Sports
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫ് പോരാട്ടം ആവേശകരമാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. മുംബൈ ഇന്ത്യൻസിനെ ഏഴ് പന്ത് ബാക്കിവച്ച് നാല് വിക്കറ്റിന് കെകെആർ കീഴടക്കി. സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 147/8. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ 148/6.
കോൽക്കത്തയുടെ ജയത്തോടെ പ്ലേ ഓഫ് രംഗത്തുള്ള ടീമുകളുടെ എണ്ണം അഞ്ചായി. ഇതിനോടകം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനുവേണ്ടിയാണ് അഞ്ച് ടീമുകൾ രംഗത്തുള്ളത്.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 54 എന്ന നിലയിൽനിന്ന് കെകെആറിനെ ജയത്തിലെത്തിച്ചത് മനീഷ് പാണ്ഡെ (33 പന്തിൽ 45), റോവ്മാൻ പവൽ (30 പന്തിൽ 40) എന്നിവരുടെ പോരാട്ടമായിരുന്നു.
ടോസ് നേടിയ കോൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തു. ജയിച്ചാൽ പ്ലേ ഓഫ് സാധ്യത സജീവമാക്കാം എന്ന അവസ്ഥയിൽ ഇറങ്ങിയ കോൽക്കത്തയ്ക്കുവേണ്ടി കാമറൂൺ ഗ്രീൻ പന്തുകൊണ്ട് മികച്ച തുടക്കം നൽകി.
മുംബൈ ഇന്ത്യൻസ് ഓപ്പണർ റയാൻ റിക്കൽടനെയും (6) മൂന്നാം നന്പറായെത്തിയ നമാൻ ധിറിനെയും (0) കാമറൂൺ ഗ്രീൻ മടക്കി. രോഹിത് ശർമ (15), സൂര്യകുമാർ യാദവ് (15) എന്നിവരെ സൗരഭ് ദുബെയും പുറത്താക്കിയതോടെ മുംബൈ ഇന്ത്യൻസ് 5.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 41 റൺസ്.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് മുംബൈയെ കരകയറ്റുന്നതിനിടെ മഴ മത്സരം മുടക്കി. എട്ട് ഓവറിൽ 57/4 എന്നതായിരുന്നു മുംബൈയുടെ അപ്പോഴത്തെ സ്കോർ.
Sports
തായ്ലന്ഡ്: തായ്ലന്ഡ് ഓപ്പണ്‍ 2026 ബാഡ്മിന്റണ്‍ ഇന്ത്യയുടെ പി.വി. സിന്ധു, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ പതിനാറാം റൗണ്ടിൽ കടന്നു. നിരാശ പകർന്ന് ആയുഷ് പുറത്തായി.
സിന്ധു ചൈനീസ് തായ്പേയിയുടെ തുങ് സിയോ ടോങ്ങിനെ 21-9, 21-12 സ്കോറിന് പരാജയപ്പെടുത്തി. മാളവിക ബൻസോഡും ദേവിക സിഹാബും ജയം നേടി.
പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ സിംഗപ്പൂരിന്റെ ജിയ ഹെങ് ജേസണ്‍ തെഹിനെയും ശ്രീകാന്ത് സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനെയും പരാജയപ്പെടുത്തി.
Kerala
ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയ്ക്ക് തകർപ്പൻ ജയം. 23377 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തല വിജയിച്ചത്. 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി.
എതിർ സ്ഥാനാർഥികളായ ടി.ടി.ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി. സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഹരിപ്പാട് യുഡിഎഫിനൊപ്പം നിന്നിരുന്നു.
കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് 72,768 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഐ സ്ഥാനാർഥിയായ അഡ്വ. ആർ. സജിലാൽ 59,102 വോട്ടുകളും നേടി.
എൻഡിഎ സ്ഥാനാർഥിയായ കെ. സോമൻ 17,890 വോട്ടുകൾ നേടി. അന്ന് 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ നിയമസഭയിൽ എത്തിയത്.
Kerala
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണിലെ ആദ്യ ഹോം ജയം മോഹിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങും.
ജംഷഡ്പുര്‍ എഫ്സിയാണ് ഇന്നത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ എതിരാളി. ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ചിനാണ് മത്സരം.
എട്ട് മത്സരങ്ങളില്‍നിന്ന് നാല് ജയവും മൂന്നു സമനിലയും ഉള്‍പ്പെടെ 15 പോയിന്റുള്ള ജംഷഡ്പുര്‍ എഫ്സി ടേബിളില്‍ നാലാം സ്ഥാനത്താണ്. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഒമ്പത് മത്സരങ്ങളില്‍നിന്ന് ഒരു ജയവും രണ്ട് സമനിലയും നല്കിയ അഞ്ച് പോയിന്റ് മാത്രമാണുള്ളത്.
നിലവില്‍ 13-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. കളിച്ച ഏഴ് മത്സരങ്ങളിലും പരാജയപ്പെട്ട് തരംതാഴ്ത്തല്‍ പട്ടികയിലുള്ള മുഹമ്മദന്‍ എസ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്നിലുള്ള ഏക ടീം.
ആഷ്ലി വെസ്റ്റ്വുഡ്
ഇംഗ്ലീഷ് പരിശീലകന് ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ചുമതലയില്‍ എത്തിയശേഷമുള്ള നാലാം മത്സരമാണ് ഇന്നത്തേത്. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍നിന്നായി നാല് പോയിന്റ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.
ഇതില്‍ ഏറ്റവും ശ്രദ്ധേയം ബംഗളൂരു എഫ്സിക്ക് എതിരായ എവേ ജയമായിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കുന്നത്.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ 2-1ന്റെ ജയം നേടിയെങ്കിലും സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ പുറത്ത്.
ആദ്യപാദത്തില്‍ 2-0ന്റെ ജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ്, ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെ സെമിയിലെത്തി. ലാമിന് യമാല്‍ (4), ഫെറാന്‍ ടോറസ് (24) എന്നിവരാണ് രണ്ടാംപാദത്തില്‍ ബാഴ്സയ്ക്കായി വല കുലുക്കിയത്. അഡെമോള ലുക്ക്മാനായിരുന്നു (31) അത്ലറ്റിക്കോയുടെ ഗോള്‍ നേട്ടക്കാരന്‍.
സെമിയില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികള്‍. പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിംഗിനെയാണ് ആഴ്സണല്‍ എഫ്സി ക്വാര്‍ട്ടറില്‍ കീഴടക്കിയത്.
ലണ്ടനില്‍ നടന്ന രണ്ടാംപാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ആദ്യപാദത്തിലെ 1-0ന്റെ ജയമാണ് ഗണ്ണേഴ്സിനു സെമി ടിക്കറ്റ് നല്‍കിയത്.
Sports
മുംബൈ: ക്വിന്റണ്‍ ഡികോക്കിന്റെ (112 നോട്ടൗട്ട്) സെഞ്ചുറിക്ക് ക്വിന്റൽ തിരിച്ചടിയുമായി പഞ്ചാബ് കിംഗ്സ്.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് ബലഹീനത വീണ്ടും വെളിപ്പെട്ടപ്പോൾ പഞ്ചാബ് കിംഗ്സ് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. 19-ാം സീസണ് ഐപിഎല്ലിൽ ഇതുവരെ തോൽവി വഴങ്ങാത്ത ഏക ടീമാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ്.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195. പഞ്ചാബ് 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198.
196 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി ഓപ്പണർ പ്രഭ്സിമ്രൻ സിംഗ് 39 പന്തിൽ രണ്ട് സിക്സും 11 ഫോറും അടക്കം 80 റണ്‍സ് നേടി പുറത്താകാതെ നിന്ന് ടോപ് സ്കോററായി.
ശ്രേയസ് അയ്യർ 35 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 66 റണ്‍സ് സ്വന്തമാക്കി. ജയത്തോടെ പഞ്ചാബ് ലീഗ് ടേബിളിന്റെ തലപ്പത്തെത്തി. മുംബൈയുടെ ജസ്പ്രീത് ബുംറ (40410), ദീപക് ചഹർ (3.30450), ഹാർദിക് പാണ്ഡ്യ (30390), ഷാർദുൾ ഠാക്കൂർ (30421) എന്നിവരെല്ലാം മടിയില്ലാതെ റണ്‍ വഴങ്ങി.
ക്വിന്റൺ സെഞ്ചുറി
ഐപിഎൽ 19-ാം സീസണിലെ രണ്ടാം സെഞ്ചുറിക്കാരൻ എന്ന നേട്ടം മുംബൈ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡിക്കോക്കിനു സ്വന്തം. പഞ്ചാബ് കിംഗ്സിന് എതിരേ ഓപ്പണറായി ക്രീസിലെത്തിയ ഡികോക്ക് 60 പന്തിൽ ഏഴ് സിക്സും എട്ട് ഫോറും അടക്കം 112 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമയുടെ അഭാവത്തിലാണ് ഡികോക്ക് ഓപ്പണറായത്.
റയാൽ റിക്കൽടൺ (2), സൂര്യകുമാർ യാദവ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി അർഷദീപ് സിംഗ് പഞ്ചാബിന് മികച്ച തുടക്കം നൽകി. എന്നാൽ, നമാൻ ധിറും (31 പന്തിൽ 50) ഡികോക്കും ചേര്‍്ന്ന് രണ്ടാം വിക്കറ്റിൽ 122 റൺസ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി. എന്നാൽ, പിന്നീട് എത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (14), ഷെർഫെയ്ൻ റൂഥർഫോർഡ് (1), തിലക് വർമ (8) എന്നിവർ നിരാശപ്പെടുത്തി. പഞ്ചാബിനായി അർഷദീപ് സിംഗ് നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
Kerala
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും മന്ത്രിയായേക്കില്ലെന്ന് മന്ത്രി ജി.ആര്. അനില്‍. പാര്‍ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണ്. മന്ത്രിയായിരിക്കുന്നതും സാധാരണ ജനപ്രതിനിധിയായിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന് തിരിച്ചറിഞ്ഞയാളാണ് താനെന്നും മന്തി പറഞ്ഞു.
തിരുവന്തപുരം പ്രസ് ക്ലബ് നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അനില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കായി നിംസ് ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ്, സെക്രട്ടറി പി.ആര്. പ്രവീണ്‍, നിംസ് മെഡിസിറ്റിയിലെ ഡോ.എം ഷഹബാസ് സൈലു, പിആര്‍ഒ സരിന് എന്നിവര്‍ സംസാരിച്ചു.
Sports
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ആദ്യപാദ ക്വാര്‍ട്ടറില്‍ ജയം. ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ അരങ്ങേറിയ മത്സരത്തില്‍ പിഎസ്ജി 2-0ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സിയെ തോല്‍പ്പിച്ചു.
ഇരുപാദങ്ങളിലുമായി ആയിരുന്നു രണ്ട് ഗോള്‍. കഴിഞ്ഞ സീസണിലെ നോക്കൗട്ട് ഘട്ടത്തില്‍ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെട്ടതിന്റെ കണക്കും പിഎസ്ജി വീട്ടി.
10-ാം മിനിറ്റില്‍ പിഎസ്ജിയുടെ ഡെസിരെ ഡൗവിന്റെ ഗോള്‍ ശ്രമം പരാജയപ്പെട്ടതോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ ഡൗ ലിവര്‍പൂളിന്റെ വലകുലുക്കി. ഡൗവിന്റെ വലംകാല് ഷോട്ട് ലിവര്‍പൂള്‍ ഗോള്‍വലയില്‍ വിശ്രമിച്ചു.
65-ാം മിനിറ്റില്‍ പിഎസ്ജി ലീഡ് ഉയര്‍ത്തി. ജാവൊ നെവെസിന്റെ അസിസ്റ്റില്‍ ഖ്വിച ക്വാരത്സ്ഖേലിയയായിരുന്നു പിഎസ്ജിക്കായി ലക്ഷ്യംനേടിയത്.
സലയെ കളിപ്പിച്ചില്ല
ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയെ കോച്ച് അര്‍നെ സ്ലോട്ട് സൈഡ് ബെഞ്ചില്‍ ഇരുത്തിയതും ശ്രദ്ധേയം. ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, രണ്ടാംപാദത്തിനായി സലയുടെ ഊര്‍ജം കാത്തുവച്ചതാണെന്നായിരുന്നു സ്ലോട്ടിന്റെ മറുപടി.
Sports
മാഡ്രിഡ്/ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ലീഡേഴ്സായ ആഴ്സണല്‍ എഫ്സിക്കും ജയം.
എഫ്സി ബയേണ്‍ മ്യൂണിക്ക്, സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെയാണ് കീഴടക്കിയത്. മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ അരങ്ങേറിയ മത്സരത്തില്‍ 2-1ന് ആയിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ ജയം.
ഡിയസ്, കെയ്ന്‍
ഒമ്പതാം മിനിറ്റില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍ മുഖത്ത് ഹാരി കെയ്നും ദയോട്ട് ഉപമെകാനോയും ചേര്‍ന്ന് ഭീതിപടര്‍ത്തി. കെയ്ന്റെ ക്രോസില്‍ ഉപമെകാനോ തൊടുത്ത ഷോട്ട് റയല്‍ മാഡ്രിഡിന്റെ കാരേറസ് ഗോള്‍ലൈന്‍ രക്ഷപ്പെടുത്തലിലൂടെ തടഞ്ഞു. 28-ാം മിനിറ്റില്‍ ബയേണിന്റെ സെര്‍ജ് ഗ്നാബ്രിയുടെ പോയിന്റ് ബ്ലാങ്ക് ഷോട്ട് റയല്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രി ലുനിന് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ കിലിയന്‍ എംബപ്പെയിലൂടെ റയല്‍ മാഡ്രിഡിന്റെ ആക്രമണം. 32-ാം മിനിറ്റില്‍ ബയേണിന്റെ ജോഷ്വ ഹിമ്മിച്ചിന്റെ ഗോള്‍ ഷോട്ടും ലക്ഷ്യം കണ്ടില്ല.
ബയേണിന്റെ ഇടവിടാതെയുള്ള ആക്രമണം 41-ാം മിനിറ്റില്‍ ലക്ഷ്യംകണ്ടു. ഗ്നാബ്രിയുടെ അസിസ്റ്റില്‍ ബയേണിന്റെ ലൂയിസ് ഡിയസ് ബോക്സിന്റെ മധ്യഭാഗത്തുനിന്നു തൊടുത്ത ഷോട്ട് റയല്‍ മാഡ്രിഡിന്റെ വലയില്‍. 1-0ന് ബയേണ്‍ മുന്നില്‍.
ബയേണ്‍ മ്യൂണിക്ക് ലീഡ് ഉയര്‍ത്തുന്നതു കണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. 46-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് ഗോള്‍ വലയുടെ വലത് താഴേത്തട്ടില്‍ വിശ്രമിച്ചു. മൈക്കല്‍ ഒലിസിന്റെ അസിസ്റ്റിലായിരുന്നു ഹാരി കെയ്ന്റെ ഗോള്‍. സീസണില്‍ ഹാരി കെയ്ന്റെ 49-ാം ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ 11-ാമത്തെയും.
ഗോള്‍ മടക്കാനുള്ള റയല്‍ മാഡ്രിഡിന്റെ ശ്രമം 74-ാം മിനിറ്റില്‍ ഫലം കണ്ടു. ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസില്‍നിന്ന് കിലിയന്‍ എംബപ്പെ മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ നേടി.
മത്സരം പൂര്‍ണമായി ബയേണിന്റെ നിയന്ത്രണത്തിലായിരുന്നു. മത്സരത്തില്‍ 52 ശതമാനം പന്ത് നിയന്ത്രിച്ചത് ജര്‍മന്‍ സംഘം. എന്നാല്‍, ഗോള്‍ ഷോട്ടില്‍ (9-8) റയല്‍ മാഡ്രിഡ് മുന്നിട്ടുനിന്നു. ആക്രമണത്തിന്റെ തോത് അളക്കുന്ന കോര്‍ണര്‍ കിക്കില്‍ (11-8) ബയേണിനായിരുന്നു മുന്‍തൂക്കം.
സേവിംഗില്‍ മികച്ച പ്രകടനം (9-5) ബയേണിന്റെതായിരുന്നു. ഗോള്‍ വലയ്ക്കു മുന്നില്‍ മാനുവല്‍ നോയര്‍ റയല്‍ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂണിയറിന്റെയും എംബപ്പെയുടെയും ഗോള്‍ ശ്രമങ്ങള്‍ക്കു തടയിട്ടു.
Kerala
കൊച്ചി: ഡോണള്‍ഡ് ട്രംപിന് സ്വയം വിറ്റയാളാണ് നരേന്ദ്ര മോദിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
എപ്സ്റ്റീന് ഫയലിനെക്കുറിച്ച് പാര്‍ലമെന്റില്‍ താന്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി ഓടിയൊളിക്കുകയാണ്. അദാനിക്കെതിരേ ട്രംപ് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ലക്ഷ്യം വയ്ക്കുന്നത് നരേന്ദ്ര മോദിയെയാണ്. അതുകൊണ്ട് ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടും, കിടക്കാന്‍ പറഞ്ഞാല്‍ കിടക്കും.
ട്രംപിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നോക്കിനില്ക്കുന്ന മോദിയെപ്പോലെയാണ് കേരളത്തില്‍ പിണറായി വിജയന്. മോദിക്കുവേണ്ടി എന്തു ചെയ്യണമെന്നു നോക്കിയിരിക്കുകയാണ് അദ്ദേഹം. തന്റെ കുട്ടികളെ സംരക്ഷിക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. ഏത് അച്ഛനാണ് സ്വന്തം കുട്ടികളെ സംരക്ഷിക്കാത്തത്?
എന്നാല്‍, രാജ്യത്തെ തീവ്ര വലതുപക്ഷത്തിന്റെ സംരക്ഷണമാണ് അദ്ദേഹം തേടുന്നത്. ഇതാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും. മുഖ്യമന്ത്രിയുടെ കഴിഞ്ഞകാല പ്രവൃത്തികള്‍ കാരണം ദുരിതം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
District News
ആലപ്പുഴ: ഖേലോ ഇന്ത്യ അസ്മിത ബാസ്കറ്റ്ബോൾ ഗേൾസ് അണ്ടർ 14 ലീഗ് 2025-26ൽ എറണാകുളം സെന്റ് തെരേസാസ് സ്കൂൾ, ആലപ്പുഴ ലോർഡ്സ് ക്ലബ്, ആലപ്പുഴ ജ്യോതിനികേതൻ സ്കൂൾ എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് 5000, 3000, 2000 വീതം കാഷ് പ്രൈസും ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ നടന്ന മത്സരം പ്രിൻസിപ്പാൾ സെൻ കല്ലുപുര ഉദ്ഘാടനം ചെയ്തു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. കെബിഎ സെക്രട്ടറി പി.സി. ആന്റണി, കോ-ഓർഡിനേറ്റർ കെ. വിനീഷ്, എഡിബിഎ പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, കോച്ചുമാരായ സുഭാഷ്, ബിനു, ഷഹബാസ്, നൗഷാദ്, വിഷ്ണു, പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
ഭാരത സർക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴിൽ വനിതാ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ഒരു സംരംഭമാണ് അസ്മിത (അച്ചീവിംഗ് സ്പോർട്സ് മൈൽസ്റ്റോൺ ബൈ ഇൻസ്പൈറിങ് വിമൻ ത്രൂ ആക്ഷൻ). മുൻപ് ഖേലോ ഇന്ത്യ വുമൺസ് ലീഗ് എന്ന് അറിയപ്പെട്ടിരുന്ന ഈ പദ്ധതി 2023-ലാണ് അസ്മിത എന്ന പേരിൽ പുനർനാമകരണം ചെയ്തത്
Kerala
പാലക്കാട്: ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ സിപിഎമ്മിൽ പുറത്തുവന്ന മുൻ എംഎൽഎ പി.കെ. ശശി യുഡിഎഫിന്റെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാകുന്നു. ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒറ്റപ്പാലത്തെ ബ്ലോക്ക് കോൺഗ്രസ് ആസ്ഥാനത്താണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ശശിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
‘ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശിയെ വിജയിപ്പിക്കുക' എന്നാണ് പോസ്റ്ററുകളിലെ അഭ്യർഥന. ചിഹ്നം എന്താണെന്ന് പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടില്ല. സിപിഎമ്മിലെ കലാപത്തിന് പിന്നാലെ യുഡിഎഫ് പാളയത്തിലേക്ക് ശശി എത്തുന്നത് പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
Sports
ഷാങ്ഹായ്: 2026 സീസണിലെ രണ്ടാം എഫ് വണ്‍ പോരാട്ടമായ ചൈനീസ് ഗ്രാൻഡ്പ്രീയിൽ മെഴ്സിഡസിന്റെ ഇറ്റാലിയൻ ഡ്രൈവറായ ആന്ദ്രേ കിമി അന്റോനെല്ലിക്കു ജയം. 56 ലാപ്പുള്ള ചൈനീസ് ഗ്രാൻപ്രീയിൽ കിമി അന്റോനെല്ലി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവറായ ജോർജ് റസലിനാണ് രണ്ടാം സ്ഥാനം. ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടണ് മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
2026 സീസണിൽ മെഴ്സിഡസിന്റെ തുടർച്ചയായ രണ്ടാം ഒന്നാം സ്ഥാന ഫിനിഷിംഗ് ആണ്. സീസണിലെ ആദ്യ എഫ് വണ്‍ പോരാട്ടമായ ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ മെഴ്സിഡസിന്റെ ജോർജ് റസലായിരുന്നു ഒന്നാം സ്ഥാനത്ത്. കിമി അന്റോനെല്ലി രണ്ടാം സ്ഥാനത്തായിരുന്നു. നിലവിലെ ചാന്പ്യന്മാരായ മക് ലാരന്റെ ഓസ്കർ പിയാസ്ട്രി, ലൻഡോ നോറിസ് എന്നിവർ അയോഗ്യരാക്കപ്പെട്ടു.
മത്സരങ്ങൾ റദ്ദാക്കി
പശ്ചിമേഷ്യൻ യുദ്ധ ഭീഷണിയെ തുടർന്ന് ബഹ്റൈനിലെയും സൗദി അറേബ്യയിലെയും ഫോർമുല വണ്‍ മത്സരങ്ങൾ റദ്ദാക്കിയതായി മോട്ടോർസ്പോർട്ടിന്റെ ഗവേണിംഗ് ബോഡിയായ എഫ്ഐഎ പ്രഖ്യാപിച്ചു. ഈ സീസണിലെ നാലാമത് ഗ്രാൻഡ് പ്രിക്സ് ഏപ്രിൽ 10, 12 തീയതികളിൽ ബഹ്റൈനിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിന് ഒരാഴ്ച കഴിഞ്ഞാണ് സൗദിയിൽ മത്സരം നടക്കേണ്ടിയിരുന്നത്.
നവംബറിലേക്ക് മാറ്റിവച്ചു
അടുത്ത മാസം നടത്താനിരുന്ന ഖത്തർ ഗ്രാൻഡ് പ്രിക്സ് നവംബറിലേക്ക് മാറ്റിവച്ചതായി മോട്ടോജിപിയും അറിയിച്ചു.2026ലെ ചാന്പ്യൻഷിപ്പിന്റെ നാലാം റൗണ്ട് ഏപ്രിൽ 10 മുതൽ 12 വരെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. അത് നവംബർ എട്ടിലേക്ക് പുനഃക്രമീകരിച്ചതായി സംഘാടകർ അറിയിച്ചു.
Kerala
പൂങ്കുന്നം: കേരളത്തിൽ യുഡിഎഫ് കുറഞ്ഞതു നൂറു സീറ്റ് നേടുമെന്നും അതിൽ തർക്കമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. 2012 മുതൽ വട്ടിയൂർക്കാവിലെ വോട്ടറാണു ഞാൻ. എൻഡിഎയും എൽഡിഎഫും ഒറ്റക്കെട്ടായി തോൽപ്പിക്കാൻ പദ്ധതിയിട്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും എതിരാളികളെ മോശമായി കണ്ടിട്ടില്ല. കെ. സുധാകരന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെ അനുഗ്രഹംതേടി മുരളീമന്ദിരത്തിൽ എത്തിയതായിരുന്നു മുരളീധരൻ. കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപത്തിൽ മുരളീധരൻ പുഷ്പാർച്ചന നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനർ ടി.വി. ചന്ദ്രമോഹൻ, കെ.വി. ദാസൻ, സജീവൻ കുരിയച്ചിറ, കോർപറേഷൻ കൗണ്‍സിലർ ലാലി ജെയിംസ്, ടി.എ. ഹംസ എന്നിവരും മുരളിക്കൊപ്പമുണ്ടായിരുന്നു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. മത്സരത്തിന്റെ ആദ്യ 25 മിനിറ്റിനുള്ളിൽതന്നെ ആകെ പിറന്ന മൂന്നു ഗോളുകളും വന്നപ്പോൾ 2-1ന് മാഞ്ചസ്റ്റർ സിറ്റി ജയം നേടി. നിക്കോ റീല്ലിയുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് ജയമൊരുക്കിയത്.
14-ാം മിനിറ്റിൽ നിക്കോ റീല്ലി മത്സരത്തിലെ ആദ്യ ഗോൾ നേടി. 22-ാം മിനിറ്റിൽ ലെവിസ് ഹാൾ ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ നിക്കോ റീല്ലി രണ്ടാം ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റിക്ക് 2-1ന്റെ ലീഡ് സമ്മാനിച്ചു.
തുടർന്ന് ഇരു ടീമും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 27 മത്സരത്തിൽനിന്ന് 56 പോയിന്റാണ് സിറ്റിക്കുള്ളത്. 58 പോയിന്റുമായി ആഴ്സണലാണ് ഒന്നാമത്.
മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ 0-2ന് ബ്രൈറ്റണ് ഹോവ് ആൽവിൻ പരാജയപ്പെടുത്തി. ഓസ്റ്റണ്‍ വില്ല- ലീഡ്സ് യുണൈറ്റഡ് മത്സരവും ചെൽസി- ബേണ്‍ലി മത്സരവും 1-1 സമനിലയിൽ അവസാനിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡ്- എഎഫ്സി ബേണ്‍മൗത്ത് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു
Sports
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ ഇന്റര്‍ മിലാന് കുതിപ്പു തുടരുന്നു. അഞ്ച് ഗോള്‍ പിറന്ന ഇറ്റാലിയന്‍ ഡെര്‍ബിയില്‍ ഇന്റര്‍ മിലാന് 3-2ന് യുവന്റസിനെ കീഴടക്കി. 42-ാം മിനിറ്റ് മുതല്‍ യുവന്റസ് പത്തു പേരിലേക്കു ചുരുങ്ങിയിരുന്നു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി, ലിവര്‍പൂള്‍ എഫ്സി ടീമുകള്‍ക്കു ജയം.
സിറ്റി ഹോം മത്സരത്തില്‍ 3-0ന് ഫുള്‍ഹാമിനെ തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ 1-0ന് സണ്ടര്‍ലന്‍ഡിനെ മറികടന്നു.
അന്റോയിന്‍ സെനെന്യൊ (24), നിക്കൊ ഒറില്ലി (30), എര്‍ലിംഗ് ഹാലണ്ട് (39) എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കായി വലകുലുക്കിയത്. 61-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്ക് നേടിയ ഗോളിന് ലിവര്‍പൂള്‍ സണ്ടര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.
ആസ്റ്റണ്‍ വില്ല 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചു. 26 മത്സരങ്ങളില്‍നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ആഴ്സണലാണ് (56) ഒന്നാമത്. ലിവര്‍പൂള്‍ 42 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്.
Kerala
പത്തനംതിട്ട: ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ പച്ചമുളക് ചെടിയെന്ന വിശേഷണത്തോടെ കല്ലൂപ്പാറ കടമാന്‍കുളം മേട്ടിന്‍പുറത്ത് ജയിംസ് ഏബ്രഹാമിന് ഗിന്നസ് റിക്കാര്‍ഡ്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പും സര്‍ട്ടിഫിക്കറ്റും കഴിഞ്ഞ ദിവസം ജയിംസിനു ലഭിച്ചു.
വീട്ടുവളപ്പില്‍ നട്ടുപരിപാലിച്ച പച്ചമുളക് ചെടി വളര്‍ന്ന് അഞ്ചര മീറ്റര്‍ (18.1 അടി) ഉയരത്തില്‍ റിക്കാര്‍ഡില്‍ എത്തുകയായിരുന്നു. 1999-ല്‍ യുഎസിലെ കാലി ഫോര്‍ണിയയില്‍ ലോറ ലിയാങ്ങിന്റെ പേരില്‍ 16 അടി ഉയരമുള്ള പച്ചമുളക് ചെടിയുടെ റിക്കാര്‍ഡ് മറികടന്നാണ് ജയിംസിന്റെ നേട്ടം.
കഴിഞ്ഞ ജൂണില്‍ ജയിംസ് മല്ലപ്പള്ളി ചന്തയില്‍നിന്ന് വാങ്ങി വീട്ടുവളപ്പില്‍ നട്ട പച്ചമുളക് തൈകളിലൊന്നിന് അസാധാരണ വളര്‍ച്ച ശ്രദ്ധയില്‍ പെട്ടതോടെ പ്രത്യേക പരിചരണം നല്കി. ഒടിഞ്ഞു പോകാതെ കയറുകെട്ടി വീടിന്റെ ബീമില്‍ പടര്‍ത്തി. അതും മതിയാകാതെ വന്നതോടെ ബീമില്‍ വലിയ മുളങ്കാല് കെട്ടി അതില്‍ കയറ്റി.
ചെടിയുടെ അസാധാരണ വളര്‍ച്ച അറിഞ്ഞു കാണാനെത്തിയ സുഹൃത്തുക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗിന്നസ് റിക്കാര്‍ഡിനായി അപേക്ഷിച്ചു. ഇതേ തുടര്‍ന്ന് കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ അന്താരാഷ്ട്ര ജൂറി സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തി.
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും തലവനുമായ ഡോ. സി.പി. റോബര്‍ട്ട്, സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റുകളായ ഡോ. വിനോദ് മാത്യു, ഡോ. റിന്‍സി കെ. ഏബ്രഹാം, കൃഷി ഓഫീസര്‍ എ. പ്രവീണ എന്നിവരുടെ സാന്നിധ്യത്തില്‍ അളവും ഇനവും തിട്ടപ്പെടുത്തിയിരുന്നു.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിനും എഫ്സി ബാഴ്സലോണയ്ക്കും ജയം. ലാമിന് യമാല്‍ (6), ഫെറാന്‍ ടോറസ് (40), മാര്‍കസ് റാഷ്ഫോഡ് (72) എന്നിവര്‍ ഗോള്‍നേടിയ മത്സരത്തില്‍ ബാഴ്സലോണ 3-1ന് എല്‍ചെയെ തോല്‍പ്പിച്ചു. അതേസമയം, ഇഞ്ചുറി ടൈമില്‍ കിലിയന്‍ എംബപ്പെയുടെ (90+10) പെനാല്‍റ്റി ഗോളിലൂടെയായിരുന്നു റയലിന്റെ ജയം. വിനീഷ്യസ് ജൂണിയര്‍ (15) ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് റയല്‍ സോസിഡാഡിനെയാണ് തോല്‍പ്പിച്ചത്.
22 മത്സരങ്ങളില്‍നിന്ന് 55 പോയിന്റുമായി ബാഴ്സലോണ ഒന്നാമതും 21 മത്സരങ്ങളില്‍നിന്ന് 51 പോയിന്റുമായി റയല്‍ രണ്ടാമതും തുടരുന്നു.
Kerala
തിരുവനന്തപുരം: ആത്മവിശ്വാസം നല്ലതാണ്. ചിലപ്പോഴൊക്കെ അത് അദ്ഭുതപ്പെടുത്തുന്ന തരത്തിലാകും. ലോക്സഭാ തെരഞ്ഞെടുപ്പു തോറ്റെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന് ഇടതുപക്ഷത്തിനു നല്ല ആത്മവിശ്വാസമായിരുന്നു. അതിനു മുന്‍പുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ജയിച്ചു കയറിയ അനുഭവം അവർക്കു മുന്പിലുണ്ട്. അതുകഴിഞ്ഞു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റപ്പോഴും ആത്മവിശ്വാസത്തിനു തെല്ലും കുറവു വന്നില്ല. പിന്നാലെ തദ്ദേശതെരഞ്ഞെടുപ്പിൽ പാടേ അടിപതറിയപ്പോൾ ഇടതുപക്ഷക്കാർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നു പലരും കരുതി. എന്നാൽ അങ്ങനെ കരുതിയവർക്കു തെറ്റിപ്പോയെന്ന് ഇന്നലെ നിയമസഭയിൽ ഭരണപക്ഷാംഗങ്ങളുടെ പ്രകടനം കണ്ടവർക്കു ബോധ്യമായി.
പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചതിനാൽ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇന്നലെ ഭരണപക്ഷക്കാർ മാത്രമേ പങ്കെടുത്തുള്ളൂ. അതുകൊണ്ടുതന്നെ പ്രസംഗിച്ചവർക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്തു പറഞ്ഞാലും ചോദ്യം ചെയ്യാൻ ആരുമില്ല. അതുകൊണ്ടു തന്നെ ഭരണപക്ഷക്കാർ എല്ലാവരും നല്ല ഫോമിലായിരുന്നു. അവരെല്ലാവരും പ്രസംഗം അവസാനിപ്പിച്ചതു മൂന്നാം ഇടതുസർക്കാർ എന്ന സ്വപ്നം പങ്കുവച്ചു കൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമൊന്നും തങ്ങളെ തെല്ലും ബാധിച്ചിട്ടില്ലെന്ന് അവർ തെളിയിച്ചു.
മൂന്നാം പിണറായി സർക്കാർ എന്നല്ല, ഇടതു സർക്കാർ എന്നാണ് പ്രസംഗിച്ചവരെല്ലാം പറഞ്ഞത്. ഇടതുവിജയം ഉറപ്പിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ടായിരുന്നു. അതു നവകേരളം മുതൽ അതിദാരിദ്ര്യനിർമാർജനം വരെയും ഭവനപദ്ധതികൾ മുതൽ പട്ടയവിതരണം വരെയും നീളുന്ന കാരണങ്ങളായിരുന്നു.
യുഡിഎഫ് വന്നാലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു ഐ.ബി. സതീഷ്. ഉമ്മൻ ചാണ്ടിയുടെ കാലത്തെ അഞ്ചാം മന്ത്രി വിവാദവും താക്കോൽ സ്ഥാനവിവാദവും ആന്റണി സർക്കാരിന്റെ കാലത്തെ വിവാദങ്ങളുമെല്ലാം അക്കാലങ്ങളിൽ ഭരണസ്തംഭനത്തിനു കാരണമായിട്ടുണ്ടെന്ന് സതീഷ് ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന്റെ വികസന മുന്നേറ്റത്തെ മായ്ച്ചു കളയാൻ പ്രതിപക്ഷം അപകടകരമായ രീതിയിൽ വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നു എന്നായിരുന്നു കെ.എൻ. സച്ചിൻദേവിന്റെ വിമർശനം.
എൻ.കെ. അക്ബർ കുറച്ചുകൂടി താത്വികമായ ഒരു അവലോകനം നടത്തി. ലോകമുതലാളിത്തത്തിനു ബദലുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് നമ്മുടെ കൊച്ചുകേരളം. ഇതിനെ മുതലാളിത്ത ലോകം ഭയപ്പെടുന്നു. അതു തകർക്കണമെന്നു പരസ്യമായി പറയാൻ പറ്റില്ല. അതിനു മത തീവ്രവാദ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. കൂടാതെ സമീപകാലത്ത് കേരളത്തിൽ ന്യൂനപക്ഷങ്ങളിൽനിന്ന് ഇടതുപക്ഷത്തേക്ക് ഒഴുക്കാണത്രെ. ഇതു തടയാൻ മുഖ്യമന്ത്രിയെ ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടത്തുകയാണ്. കാറിൽ കയറ്റി എന്നൊക്കെ പറഞ്ഞു മുഖ്യമന്ത്രിയെ ന്യൂനപക്ഷവിരുദ്ധനാക്കാൻ നോക്കുകയാണ്. ഇതുകൊണ്ടൊന്നും മൂന്നാം ഇടതുസർക്കാരിനു തടയിടാൻ സാധിക്കില്ലെന്ന കാര്യത്തിൽ അക്ബറിനും സംശയമില്ല.
ശബരിമല സ്വർണക്കൊള്ളയോട് സോണിയാഗാന്ധിയുടെ പേരു കൂട്ടിക്കെട്ടാനായിരുന്നു പി.പി. ചിത്തരഞ്ജന്റെ ശ്രമം. പുനർജനിയിൽ വി.ഡി. സതീശനു നേരെ ചോദ്യങ്ങൾ തൊടുത്തു വിടുകയായിരുന്നു വി. ജോയി. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ പ്രതിനിധിയായി നിയമസഭയിൽ പ്രസംഗിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മാത്യു ടി. തോമസ് മറച്ചുവച്ചില്ല.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ടു നിയമസഭാംഗങ്ങൾ സഭയ്ക്കു പുറത്തു സത്യഗ്രഹം ആരംഭിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിൽ പ്രഖ്യാപിച്ചു. എന്നാൽ നടപടികളുമായി സഹകരിക്കുമെന്നും പറഞ്ഞു. സമരക്കാരെ സഭാകവാടത്തിൽ കുടിയിരുത്തിയ ശേഷം പ്രതിപക്ഷം സഭയിൽ മടങ്ങിയെത്തി ചോദ്യോത്തരവേളയിൽ സഹകരിച്ചു.
ശൂന്യവേളയിൽ പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ കോണ്ഗ്രകാരെ മർദിച്ച വിഷയത്തിൽ സഭ നിർത്തി വച്ചുള്ള ചർച്ചയ്ക്ക് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. അതിലൂടെ പയ്യന്നൂരിലെ രക്തസാക്ഷി സഹായ ഫണ്ട് വെട്ടിപ്പ് ആരോപണത്തിലേക്കു കടക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്ലാൻ. എന്നാൽ നോട്ടീസ് സഭയിൽ പരിഗണിക്കാൻ പോലും സ്പീക്കർ എ.എൻ. ഷംസീർ അനുവദിച്ചില്ല. അതോടെ പ്രതിപക്ഷം ‘നിൽക്കണോ പോകണോ’ എന്ന ആശയക്കുഴപ്പത്തിലായതു പോലെ തോന്നിച്ചു. ഏതായാലും അവർ സഭ ബഹിഷ്കരിച്ചു പ്രതിഷേധം അറിയിച്ചു.
International
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ പ്രവർത്തിക്കുന്ന യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം ഇന്ത്യൻ വംശജൻ വരുൺ വെങ്കട്ടരമണിക്ക്.
പോൾ ഏർലിക് -ലുഡ്വിഗ് ദറംസ്റ്റേട്ടർ എന്ന പേരിലുള്ള അവാർഡ് മാർച്ച് 14നു സമ്മാനിക്കും. 60,000 യൂറോയുടേതാണു പുരസ്കാരം.
കാൻസർ ന്യൂറോസയൻസ് ഗവേഷണമാണ് വെങ്കട്ടരമണിയെ അവാർഡിന് അർഹനാക്കിയത്.
Sports
കണ്ണൂർ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്സ് ബിആർസി വിദ്യാർഥികൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ബഡ്സ് ഒളിമ്പിയ കിരീടം പത്തനംതിട്ടയ്ക്ക്. ആവേശകരമായ പോരാട്ടത്തിൽ കൊല്ലവും കണ്ണുരും ഉയർത്തിയ വെല്ലുവിളിയെ അവസാന ലാപ്പിൽ മറികടന്നാണു പത്തനംതിട്ട ചാന്പ്യൻമാരായത്.
കണ്ണൂർ പോലീസ് പരേഡ് സിന്തറ്റിക് ഗ്രൗണ്ടിൽ രണ്ടുദിവസങ്ങളിലായി നടന്ന മത്സരത്തിൽ 71 പോയിന്റാണ് പത്തനംതിട്ട നേടിയത്. 52പോയിന്റുമായി കൊല്ലവും 48 പോയിന്റുമായി കണ്ണൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂണിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ശ്രീനന്ദനും തിരുവനന്തപുരത്തെ ആദിത്യയും ജൂണിയർ വിഭാഗത്തിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഉഫൈസും പത്തനംതിട്ടയുടെ അമൃതയും സീനിയർ വിഭാഗത്തിൽ കോട്ടയത്തിന്റെ ശ്രീരാജും പത്തനംതിട്ടയുടെ ഗൗരി കൃഷ്ണയും വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം സ്വദേശിയായ ജെ. അഭിലാലിനെ വേഗമേറിയ ഓട്ടക്കാരനായി തെരഞ്ഞെടുത്തു. സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ലോംഗ്ജംപിൽ മികവിന്റെ ഉയരം
കണ്ണൂർ: സംസ്ഥാന ബഡ്സ് ഒളിമ്പിയ കായിക മത്സരത്തിൽ ശ്രദ്ധേയനായി എട്ടിക്കുളം സ്വദേശി ടി.പി. വിജേഷ്. രാമന്തളി പ്രതീക്ഷ ബഡ്സ് സ്കൂളിലെ വിദ്യാർഥിയായ വിജേഷ് ലോംഗ് ജംപിൽ 4.86 മീറ്റർ താണ്ടിയാണ് ഒന്നാംസ്ഥാനം നേടിയത്.
ഓട്ടം, റിലേ മത്സരങ്ങളിലും പങ്കെടുത്തു. കായികശേഷിയും ആത്മവിശ്വാസവും ഒരുപോലെ പ്രകടിപ്പിച്ചായിരുന്നു വിജേഷിന്റെ മുന്നേറ്റം. ജില്ലാ മത്സരത്തിൽ ബെസ്റ്റ് പെർഫോമർ അംഗീകാരവും വിജേഷിന് ലഭിച്ചു.
ചിത്രരചന, സംഘനൃത്തം, ഒപ്പന തുടങ്ങിയ മത്സരങ്ങളിലും വിജേഷ് സജീവ സാന്നിധ്യമാണ്. കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണയാണ് വിജേഷിന്റെ നേട്ടങ്ങൾക്കു പിന്നിൽ. അമ്മ ടി. ചന്ദ്രികയും സഹോദരി ജ്യോതിയും പ്രോത്സാഹനം നല്കി കൂടെയുണ്ട്.
Business
ന്യൂഡൽഹി: സോണി ബിബിസി എർത്ത് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരമായ ‘എർത്ത് ഇൻ ഫോക്കസി’ൽ മലയാളിയായ പ്രതാപ് പത്രയ്ക്കു വിജയം.
‘ഷേഡ്സ് ഓഫ് ലൈഫ്’എന്ന ആവേശകരമായ പ്രമേയത്തെ കേന്ദ്രീകരിച്ചുള്ള എർത്ത് ഇൻ ഫോക്കസിന്റെ അഞ്ചാം പതിപ്പിൽ പ്രതാപുൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ ഫോട്ടോഗ്രാഫർമാരാണ് വിജയികളായത്.
എല്ലാ വിഭാഗങ്ങളിലുമായി 3000ത്തിലധികം എൻട്രികൾ ലഭിച്ച മത്സരത്തിൽ പ്രശസ്ത വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറും അധ്യാപകനുമായ സുധീർ ശിവറാമാണു വിധി നിർണയിച്ചത്.
മത്സരത്തിൽ വിജയികളായവർക്ക് ഗോപ്രോ ഹീറോ 13 സമ്മാനങ്ങളായി ലഭിച്ചു. കൂടാതെ സോണി ബിബിസി എർത്ത് ചാനലിൽ അവരുടെ സൃഷ്ടികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു.
National
ജൽന: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർക്കു ജൽന കോർപറേഷനിൽ വിജയം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രീകാന്ത് ബിജെപിയിലെ റാവുസാഹെബ് ധോബ്ലെയെ ആണ് പരാജയപ്പെടുത്തിയത്.
ശ്രീകാന്തിന് 2661 വോട്ടും ധോബ്ലെയ്ക്ക് 2477 വോട്ടും കിട്ടി. ശിവസേന ഒഴികെയുള്ള പാർട്ടികൾ ശ്രീകാന്തിനെതിരേ മത്സരിച്ചിരുന്നു. 2001 മുതൽ 2006 വരെ അവിഭക്ത ശിവസേനയുടെ കൗൺസിലറായിരുന്നു ശ്രീകാന്ത് പൻഗാർക്കർ.
Sports
മെഡല്‍ വരുമെന്ന ശുഭപ്രതീക്ഷയില്‍ കേരളത്തില്‍നിന്നുള്ള സര്‍വകലാശാല ടീമുകള്‍ ഇന്നലെ ശുഭരാത്രിനേര്‍ന്നു... 85-ാമത് ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിലെ സര്‍വകലാശാലകള്‍ക്കു മെഡല്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍, വിവിധ ഇനങ്ങളിലായി മികച്ച സമയവും ദൂരവും കുറിച്ച് മലയാളിതാരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ട്രാക്കും ഫീല്‍ഡും വിട്ടത്. ഇന്നു മീറ്റിലെ വേഗക്കാരെ നിര്‍ണായിക്കുന്ന 100 മീറ്റര്‍ പോരാട്ടത്തിലടക്കം കേരളത്തിലേക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.
വനിതകളുടെ 100 മീറ്ററില്‍ എംജി കോട്ടയത്തിന്റെ എന്‍. ശ്രീന 11.87 സെക്കന്‍ഡില്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ എത്തിയതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ശ്രീനയുടേത്. അതേസമയം, പുരുഷ വിഭാഗത്തില്‍ മലയാളി താരങ്ങള്‍ക്ക് സെമിയിലേക്കു മുന്നേറാനായില്ല.
വനിതകളുടെ ട്രിപ്പിള്‍ജംപില്‍ എംജിയുടെ അലീന ടി. ഷാജി ഫൈനലില്‍ ഇടംനേടി. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (12.50 മീറ്റര്‍) കുറിച്ചാണ് അലീനയുടെ ഫൈനല്‍ പ്രവേശം. എംജിയുടെ ജാനിസ് ട്രീസ റെജിയും (12.10) ഫൈനല്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് ഫൈനല്‍.
പുരുഷ വിഭാഗം ഹൈജംപില്‍ കാലിക്കട്ടിന്റെ പാര്‍ഥിവ് വിനോദ് (2.05), ബി. ബിജോയ് (2.05), എംജിയുടെ കെ.എസ്. ഷാല്ബിന് (2.05) എന്നിവര്‍ ഫൈനലിലേക്കു മുന്നേറിയിട്ടുണ്ട്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കലിക്കട്ടിന്റെ ഡെല്‍ന ഫിലിപ്പ്, വനിതാ ഡിസ്കസ് ത്രോയില്‍ അഖില രാജു എന്നിവരും മെഡല്‍ പ്രതീക്ഷയോടെ ഫൈനലില്‍ ഇറങ്ങും. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (48.03 മീറ്റര്‍) കുറിച്ചാണ് അഖില രാജു ഫൈനലിലേക്കു മുന്നേറിയത്. കലിക്കറ്റിന്റെ സി.പി. തൗഫീറയും ഫൈനലിലേക്കു മുന്നേറി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇ ഹരീശ്വറും ഫൈനലിലെത്തി. 800 മീറ്ററില്‍ കേരളതാരങ്ങള്ക്കു നിരാശയായിരുന്നു ബാക്കിയായത്.
ഗൗരവ്, നിർമല
85-ാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സ് മീറ്റിലെ ആദ്യ സ്വര്‍ണം ബറേലി മഹാത്മാ ജ്യോതിബ ഫൂലെ രോഹില്‍ഖണ്ഡ് സര്‍വകലാശാലയിലെ ഗൗരവ് (29:19.46 സെക്കന്‍ഡ്) സ്വന്തമാക്കി. മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഗൗരവിന്റെ സുവര്ണഫിനിഷിംഗ്. റോത്തക്ക് മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയുടെ ആകാശ് (29:19.91) വെള്ളിയും റായ്ച്ചൂര്‍ എഎസ്എംവി സര്‍വകലാശാലയുടെ പ്രിന്സിറായ് യാദവ് (29:21.40) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തിലൂടെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മാംഗളൂര് യൂണിവേഴ്സിറ്റി ആദ്യ സ്വര്‍ണമണിഞ്ഞു.
34:47.20 സെക്കന്‍ഡില്‍ മാംഗളൂര് സര്‍വകലാശാലയുടെ നിര്‍മല ഒന്നാമതായി ഫിനിഷ് ചെയ്തു. അവസാന ലാപ്പിലെ ഉജ്വല കുതിപ്പിലൂടെയായിരുന്നു നിര്‍മലയുടെ സുവര്‍ണനേട്ടം. സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ ഗയക്ക്വാദ് രവീണ വിജയ് വെള്ളിയും (34:48.07), ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയുടെ അഞ്ജലി ദേവി വെങ്കലവും (34:49.54) നേടി.
ഇന്ന് 12 ഫൈനല്‍
വര്‍ണാഭമായ ചടങ്ങുകളോടെ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം നടന്നു. കര്‍ണാടകയുടെ കലാവിരുന്നൊരുക്കിയ പരിപാടികള്ക്കൊപ്പമായിരുന്നു മാര്‍ച്ച് പാസ്റ്റ്. 305 സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
മീറ്റിലെ അതിവേഗക്കാരെ നിര്‍ണയിക്കുന്ന പുരുഷ-വനിതാ വിഭാഗം 100 മീറ്റര്‍ അടക്കം 12 ഫൈനലുകള്‍ ഇന്നു നടക്കും. പുരുഷ-വനിതാ 400 മീറ്റര്‍, 800 മീറ്റര്‍, വനിതകളുടെ ട്രിപ്പിള്‍ജംപ്, ഡിസ്കസ്ത്രോ, പുരുഷന്മാരുടെ ഹൈജംപ്, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലെ മെഡല്‍ ജേതാക്കളെയും ഇന്നറിയാം.
Sports
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ ഗോളടിമേളം. മിഷേല്‍ ഒലിസ് (50, 76) ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ബയേണ്‍ 8-1ന് വൂള്‍വ്സ്ബര്‍ഗിനെ തകര്‍ത്തു.
കിലിയന്‍ ഫിഷര്‍, ലൂയിസ് ഡിയസ്, റാഫേല്‍ ഗ്വെറേറൊ, ഹാരി കെയ്ന്‍, ലിയോണ്‍ ഗോരെറ്റ്സ്ക എന്നിവരും ബയേണിനായി വലകുലുക്കി.
ബുണ്ടസ് ലിഗയില്‍ ഈ സീസണില്‍ ഹാരി കെയ്ന്റെ ഗോള്‍ നേട്ടം 20 ആയി.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണയ്ക്കു ജയം.
റാഫീഞ്ഞ (12, പെനാല്‍റ്റി), ലാമിന് യമാല്‍ (63) എന്നിവരുടെ ഗോളുകളിലൂടെ ബാഴ്സലോണ 2-0ന് വിയ്യാറയലിനെ എവേ പോരാട്ടത്തില്‍ കീഴടക്കി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സലോണ നാലാക്കി ഉയര്‍ത്തി.
18 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സയ്ക്ക് 46ഉം റയല്‍ മാഡ്രിഡിന് 42ഉം പോയിന്റാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്കു ജയം. എവേ പോരാട്ടത്തില്‍ ആഴ്സണല്‍ 1-0ന് എവര്‍ട്ടണെ കീഴടക്കി. വിക്ടര്‍ ഗ്യോകെറെസിന്റെ വകയായിരുന്നു ഗണ്ണേഴ്സിന്റെ ജയം കുറിച്ച ഗോള്‍.
മത്സരം അവസാനിച്ചപ്പോള്‍ ഒമ്പതുപേരായി ചുരുങ്ങിയ ടോട്ടന്‍ഹാമിനെ എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-1നു കീഴടക്കി. അലക്സാണ്ടര്‍ ഇസാക്ക്, ഹ്യൂഹോ എകിടികെ എന്നിവരായിരുന്നു ലിവറിനായി ഗോള്‍ നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റി ഹോം മത്സരത്തില്‍ 3-0ന് വെസ്റ്റ് ഹാമിനെ തകര്‍ത്തു.
ലീഗില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ (39), മാഞ്ചസ്റ്റര്‍ സിറ്റി (37) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Sports
ലണ്ടൻ: മേധാവിത്വം വിടാതെ മാഞ്ചസ്റ്റർ സിറ്റി. എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോൾ മികവിൽ ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സിറ്റി തകർത്തു.
മത്സരത്തിന്റെ 41-ാം മിനിറ്റിലാണ് ഹാലണ്ടിന്റെ കാലിൽനിന്ന് ആദ്യ ഗോൾ പിറന്നത്. 89-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. 69-ാം മിനിറ്റിൽ ഫിൽ ഫോഡെൻ ആണ് സിറ്റിക്കായി സ്കോർ ചെയ്ത രണ്ടാമൻ.
ജയത്തോടെ 16 മത്സരത്തിൽനിന്ന് 11 ജയം, ഒരു സമനില, നാല് തോൽവി സഹിതം 34 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് മാഞ്ചസ്റ്റർ. 36 പോയിന്റുള്ള ആഴ്സണലാണ് പട്ടികയിൽ ഒന്നാമത്.
മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-3ന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല പട്ടകയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് പിന്നിൽ 33 ആണ് ആസ്റ്റണ്‍ വില്ലയുടെ സന്പാദ്യം.
നോട്ടിംഗ്ഹാം ഫോറസ്റ്റ് 3-0ന് ടോട്ടൻഹാം ഹോട്സ്പറിനെയും സുന്ഡർലൻഡ് 1-0ന് ന്യൂകാസ്റ്റിൽ യുണൈറ്റഡിനെയും പരാജയപ്പെടുത്തി.
ബ്രെന്റ്ഫോർഡ്- ലീഡ്സ് യുണൈറ്റഡ് മത്സരം 1-1 സമനിലയിൽ അവസാനിച്ചു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഫുൾഹാമിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസ്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ എഡി എൻകെറ്റിയ ക്രിസ്റ്റൽ പാലസിനെ മുന്നിലെത്തിച്ചു.
38-ാം മിനിറ്റിൽ ഹാരി വിൽസണ്‍ ഫുൾഹാമിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേ 87-ാം മിനിറ്റിൽ മാർക് ഗ്യൂഹി സ്കോർ ചെയ്തതോടെ ക്രിസ്റ്റൽ പാലസ് ജയം സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ ബ്രിഗ്ഹട്ടണ് ഹോവ് ആൽവിൻ 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ സമനിലയിൽ തളച്ചു.
Sports
ദോഹ: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗ് വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ സിമ്രാൻപ്രീത് കൗർ ബ്രാർ സ്വർണം നേടി.
പുരുഷന്മാരുടെ 50 മീറ്റർ 3 പൊസിഷനിൽ വിഭാഗത്തിൽ ഐശ്വര്യ പ്രതാപ് സിംഗ് തോമർ വെള്ളി മെഡൽ നേടി.
സ്വർണ നേട്ടത്തോടെ ദക്ഷിണ കൊറിയൻ താരം യാങ് ജിന്നിന്റെ ജൂണിയർ ലോക റിക്കാർഡിനൊപ്പം സിമ്രാൻപ്രീത് എത്തി. 2024ൽ 41 പോയിന്റ് നേടിയിരുന്നു ഈ ദക്ഷിണ കൊറിയൻ താരം.
അതേസമയം പുരുഷ വിഭാഗത്തിൽ ഐശ്വര്യ പ്രതാപ് സിംഗ് 413.3 സ്കോർ നേടിയാണ് വെള്ളി മെഡല്‍ നേടിയത്. ലോക റിക്കാർഡോടെ 414.2 സ്കോറുമായി ചെക്കിന്റെ ജിരി പ്രിവ്രാറ്റ്സ്ക്കി സ്വർണം നേടി. ചൈനയുടെ ലിയു യുകുൻ 388.9 സ്കോറുമായി വെങ്കലം നേടി.
Sports
മധുര: 2025 എഫ്ഐഎച്ച് ജൂണിയർ പുരുഷ ഹോക്കി ലോകകപ്പ് ചലഞ്ചർ ട്രോഫി സ്വന്തമാക്കി ബംഗ്ലാദേശ്.
ഓസ്ട്രിയയെ 5-4ന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കപ്പുയർത്തിയത്.
ടൂർണമെന്റിലെ ടോപ് സ്കോറർ അമീറുൾ ഇസ്ലാമിന്റെ ഹാട്രിക്കും, ഹൊസിഫ ഹൊസൈൻ, റാകിബുൾ ഹസൻ എന്നിവരുടെ ഗോളുകളാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.
Kerala
ലക്നോ: സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ ഒഡീഷയെ 10 വിക്കറ്റിന് തകർത്ത് കേരളം തുടങ്ങി. വിജയലക്ഷ്യമായ 177 റൺസ് 16.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ കേരളം മറികടന്നു.
60 പന്തിൽ 121 റൺസ് അടിച്ചുകൂട്ടിയ രോഹൻ എസ്. കുന്നുമ്മലിന്റെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 51 റൺസുമായി രോഹന് മികച്ച പിന്തുണ നൽകി.
10 ഫോറും 10 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. 41 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് സഞ്ജു അർധ സെഞ്ചുറി പൂർത്തിയാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് നേടിയത്. ബിപ്ലാബ് സമൻട്രേ (53), സാംപിറ്റ് ബാൽ (40) എന്നിവരാണ് ഒഡീഷ നിരയിൽ തിളങ്ങിയത്. കേരളത്തിനായി നിധീഷ് എം.ഡി നാല് വിക്കറ്റ് വീഴ്ത്തി. ആസിഫ് കെ.എം രണ്ട് വിക്കറ്റുകൾ നേടി.