ത് അയ്യപ്പന്റെ മകൻ സി.എ. സുരേഷ് (50), തൃശൂർ കോട്ടപ്പുറം കമ്മത്ത് ലെയ്നിൽ അരങ്ങത്ത് ബാബുവിന്റെ മകൻ അഭിജിത്ത് (28), തൃശൂർ മനക്കൊടി കോലാട്ടുപുരയ്ക്കൽ വിജയന്റെ മകൻ വിഷ്ണു (35), കോട്ടപ്പുറം ചേലാട്ട് ലെയ്നിൽ പള്ളത്ത് കരുമാലിൽ മോഹനന്റെ മകൻ ഗിരീഷ് (42) എന്നിവരെ കാണാതായതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞില്ലെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹവും കണ്ടെത്തിയ മറ്റു ശരീരഭാഗങ്ങളും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ കൈമാറൂ.
മെഡിക്കൽ കോളജിലെത്തിച്ച ശരീരഭാഗങ്ങളിൽ കാണാതായവരുടേത് ഉണ്ടോയെന്ന് അറിയാനുള്ള പ്രത്യേക ഡിഎൻഎ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചു. ഡിഎൻഎ പരിശോധനയ്ക്കു സാധാരണയായി ഒരാഴ്ചയിലേറെ സമയം എടുക്കുമെങ്കിലും മുണ്ടത്തിക്കോട് അപകടം സവിശേഷ സാഹചര്യമായി കണക്കാക്കി രണ്ടുദിവസത്തിനകം ഫലം പുറത്തുവിടുമെന്നാണ് അധികൃതരുടെ ഉറപ്പ്. ഇതിനുശേഷം മൃതദേഹങ്ങളും ശരീരഭാഗങ്ങളും ബന്ധുക്കൾക്കു കൈമാറും.
Tags : Mundathikodu tragedy