ചെന്നൈ: തമിഴ്നാട്ടിൽ 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിക്ക് അനുകൂലമായി ഹൈക്കോടതി വിധി.
തിരുനൽവേലി ജില്ലയിലെ രാധാപുരം മണ്ഡലത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ വിജയിച്ചത് ഡിഎംകെ നേതാവ് എം. അപ്പാവ് ആണെന്ന് മദ്രാസ് ഹൈക്കോടതി പത്തുവർഷത്തിനുശേഷം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ രേഖകളിൽ മാത്രം ഈ കാലഘട്ടത്തിലെ എംഎൽഎയാകാനുള്ള നിയോഗംമാത്രമാണ് മുൻ നിയമസഭാ സ്പീക്കർകൂടിയായ അദ്ദേഹത്തിനു ലഭിക്കുക.
2016 തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാര്‍ഥി ഐ.എസ് ഇന്ബാദുരൈയെ വിജയിയായി പ്രഖ്യാപിച്ച നടപടിയാണ് ജസ്റ്റിസ് ജി. ജയചന്ദ്രന് റദ്ദാക്കിയത്. 2016-21 കാലഘട്ടത്തിലെ എംഎല്‍എയായി ഔദ്യോഗിക രേഖകളില്‍ അപ്പാവുവിന്റെ പേര് ചേർക്കണമെന്ന് ചീഫ് സെക്രട്ടറിക്കു കോടതി നിര്‍ദേശം നല്കി. ഈ കാലഘട്ടത്തില്‍ ഇന്ബാദുരൈക്ക് എംഎല്‍എ എന്ന നിലയില്‍ ലഭിച്ച പ്രതിഫലം അപ്പാവിനു നല്‍കണമെന്നും നിർദേശമുണ്ട്.
49 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇന്‍ബാദുരൈ വിജയിച്ചതായാണു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. എന്നാൽ വോട്ടെണ്ണലില്‍, പ്രത്യേകിച്ചും പോസ്റ്റല്‍ ബാലറ്റുകളുടെ കണക്കെടുപ്പില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി അപ്പാവു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വോട്ടെണ്ണലിന്റെ 19, 20, 21 റൗണ്ടുകളിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് വോട്ടിംഗ് യന്ത്രത്തിലും പോസ്റ്റല്ബാലറ്റിലും വീണ്ടും വോട്ടെണ്ണൽ നടത്താൻ 2019 ല്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരേ ഇന്‍ബാദുരൈ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമയുദ്ധം തുടർന്നതോടെ വീണ്ടും വോട്ടെണ്ണുന്നത് വൈകി.
ഇതിനിടെ 2021ലെ തെരഞ്ഞെടുപ്പിലും എം. അപ്പാവും ഇൻബാദുരൈയും ഏറ്റുമുട്ടി. ഇത്തവണ വിജയം സ്വന്തമാക്കിയ അപ്പാവു സ്പീക്കറാവുകയും ചെയ്തു. നിയമസഭാ കാലാവധി പൂർത്തിയാക്കി വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനിടെയാണ് കേസ് വീണ്ടും കോടതി പരിഗണിച്ചത്.
തര്‍ക്കമുണ്ടായിരുന്ന 203 പോസ്റ്റല്‍ വോട്ടുകള്‍ ഇതോടെ എണ്ണി. 153 വോട്ടുകള്‍ അനുകൂലമായതോടെ 104 വോട്ടുകള്‍ക്ക് അപ്പാവു വിജയിച്ചതായി ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. എഐഎഡിഎംകെയിൽ സജീവമായ ഇന്ബാദുരൈയെ 2025 ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുത്തിരുന്നു.
Tags : Tamil Nadu Assembly Election M. Appavu win Madras High Court