അപകടമുണ്ടായ തുരങ്കം
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് അപകടം. വിഷ്ണുഗഢ്-പിപ്പല്കോടി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തുരങ്കമാണ് തകർന്നുവീണത്. അപകടത്തെ തുടർന്ന് ആറ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 16 പേരെ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ഏഴോടെയാണ് അപകടത്തിന് കാരണമായ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് അവശിഷ്ടങ്ങളും വെള്ളവും മൂന്ന് കിലോമീറ്റര്‍ നീളമുള്ള ടണലിനുള്ളിലേക്ക് കയറുകയായിരുന്നു.
അപകടസമയം 22 തൊഴിലാളികള്‍ തുരങ്കത്തിനുള്ളിലുണ്ടായിരുന്നു. സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
Tags : Accident Uttarakhand Tunnel Deepika DeepikaNewspaper NewsUpdate Headlines