അച്യുതാനന്ദനെ ലക്ഷ്യമിട്ട് സിപിഎം സെക്രട്ടേറിയറ്റ്
Friday, February 1, 2013 11:37 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിയ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അടിയന്തരമായി ചേരുന്നു. തിങ്കളാഴ്ചയാണു യോഗം. പാര്‍ട്ടി ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ച ലാവ്ലിന്‍ വിഷയം വിഎസ് വീണ്ടും ചര്‍ച്ചാ വിഷയമാക്കിയതാണു സെക്രട്ടേറിയറ്റ് യോഗം ഉടന്‍ വിളിക്കാന്‍ സംസ്ഥാന നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.

ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ടു വിഎസ് നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് ഔദ്യോഗികപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതു പൊറുക്കാനാകാത്ത പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിഎസിനെതിരേ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്രനേതൃത്വം തയാറാകാരുതെന്നാണു സംസ്ഥാ നനേതൃത്വം ആഗ്രഹിക്കുന്നത്. ഈ ഗൌരവത്തില്‍ത്തന്നെയായിരിക്കും അച്യുതാനന്ദനെതിരേയുള്ള ചര്‍ച്ച. സെക്രട്ടേറിയറ്റില്‍ അച്യുതാനന്ദനൊപ്പം ശക്തമായി നിലകൊള്ളുന്നവര്‍ കുറവാണ്. പി.കെ. ഗുരുദാസനും എം.സി. ജോസഫൈനുമാണ് സെക്രട്ടേറിയറ്റില്‍ വിഎസിനായി വാദിക്കാറുള്ളത്.

വിഎസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നത് ഇവര്‍ക്കും ബോധ്യമുള്ള സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ഇവര്‍ എന്തു നിലപാടു സ്വീകരിക്കുമെന്നതു ശ്രദ്ധേയമാണ്.

സംസ്ഥാനത്തു വിഎസുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കേണ്െടന്ന നിര്‍ദേശം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ലാവ്ലിന്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്െടന്ന അഭിപ്രായമാണു കേന്ദ്ര നേതൃത്വത്തിനുള്ളത്. ഇക്കാര്യം കേന്ദ്ര കമ്മിറ്റി ഗൌരവമായി ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന നേതൃത്വത്തിനു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്.

എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പിനെ സംബന്ധിച്ചു പിണറായിക്കും കൂട്ടര്‍ക്കും വിശ്വാസമില്ലാത്തതിനാല്‍ വരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കെടുക്കാന്‍ തന്നെയാണ് അവര്‍ തീരുമാനിച്ചിട്ടുള്ളത്. ചര്‍ച്ച എങ്ങനെയായിരിക്കണമെന്നുള്ളതില്‍ മാത്രമാണു ചെറിയ ആശയക്കുഴപ്പം ഔദ്യോഗികപക്ഷ നേതാക്കള്‍ക്കിടയില്‍ ഉള്ളത്.

അച്യുതാനന്ദന്റെ വിവാദ പ്രസ്താവനയ്ക്കെതിരേ തോമസ് ഐസക്കും ജി. സുധാകരനും മാത്രമാണു പരസ്യമായി പ്രതികരിച്ചത്.

തനിക്കെതിരേ ഔദ്യോഗികപക്ഷം ആഞ്ഞടിച്ചാല്‍ തിരിച്ചും പ്രത്യാക്രമണം നടത്താന്‍ തയാറായിത്തന്നെയാകും അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുക.

പി. കരുണാകരന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയതും റിപ്പോര്‍ട്ടിനെതിരേ പാര്‍ട്ടി ഔദ്യോഗിക വിശദീകരണമൊന്നും നല്‍കാത്തതും അദ്ദേഹം ചര്‍ച്ചാ വിഷയമാക്കും. ലാവ്ലിന്‍ വിഷയത്തില്‍ തന്റെ പഴയ നിലപാട് ആവര്‍ത്തിക്കുക മാത്രമേ ചെയ്തുള്ളുവെന്നും അതല്ലാതെ പുതിയ ഒരു വിവാദവും താന്‍ ഉണ്ടാക്കിയിട്ടില്ലെന്നുമുള്ള വിശദീകരണം ഒരുപക്ഷേ അദ്ദേഹം നല്‍കിയേക്കാം. ഇല്ലെങ്കില്‍ വിമര്‍ശനമെല്ലാം കേട്ട് മൌനിയായി സെക്രട്ടേറിയറ്റ് യോഗത്തില്‍ ആദ്യവസാനം പങ്കെടുക്കും. ശേഷം കേന്ദ്ര കമ്മിറ്റിയില്‍ കാണാം എന്ന മട്ടില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.