വിഎച്ച്എസ്ഇ പാഠ്യപദ്ധതി പരിഷ്കരിക്കുന്നു
Tuesday, September 16, 2014 12:22 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശാസ്ത്രലോകത്തെ മാറ്റങ്ങള്‍ക്കനുസരിച്ചു തൊഴിലധിഷ്ടിത വിദ്യാഭ്യാസരംഗത്തും മാറ്റങ്ങള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യക്രമം നടപ്പാക്കാനാണു വിഎച്ച്എസ്ഇ ലക്ഷ്യമിടുന്നത്.

വിഎച്ച്എസ്ഇയില്‍ ഏറെ കാലപ്പഴക്കം ചെന്ന കോഴ്സുകള്‍ പരിഷ്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മികച്ച കോഴ്സുകളില്ലാത്തതും പഠനരീതികളിലെ പാളിച്ചയും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും മൂലം വിഎച്ച്എസ്ഇ പാഠ്യക്രമം തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കു താത്പര്യമില്ലെന്നു വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. വിഎച്ച്എസ്ഇ വിദ്യാഭ്യാസപദ്ധതി നിലവില്‍വന്ന് 30 വര്‍ഷം കഴിഞ്ഞിട്ടും ഈ മേഖലയില്‍ സ്വതന്ത്രമായ ഒരു പാഠ്യക്രമം തയാറാക്കാന്‍ സാധിച്ചിട്ടില്ലെന്നു പ്രഫ. ലബ്ബ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ കാര്യങ്ങള്‍ മുഖവിലയ്ക്കെടുത്താണു സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്കു കടന്നത്. സംസ്ഥാനത്ത് ആകെയുള്ള 389 വിഎച്ച്എസ്ഇ സ്കൂളുകളില്‍ 261 എണ്ണം സര്‍ക്കാര്‍ മേഖലയിലും 128 എണ്ണം എയ്ഡഡ് മേഖലയിലുമാണു പ്രവര്‍ത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.