ഓസ്ലോ: 2026 നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മിന്നും ജയം. അതേസമയം, നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്സന് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു.
ലോക ചാമ്പ്യനായ ഡി. ഗുകേഷ്, ഓപ്പണ്‍ വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയുടെ വിന്‍സെന്റ് കൈമറിനെയാണ് തോല്‍പ്പിച്ചത്. ആദ്യ പോരാട്ടം 144 നീക്കംവരെ നടന്നെങ്കിലും സമനിലയില്‍ കലാശിച്ചു. അതോടെ അര്‍മഗെദ്ദോന്‍ (ടൈബ്രേക്കര്‍) അരങ്ങേറി. ടൈബ്രേക്കറില്‍ 22 നീക്കത്തില്‍ ഗുകേഷ് ജയത്തിലെത്തി.
ആര്. പ്രഗ്നാനന്ദ അമേരിക്കയുടെ വെസ്ലി സൊയെ തോല്‍പ്പിച്ചു. ആദ്യ ഗെയിം 32 നീക്കത്തിനൊടുവില്‍ സമനിലയില്‍ കലാശിച്ചതോടെ ടൈബ്രേക്കര്‍ അരങ്ങേറി. 43 നീക്കത്തിനൊടുവില്‍ പ്രഗ്നാനന്ദ ജയം സ്വന്തമാക്കി. ഫ്രാന്‍സിന്റെ അലിറേസ ഫിറോസ്ജയാണ് മാഗ്നസ് കാള്‍സനെ ആദ്യ റൗണ്ടില്‍ ഞെട്ടിച്ചത്. 38 നീക്കത്തില്‍ അലിറേസ ജയത്തിലെത്തി.
ലോക ചാമ്പ്യനെ കീഴടക്കി
വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ലോക ചാമ്പ്യനായ ചൈനയുടെ ജു വെന്‍ജുനെ അട്ടിമറിച്ചു. 2025 ചെസ് ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖ്, ആദ്യ റൗണ്ടില്‍ 52 നീക്കത്തിനൊടുവില്‍ സമനിലയില്‍ മത്സരം അവസാനിപ്പിച്ചു. തുടര്‍ന്നു നടന്ന ടൈബ്രേക്കറില്‍ 51 നീക്കത്തില്‍ ജയം നേടി. ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവയോട് പരാജയപ്പെട്ടു.
Tags : Gukesh Praggnanandhaa Divya win norway chess championship