National
ഡെറാഡൂൺ: കാലവർഷം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മലയിടിച്ചിലിലും അറുപതിലധികം റോഡുകൾ പൂർണമായും തടസപ്പെട്ടു. റോഡുകളിലെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് വലിയ തടസം സൃഷ്ടിക്കുന്നു.
രുദ്രപ്രയാഗിൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് അളകനന്ദ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. നദീതീരങ്ങളിൽ താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.
ബാഗേശ്വരിലെ ഗരുഡിൽ 68 മില്ലിമീറ്ററും ഡെറാഡൂണിൽ 65 മില്ലിമീറ്ററും ചമ്പാവത്തിലും ബൻബാസയിലും 61 മില്ലിമീറ്ററും മുസ്സൂറിയിൽ 52 മില്ലിമീറ്ററും സോമേശ്വറിൽ 36 മില്ലിമീറ്ററും നരേന്ദ്ര നഗറിൽ 34 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡെറാഡൂൺ, ബാഗേശ്വർ, നൈനിറ്റാൾ, പൗരി, തെഹ്രി എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകി.
National
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ നഗ്രാസുവിലുള്ള ഗുരുദ്വാരയിൽ ആയുധധാരികളായ നിഹാംഗ് സിഖ് സംഘം അതിക്രമിച്ചു കയറി തീർത്ഥാടകനെ ബന്ദിയാക്കി. ജൂൺ 16-ന് ചമോലിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തങ്ങളുടെ നാല് കൂട്ടാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആറംഗ നിഹാംഗ് സംഘം മാരകായുധങ്ങളുമായി ഗുരുദ്വാരയുടെ മേൽക്കൂരയിൽ നിലയുറപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ഈ അനിശ്ചിതാവസ്ഥയെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
രുദ്രപ്രയാഗ് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും സൂപ്രണ്ടും, ഗർവാൾ കമ്മീഷണറും സംഭവസ്ഥലത്തെത്തി നിഹാംഗുകളുമായി ചർച്ച നടത്തിയെങ്കിലും ഇവർ താഴെയിറങ്ങാൻ തയ്യാറായിരുന്നില്ല. ചമോലിയിലെ കർണപ്രയാഗിൽ ഹോട്ടലിന് സമീപം പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മുൻപ് നടന്ന അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്. ഇതിൽ പഞ്ചാബിലെ മൊഹാലി സ്വദേശികളായ നാല് നിഹാംഗുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നഗ്രാസുവിലെ ഗുരുദ്വാരയിൽ ഇവർ അതിക്രമം നടത്തിയത്.
Kerala
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി പ്രർത്തകൻ വെട്ടേറ്റു കൊല്ലപ്പെട്ടു. കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. ഡെറാഡൂണിലെ ബൈരാഗിവാല ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
വിനോദ് കുമാർ(44) ആണ് മരിച്ചത്. വെള്ളത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിനോദ് കുമാറിന്റെ വീടിന് സമീപമുള്ള വയലിൽ വെള്ളം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ആയുധങ്ങളുമായി സംഘം ചേർന്നെത്തിയ ആക്രമികൾ വിനോദ് കുമാറിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിനോദ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിലുള്ള ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട സംഘർഷമാണിതെന്ന് ബൈരാഗിവാല ഗ്രാമത്തലവൻ വിക്കി കശ്യപ് പ്രതികരിച്ചു.
National
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തെഹ്രി ഗാര്‍ഹ്വെല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
കേതന് ലാല്‍(18) ആണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മര്‍ദിച്ചതിനൊപ്പം അക്രമികള്‍ കേതന്റെ നഖവും കാല്‍വിരലുകളും പിഴുതുകളഞ്ഞെന്നും ജനനേന്ദ്രിയത്തില്‍ അടക്കം മാരകമായി പരിക്കേൽപ്പിച്ചെന്നും കുടുംബം ആരോപിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് യശ്വീര് സിംഗ്, മുത്തച്ഛൻ വിദ്യ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേതന് ലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാതെ കേതന് ലാലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവാഹചടങ്ങിനിടെ സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ വധുവിന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഖത്തിമ പട്ടണത്തിലെ ഇസ്ലാം നഗർ പ്രദേശത്താണ് സംഭവം.
സംഭവത്തെത്തുടർന്ന്, രോഷാകുലരായ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും വരനെയും ബന്ധുക്കളെയും ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്തു. ക്രമസമാധാനനില പാലിക്കാൻ മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇസ്ലാം നഗറിൽ താമസിക്കുന്ന കോൺട്രാക്ടർ സാദിഖിന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
വിവാഹം ഉറപ്പിച്ചതു മുതൽ വരന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ആദ്യം സ്ത്രീധനമായി സ്കൂട്ടർ മതിയെന്ന് പറഞ്ഞു. പിന്നീട് ബൈക്ക് വേണമെന്നും അതിനുശേഷം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും വധുവിന്റെ ബന്ധുക്കൾ ആരോപിച്ചു.
ഇതിനിടെ മെഹർ തുകയെ ചൊല്ലിയും തർക്കമുണ്ടായി. വധുവിന്റെ കുടുംബം അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 21,000 രൂപയിൽ കൂടുതൽ പണം നൽകാൻ വരന്റെ കുടുംബം വിസമ്മതിച്ചു.
ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ സാദിഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സാദിഖിന്റെ മരണവാർത്തയറിഞ്ഞ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപിതരായ ജനക്കൂട്ടം വരൻ മുഹമ്മദ് ആരിഫ്, സഹോദരൻ മുഹമ്മദ് ഖാലിദ്, സഹോദരി ഭർത്താവ് അതാ ഹുസൈൻ മറ്റ് അതിഥികൾ എന്നിവരെ ആക്രമിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു.
ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വിവാഹ ഹാളിന്റെ മേൽകൂരയിൽ കൂടിയാണ് പലരും പുറത്തിറങ്ങിയത്. ഇതിനിടെ മേൽകൂരയുടെ ഒരു ഭാഗം തകർന്നുവീണു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷത്തെക്കുറിച്ച് അറിഞ്ഞ ഖതിമ കോട്വാലി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
Viral
കേദാർനാഥ് ക്ഷേത്രനട തുറന്ന ദിവസമുണ്ടായ വൻ തിരക്കും അച്ചടക്കമില്ലായ്മയും സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്.
ഏപ്രിൽ 22-ന് ദർശനത്തിനായി തടിച്ചുകൂടിയ ആയിരക്കണക്കിന് ഭക്തർക്കിടയിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.
ബാരിക്കേഡുകൾ ചാടിക്കടന്നും വരിതെറ്റിച്ച് മുന്നേറാൻ ശ്രമിച്ചും ഒരു വിഭാഗം ആളുകൾ സൃഷ്ടിച്ച തിരക്ക് തീർഥാടന കേന്ദ്രത്തിന്റെ ശാന്തതയെ പൂർണമായും തകർത്തു.
തിക്കും തിരക്കും കാരണം നടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ, ഭക്തർ പരസ്പരം ഉന്തും തള്ളും നടത്തിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി.
ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ജനരോഷമാണ് ഉയർന്നു വന്നിരിക്കുന്നത്. തീർഥാടന കേന്ദ്രങ്ങളിൽ പോലും കുടുംബത്തോടൊപ്പം സമാധാനത്തോടെ ദർശനം നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
വിഐപി പരിഗണന ആഗ്രഹിക്കുന്നവരുടെ മനോഭാവവും, വരിയിൽ നിൽക്കാനുള്ള ക്ഷമയില്ലായ്മയുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
തീർഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യത്തോടൊപ്പം തന്നെ, തീർഥാടകരുടെ മനോഭാവത്തിലുള്ള മാറ്റത്തെക്കുറിച്ചും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇത്തരം പുണ്യസ്ഥലങ്ങളെ പലരും റീൽസ് ഷൂട്ട് ചെയ്യാനുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി കാണുന്നു എന്നുള്ളതാണ്.
ഭക്തിയേക്കാൾ ഉപരിയായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ദൃശ്യങ്ങൾ പകർത്തുന്നതിലാണ് ഇന്നത്തെ തലമുറയുടെ ശ്രദ്ധയെന്നും, ഇതാണ് പലപ്പോഴും തിരക്കും അസൗകര്യങ്ങളും വർധിപ്പിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഒരു പുണ്യസ്ഥലത്തേക്ക് പോകുമ്പോൾ പാലിക്കേണ്ട പ്രാഥമിക മര്യാദകളോ അച്ചടക്കമോ പലർക്കും നഷ്ടപ്പെട്ടുവെന്നും, തീർഥാടനത്തെ ഒരു ടൂറിസ്റ്റ് അനുഭവമായി കാണുന്ന പ്രവണത ഒഴിവാക്കണമെന്നുമാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ്.
National
തേഹ്രി: ഉത്തരാഖണ്ഡിലെ തേഹ്രിയിൽ പിക്അപ് വാൻ കൊക്കയിൽവീണ് എട്ടുപേർ മരിച്ചു. തേഹ്രിയിലെ ചന്പയിൽ ഇന്നലെയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. ബന്ധുവിന്റെ മരണാനന്തരചടങ്ങുകൾക്കുശേഷം ഹരിദ്വാറിൽനിന്ന് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പത്തുപേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഗാധദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്കു സാധ്യമായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം നിർദേശം നൽകി.
National
ഡെറാഡൂൺ: രാജ്യത്ത് അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകൾ പിടിയിൽ. ഉത്തരാഖണ്ഡ് പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് വിദേശ വനിതകളെ പിടികൂടിയത്. ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള രണ്ടുപേരും കിർഗിസ്ഥാനിൽ നിന്നുള്ള ഒരാളുമാണ് പിടിയിലായത്.
കിർഗിസ്ഥാൻ സ്വദേശി എറിക്ക (29), ഉസ്ബെക്കിസ്ഥാൻ സ്വദേശികളായ കരീന (30), നിഗോറ നീം (32) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിദേശ കറൻസികൾ എന്നിവയും കണ്ടെടുത്തു.
എറിക്ക 2023ൽ ഒരു വർഷത്തെ വിസയിൽ ഇന്ത്യയിലെത്തിയ ശേഷം കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതെ ഒളിവിൽ കഴിയുകയായിരുന്നു. കരീനയും നിഗോറയും നേപ്പാൾ അതിർത്തി വഴി അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. ഇതിൽ ഒരാളെ മുൻപ് വ്യാജ രേഖകൾ കൈവശം വെച്ചതിന് ബിഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും വിവരമുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ രണ്ട് വിദ്യാർഥികൾ സ്വർണ മാലയും മൊബൈൽ ഫോണും കവർന്നു. ഡൽഹി സ്വദേശി സണ്ണി സിംഗ് (25), റെഡിയോളജി വിദ്യാർഥിയായ ഹിമാനി ബോറ (23) എന്നിവരാണ് മംമ്ത ദേവി എന്ന യുവതിയെ തടഞ്ഞുനിർത്തി സ്വർണ മാലയും മൊബൈൽ ഫോണും തട്ടിയെടുത്തത്.
ഹിമാനിയുടെ ഗ്രാമം സന്ദർശിക്കാനായി സണ്ണി പിത്തോറഡിലെ ടോളിയിൽ എത്തിയിരുന്നു. ഇതിനിടയിലായിരുന്നു വയലിൽ ജോലിയ്ക്കു പോവുകയായിരുന്ന മംമ്തയുടെ സ്വർണ മാലയും മൊബൈൽ ഫോണും കവർന്നത്.
ഇതേ തുടർന്ന് മംമ്ത നൽകിയ പരാതിയുടെ അടിസ്ഥനത്തിലായിരുന്നു ഇരുവരെയും പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജയിലിലേക്ക് അയയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽനിന്നുള്ള ജിം ഉടമയായ "മുഹമ്മദ് ദീപക്’ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു.
ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിൽനിന്ന് ഒരു മുസ്ലിം കടയുടമയെ സംരക്ഷിച്ച് അടുത്തിടെ വാർത്തകളിൽ നിറഞ്ഞ ദീപക് കുമാർ എന്ന "മുഹമ്മദ് ദീപക്’ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ 10, ജൻപഥിലുള്ള വസതിയിലെത്തിയാണ് രാഹുലിനെ കണ്ടത്. ദീപക്കിന് ഐക്യദാർഢ്യമറിയിച്ച രാഹുൽ ഉത്തരാഖണ്ഡിലെ കോട്ദ്വാറിലുള്ള ദീപകിന്റെ ജിം സന്ദർശിക്കുമെന്നും അംഗത്വമെടുക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ മാസം 26ന് ബജ്രംഗ്ദൾ പ്രവർത്തകർ 70കാരനായ ഒരു മുസ്ലിം കടയുടമയെ ആക്രമിച്ചപ്പോൾ ദീപക് കുമാർ പ്രതിരോധിക്കുകയായിരുന്നു. തന്നെ സ്വയം "മുഹമ്മദ് ദീപക്’ എന്നു പരിചയപ്പെടുത്തിയ ദീപക് കുമാർ ആക്രമണത്തിൽനിന്നു വയോധികനെ രക്ഷിച്ചതിനുശേഷം തന്റെ ജിമ്മിലേക്ക് തീവ്ര ഹിന്ദുത്വ ശക്തികളുടെ ഇടപെടൽ മൂലം ആളുകൾ വരുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു.
രാഹുൽ തന്നെ ക്ഷണിച്ചതുപ്രകാരമാണ് ഡൽഹിയിലേക്കെത്തിയതെന്നും കോട്ദ്വാറിലുള്ള ജിമ്മിലെത്തി അംഗത്വമെടുക്കുമെന്ന് രാഹുൽ അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ദീപക് മാധ്യമങ്ങളോട് പ്രതികരിച്ചു.
ദീപക്കുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രാഹുൽ ഗാന്ധി "എല്ലാ മനുഷ്യരും തുല്യരാണ്. ഇതാണ് ഭാരതീയത, (ഇന്ത്യൻനെസ്), ഇതാണു സ്നേഹത്തിന്റെ കട (മൊഹബ്ബത്ത് കീ ദൂക്കാൻ).
ഉത്തരാഖണ്ഡിൽനിന്നുള്ള മുഹമ്മദ് ദീപക്കുമായി കൂടിക്കാഴ്ച നടത്തി. ഐക്യത്തിന്റെയും ധൈര്യത്തിന്റെയും ഈ ജ്വാല എല്ലാ ഇന്ത്യൻ യുവാക്കളിലും ജ്വലിക്കണം’ എന്ന് കുറിപ്പുമെഴുതി.
Sports
ലക്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ കർണാടക ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 689 എന്ന നിലയിലാണ്.
സ്മരൻ രവിചന്ദ്രനും വിദ്യാദർ പാട്ടീലുമാണ് ക്രീസിലുള്ളത്. തകർപ്പൻ സെഞ്ചുറി നേടിയ സ്മരൻ 121 റൺസും വിദ്യാദർ 35 റൺസും എടുത്തിട്ടുണ്ട്.
ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും കെ.എൽ. രാഹുലിന്റെയും സ്മരന്റെയും സെഞ്ചുറികളുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിയത്.
ദേവ്ദത്ത് 232 റൺസാണെടുത്തത്. 29 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്. രാഹുൽ 141 റൺസും കരുൺ നായരും കൃതിക് കൃഷ്ണയും 60 റൺസെടുത്ത് പുറത്തായി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടക ഇന്ന് 334 റൺസാണെ് കൂട്ടിച്ചേർത്തത്. ദേവ്ദത്തിന്റയും കരുണിന്റെയും ശ്രേയസ് ഗോപാലിന്റെയും കൃതിക് കൃഷ്ണയുടെയും വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടപ്പെട്ടത്.
ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. അഭയ് നേഗിയും ലക്ഷ്യ രാജേഷ് റായ്ചന്ദനിയും അവ്നീഷ് സുധ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടക ശക്തമായ നിലയിൽ. രണ്ടാം ദിവസത്തെ ആദ്യ സെഷൻ അവസാനിപ്പിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 502 എന്ന നിലയിലാണ് കർണാടക.
സ്മരൻ രവിചന്ദ്രനും കൃതിക് കൃഷ്ണയും ആണ് ക്രീസിലുള്ളത്. സ്മരൻ 26 റൺസും കൃതിക് 12 റൺസും എടുത്തിട്ടുണ്ട്. ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ കരുൺ നായരുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിത്.
ദേവ്ദത്ത് 232 റൺസാണെടുത്തത്. 29 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്. രാഹുൽ 141 റൺസും കരുൺ 60 റൺസുമെടുത്താണ് പുറത്തായത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടക ഇന്ന് ഇതുവരെ 147 റൺസാണ് കൂട്ടിച്ചേർത്തത്. ദേവ്ദത്തിന്റയും കരുണിന്റെയും ശ്രേയസ് ഗോപാലിന്റെയും വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടപ്പെട്ടത്.
ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. അഭയ് നേഗിയും ലക്ഷ്യ രാജേഷ് റായ്ചന്ദനിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: രഞ്ജി ട്രോഫി സെമിഫൈനലുകളിൽ കർണാടകയും ബംഗാളും മികച്ച നിലയിൽ. ഉത്തരാഖണ്ഡിനെതിരെ നടക്കുന്ന സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിലാണ് കർണാടക. ദേവ്ദത്ത് പടിക്കലും കരുൺ നായരുമാണ് ക്രീസിൽ.
തകർപ്പൻ സെഞ്ചുറി നേടിയ ദേവ്ദത്ത് 148 റൺസെടുത്തിട്ടുണ്ട്. കരുൺ 37 റൺസാണെടുത്തിട്ടുള്ളത്. കെ.എൽ. രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 141 റൺസെടുത്താണ് രാഹുൽ പുറത്തായത്. നിരാശപ്പെടുത്തിയ മായങ്ക് അഞ്ച് റൺസാണെടുത്തത്. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്താണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ജമ്മു കാഷ്മീരിനെതിരായ സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ് ബംഗാൾ. 136 റൺസെടുത്ത സുദീപ് കുമാർ ഖരാമിയാണ് ക്രീസിലുള്ളത്. ബംഗാളിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിച്ചതോടെയാണ് ഇത്.
ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 49 റൺസും ഷാഹ്ബാസ് അഹ്മദ് 42 റൺസും എടുത്തു. ജമ്മു കാഷ്മീരിന് വേണ്ടി ഓഖിബ് നബി ദാറും സുനിൽ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആബിദ് മുഷ്താഖ് ഒരു വിക്കറ്റ് എടുത്തു.
National
ഡെറാഡൂൺ: ഡെറാഡൂൺ സിറ്റിയിൽ 48 മണിക്കൂറിനുള്ളിൽ വീണ്ടും പട്ടാപ്പകൽ കൊലപാതകം. സിൽവർ സിറ്റി സിനിമ തിയറ്ററിനു മുന്നിൽ വ്യവസായി വെടിയേറ്റു മരിച്ചു. ക്വാറി ഉടമ വിക്രം ശർമ (50)ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.15ന് ജിമ്മിൽനിന്നു പുറത്തിറങ്ങുന്പോൾ നിരവധി വാഹനങ്ങിലെത്തിയ അജ്ഞാതസംഘം വിക്രത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു.
അതേസമയം, വിക്രത്തിനെതിരേ വിവിധ സംസ്ഥാനങ്ങളിലായി അന്‍പതോളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഗുണ്ടാപ്പകയാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നും ഡെറാഡൂൺ സിറ്റി പോലീസ് സൂപ്രണ്ട് പ്രമോദ് കുമാർ പറഞ്ഞു.
ഈ മാസം 10ന് ഡെറാഡൂൺ സിറ്റിയിലെ ടിബറ്റൻ മാർക്കറ്റിൽ ഗ്യാസ് ഏജൻസി ഉടമയും വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഡെറാഡൂൺ സിറ്റിയിൽ അജ്ഞാത സംഘം പട്ടാപ്പകൽ യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനാണ്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ഇന്നു രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഹിമാചൽ റോഡ്വേസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ദക്മഥർ, ചക്രത, മോറി, ട്യൂണി എന്നിവിടങ്ങളിൽനിന്നുള്ള എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം നടത്തിവരികയാണ്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വികാസ്നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഒളിവിൽ പോയി.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മനീഷ തോമർ ആണ് കൊല്ലപ്പെട്ടത്. വികാസ്നഗർ കോട്വാലി പരിധിയിലുള്ള ധാലിപ്പൂരിലെ ശക്തി കനാലിന് സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ വിരലുകളും മൂക്കും അറുത്തുമാറ്റിയ നിലയിലായിരുന്നു. കല്ല് ഉപയോഗിച്ച് തല തകർത്തതായും പോലീസ് കണ്ടെത്തി. രക്തത്തിൽ കുതിർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ധാലിപ്പൂർ സ്വദേശിയായ മനീഷ, മരുന്ന് വാങ്ങാനായി തന്റെ ബന്ധുവായ സുരേന്ദ്രയെന്ന യുവാവിനൊപ്പം ബൈക്കിൽ പോയതായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇതിൽ മനീഷയും സുരേന്ദ്രയും ഒരുമിച്ച് ബൈക്കിൽ പോകുന്നത് കണ്ടെത്തി.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂർച്ചയുള്ള അരിവാളിന് സമാനമായ ആയുധം സുരേന്ദ്ര അടുത്ത കാലത്താണ് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
മൃതദേഹത്തിനു സമീപത്തുനിന്നും ആയുധവും ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി കനാലിൽ ചാടിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. എസ്ഡിആർഎഫിന്റെ സഹായത്തോടെ കനാലിൽ തിരച്ചിൽ നടത്തിവരികയാണ്.
കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് ഡെറാഡൂൺ എസ്പി അജയ് സിംഗ് അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും യുവാവിനായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Viral
ഋഷികേശിലെ ശ്യാംപൂർ മേഖലയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കരടി നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ ദിവസം രാത്രി ശ്യാംപൂർ ഹാട്ടിന് സമീപം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കരടി ഓടിക്കുന്നതും അവർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുവാക്കൾ എത്തുന്നതിന് തൊട്ടുമുമ്പ് തന്നെ അവിടെയുണ്ടായിരുന്ന പശുക്കൾ അപകടം മണത്തറിയുകയും പരിഭ്രാന്തിയോടെ ഓടുകയും ചെയ്തിരുന്നു.
യുവാക്കളും പശുക്കളും പെട്ടെന്ന് മാറിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. രാജാജി നാഷണൽ പാർക്കിൽ നിന്ന് ഭക്ഷണവും വെള്ളവും തേടി ഇറങ്ങിയതാകാം ഈ കരടിയെന്നാണ് വനംവകുപ്പിന്റെ നിഗമനം.
സംഭവത്തിന് ശേഷം വിവിധ ഇടവഴികളിൽ കരടിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ഭയം കാരണം വൈകുന്നേരങ്ങളിൽ പുറത്തിറങ്ങാനോ കടകൾ തുറക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
വനനശീകരണവും നഗരവൽക്കരണവും മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതാണ് ഇത്തരത്തിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വനംവകുപ്പ് പ്രദേശം നിരീക്ഷിച്ചുവരികയാണെന്നും രാത്രികാലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും വന്യമൃഗത്തെ കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്താരാഖണ്ഡിലെ ചാമോലി ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60പേർക്കു പരിക്കേറ്റു.
പിപൽകോടി തുരങ്കത്തിനുള്ളിൽ വച്ച് ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സംഭവ സമയം ലോക്കോ ട്രെയിനിൽ 109 പേരുണ്ടായിരുന്നു. പരിക്കേറ്റ 60 പേരിൽ 10 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തുരങ്കത്തിലേക്കു പോയ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്.
ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിർമാണ വസ്തുക്കൾ, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകൾ ഉപയോഗിക്കുന്ന പതിവുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. അൽമോറയിലെ ദ്വാരഹട്ടിൽ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസ് ഭിക്കിയസൈൻ പ്രദേശത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സംഭവസമയം 19 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആറുപേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയിലുമാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ ഉൾപ്പടെയുള്ളവരെ മലയിടുക്കിൽ നിന്ന് രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി.
Kerala
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോടതിയിലേക്ക് പോകുന്നതിനിടെ വെടിയേറ്റ കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനയ് ത്യാഗി ചികിത്സയ്ക്കിടെ മരിച്ചു.
ബുധനാഴ്ച റൂർക്കി ജയിലിൽ നിന്നും ലക്സർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ലക്സർ ഫ്ലൈഓവറിന് സമീപം ബൈക്കിലെത്തിയ രണ്ടുപേർ വിനയ് ത്യാഗിയെ വെടിവയ്ക്കുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണംസംഭവിച്ചു. വെടിവയ്പിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു.
സുനിൽ രതി സംഘത്തിലെ അംഗമായ ത്യാഗിക്ക് മൂന്ന് വെടിയേറ്റതായും ഗുരുതരാവസ്ഥയിൽ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചതായും ശനിയാഴ്ച രാവിലെ മരിച്ചതായും പോലീസ് പറഞ്ഞു.
വെടിവയ്പ്പ് നടത്തിയ സണ്ണി യാദവ്, അജയ് എന്നിവരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കുറ്റം സമ്മതിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
അതേസമയം, വിനയ് ത്യാഗിയുടെ കൊലപാതകത്തിൽ പോലീസിന് പങ്കുണ്ടെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Sports
കൊച്ചി: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിക്കുന്ന ഒന്‍പതാമത് ദേശീയ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി കേരള ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം ഉത്തരാഖണ്ഡിലെത്തി.
ഡെറാഡൂണില്‍ മഹാറാണ പ്രതാപ് സ്പോര്‍ട്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഹെഡ് കോച്ച് പി.എസ്. സുജിത്തിന്റെ നേതൃത്വത്തില്‍ 13 അംഗ ടീമാണ് എത്തിയിരിക്കുന്നത്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാലിത്തീറ്റ ശേഖരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പൗരി ഗർവാൾ ജില്ലയിലെ കാലാഗഡ് ടൈഗർ റിസർവ് പ്രദേശത്താണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ റിഖാനിഖൽ ബ്ലോക്കിൽ ഊർമിള ദേവി മരുമകൾ പ്രിയയ്ക്കൊപ്പം കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രിയ വീടിനുള്ളിലേക്ക് പോയി. എന്നാൽ ഊർമിള ദേവി കാലിത്തീറ്റ ശേഖരിക്കുന്നത് തുടർന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഊർമിള വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മരുമകൾ അന്വേഷിച്ചു പോയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിന് സമീപം കടുവയും ഇരിപ്പുണ്ടായിരുന്നു.
പ്രിയയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിക്കൂടി. തുടർന്ന് കടുവ സ്ഥലത്ത് നിന്നും പോവുകയായിരുന്നു.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരിക്കുകയാണെന്ന് എംഎൽഎ ദിലീപ് റാവത്ത് പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, താൻ രാജിവയ്ക്കുമെന്ന് പറഞ്ഞു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്ത് നിന്നും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ജെലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
സുൾട്ട് പ്രദേശത്തെ ദബാര ഗ്രാമത്തിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നുമാണ് 20 കിലോയിൽ കൂടുതൽ ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
സംശയാസ്പദമായ പായ്ക്കറ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ സുഭാഷ് സിംഗ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ രണ്ട് പോലീസ് സംഘങ്ങൾ സ്കൂളിലെത്തി പ്രദേശം വളഞ്ഞു.
ഉധം സിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിൽ നിന്ന് ബോംബ് നിർവീര്യ സംഘത്തെയും ഡോഗ് സ്ക്വാഡുകളെയും സ്ഥലത്ത് എത്തിച്ചു. പോലീസ് നായ ഉപയോഗിച്ചുള്ള പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്ന് ഏതാനും പാക്കറ്റ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. 20 അടി അകലെ നിന്ന് കൂടുതൽ പാക്കറ്റുകൾ കണ്ടെത്തി.
ബോംബ് നിർവീര്യ സ്ക്വാഡ് പാക്കറ്റുകൾ ശേഖരിച്ച് സീൽ ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
നിർമാണത്തിനും ഖനന ആവശ്യങ്ങൾക്കുമായി പാറകൾ പൊട്ടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് ജലാറ്റിൻ സ്റ്റിക്കുകൾ. സ്ഫോടകവസ്തുക്കൾ ഗ്രാമത്തിലേക്ക് കൊണ്ടുവന്നതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
1908 ലെ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 4(എ) പ്രകാരമുള്ള കുറ്റവും ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 288 പ്രകാരവും അജ്ഞാതരായ ആളുകൾക്കെതിരെ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്എസ്പി അറിയിച്ചു.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സംഭവം.
National
ഹരിദ്വാര്‍: ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് എൻജിനിയര്‍ ജീവനൊടുക്കി. കെമിക്കല്‍ എൻജിനിയറായ ലവ് കുമാറാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വത്ത് തര്‍ക്കവും മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അരിഹന്ത് വിഹാര്‍ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് കാങ്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍ സത്യേന്ദ്ര ഭണ്ഡാരി പറഞ്ഞു.
ലവ് കുമാര്‍ തന്റെ മുറിയിലെ ഹീറ്ററില്‍ കല്‍ക്കരി കത്തിച്ച് പുക സൃഷ്ടിച്ച ശേഷം അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചത്.
ഇതിനുമുമ്പ്, കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലവ് കുമാര്‍ ഭാര്യയ്ക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, ഓഹരി വിപണിയിലെ നഷ്ടത്തില്‍ ഇയാള്‍ വളരെയധികം ദുഃഖിതനായിരുന്നു. മാത്രമല്ല സ്ഥിരം മദ്യപാനിയായിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യയും കുട്ടികളും താമസം മാറിയിരുന്നു.
National
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിൽ വൻനാശംവിതച്ച മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര് മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഇവരെക്കുറിച്ച് ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി.
നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള്‍ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്‍ഷം കഴിഞ്ഞു മാത്രമേ സാധാരണ മരിച്ചതായി പ്രഖ്യാപിക്കാറുളളു. എന്നാൽ, ഏഴു വര്‍ഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്ട്രേഷന് നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.
ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നാണ് മന്ത്രാലയം അറിയിച്ചത്. ബന്ധുക്കളുടെ കൂടി അഭ്യർഥനയിലാണ് നടപടി. ഇതോടെ ധരാളിയിലെ പ്രളയത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കാന്‍ അര്‍ഹരാവും.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വീണ്ടും മേഘവിസ്ഫോടനം. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. തപോവൻ മേഖലയിൽ നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായതായാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ട്.
സഹസ്ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ചരിത്രപ്രസിദ്ധമായ തപ്കേശ്വർ മഹാദേവ് ക്ഷേത്രത്തിന്റെ പരിസരം വെള്ളത്തിനടിയിലായി. ഋഷികേശ് മേഖലയിൽ ചന്ദ്രഭാഗ നദി കരകവിയുകയാണ്. പുഴയിൽ കുടുങ്ങിയ മൂന്നുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡെറാഡൂണിൽ 12-ാംക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡെറാഡൂൺ, ചമ്പാവത്, ബാഗേശ്വർ, നൈനിറ്റാൾ എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിലും മേഘസ്ഫോടനത്തിലും ആറു പേർ മരിച്ചു. 11 പേരെ കാണാതായി.
മണ്ണിടിച്ചിലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. ചമോലി, രുദ്രപ്രയാഗ്, തെഹ്രി, ബാഗേശ്വർ ജില്ലകളിലാണ് ദുരന്തമുണ്ടായത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
National
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.
ഉത്തരകാശിയിലെ അപകട സ്ഥലത്തു നിന്നും നാല് കിലോമീറ്റർ അകലെയാണ് സംഘാംഗങ്ങൾ ഉള്ളത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറുമായി സംസാരിച്ചെന്ന് കേരള സമാജം ഭാരവാഹികൾ അറിയിച്ചു.
ഇതിൽ എട്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
യാത്രാസംഘം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
ടൂര്‍ പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില്‍ നിന്നും പോയ നാരായണന് നായര്‍, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍.
ഇതിനിടെ, ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി സൈനികനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. 288 മീഡിയം റെജിമെന്റിലെ സൈനികനായ കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ശ്രീകാന്തിനെ ഫോണ്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി ശ്രീകാന്ത് പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു.
Kerala
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളെയും കാണാതായതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.
ഇതിൽ എട്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ടൂര്‍ പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില്‍ നിന്നും പോയ നാരായണന് നായര്‍, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്.
യാത്രാസംഘം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ സംഘാംഗങ്ങൾ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്.
ഇതിനിടെ, ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി സൈനികനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. 288 മീഡിയം റെജിമെന്റിലെ സൈനികനായ കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ശ്രീകാന്തിനെ ഫോണ്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി ശ്രീകാന്ത് പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു.