ഋഷഭ് പന്ത്, പുഷ്കര്‍ സിംഗ് ധാമി
കൊളംബോ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനൊപ്പം ശ്രീലങ്കന്‍ പര്യടനത്തിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് ഒരു വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുന്നു.
അതാകട്ടെ, കൊളംബോയില്‍നിന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് സോഷ്യല്‍ മീഡിയവഴിയും! ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയെ ടാഗ് ചെയ്തും അദ്ദേഹത്തെ അഭിസംബോധന ചെയ്തുമാണ് ഋഷഭ് പന്തിന്റെ കുറിപ്പ്.
"ഹലോ സര്, സുഖമെന്നു വിശ്വസിക്കുന്നു. എന്നിക്ക് ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലേക്കു പൂര്‍ണമായി മാറാന്‍ ആഗ്രഹമുണ്ട്. അതിനായി ഒരു സ്ഥലം അന്വേഷിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍, താമസിക്കാന്‍ അനുയോജ്യമായതും വിശാലവുമായ ഒന്നും കണ്ടെത്താനായില്ല.
എനിക്ക് ഉത്തരാഖണ്ഡിനെ അത്രയേറെ ഇഷ്ടമാണ്. ഭൂമി വാങ്ങുന്ന കാര്യത്തില്‍ എന്നെ സഹായിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
കാരണം, നിലവില്‍ ഭൂമിയുടെ രേഖകളിലെ വ്യക്തതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. കൂടാതെ, സംസ്ഥാനത്തിന്റെ വക്താവായി പ്രവര്‍ത്തിച്ചപ്പോള്‍ ലഭിക്കേണ്ടിയിരുന്ന ഭൂമി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റെല്ലാം മാറ്റിവച്ച്, എന്റെ നാടായ ഉത്തരാഖണ്ഡിന്റെ വികസനത്തിന് സഹായിക്കാനും എന്റെ പഹാഡി ജനതയ്ക്കൊപ്പം ജീവിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.
ദയവായി ഈ വിഷയം പരിഗണിക്കണം; കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും ഭൂമി ലഭിച്ചിട്ടില്ല, താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു''- ഋഷഭ് പന്ത് കുറിച്ചു.
തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ മറുപടിയെത്തി. ഋഷഭ് പന്തുമായി ആശയവിനിമയം നടത്താന്‍ ഉദ്യോസ്ഥരെ ചുമതലപ്പെടുത്തിയതായും പുഷ്കര്‍ സിംഗ് ധാമി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
Tags : Uttarakhand RishabhPant PushkarSinghDhami Place Sports