ആത്മവിശ്വാസത്തിന്റെ പ്രതിഭാസ്പര്‍ശത്തില്‍ ശാസ്ത്രോത്സവം
ആത്മവിശ്വാസത്തിന്റെ പ്രതിഭാസ്പര്‍ശത്തില്‍ ശാസ്ത്രോത്സവം
Friday, November 28, 2014 1:02 AM IST
രഞ്ജിത് ജോണ്‍

തിരൂര്‍: മകളുടെ നേട്ടങ്ങളാണ് മത്സ്യത്തൊഴിലാളിയായ അച്ഛന്റെ സ്വപ്നവും പ്രതീക്ഷകളും. സ്പെഷല്‍ സ്കൂള്‍ വിഭാഗം തത്സമയ മത്സരത്തിലെ പേപ്പര്‍ ക്രാഫ്റ്റ് വിഭാഗത്തില്‍ ബധിരവിഭാഗത്തില്‍ മത്സരിക്കാനെത്തിയ സി.പി.മേരി ലിന്‍ഡയുടെ കലാലോകത്തെ നേട്ടങ്ങള്‍ അച്ഛന്‍ പോളിനും അമ്മ മിനിക്കും സ്വപ്നസാഫല്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ മേരി ആവേശത്തോടെയാണ് വണ്ടി കയറിയത്.

കോട്ടയം നീര്‍പ്പാറ ബധിരവിദ്യാലയത്തിലെ പ്ളസ്ടു വിദ്യാര്‍ഥിയാണ് മേരി ലിന്‍ഡ. നാലുവര്‍ഷമായി സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഒന്നാം സ്ഥാനം ഈ മിടുക്കി സ്വന്തമാക്കുന്നു. പല തരത്തിലുള്ള വര്‍ണക്കടലാസുകളില്‍ കരവിരുതിന്റെ വിസ്മയം തീര്‍ക്കുകയായിരുന്നു മേരി. കേള്‍ക്കാനും സംസാരിക്കാനും പറ്റില്ലെങ്കിലും കലാലോകത്ത് പ്രതിഭയുടെ സ്പര്‍ശമാണ് ഈ മിടുക്കി. കലോത്സവങ്ങളില്‍ സംഘനൃത്തത്തിലും തിരുവാതിരയിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. ആലപ്പുഴ കലവൂര്‍ സ്വദേശിയായ മേരി സ്കൂളിലെ ഹോസ്റ്റലിലാണ് താമസിച്ചുപഠിക്കുന്നത്. ഡിഗ്രിക്ക് ശേഷം കംപ്യൂട്ടര്‍പഠനത്തിനു പോകണമെന്നാണ് മേരിയുടെ ആഗ്രഹമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ സ്മിത പറഞ്ഞു. പെരിന്തല്‍മണ്ണ മാലാപറമ്പ് അസീസി ബധിര സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയായ അക്ഷയിനെയും അച്ഛന്റെ ആഗ്രഹമാണ് മേളയിലെത്തിച്ചത്.

പിതാവ് സുന്ദരനും അമ്മ സിനിക്കും മകന്റെ കലാഭിരുചി ആത്മവിശ്വസം പകരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ അക്ഷയ് ക്ളേമോഡലില്‍ യുപി വിഭാഗത്തിലായിരുന്നു മത്സരിച്ചത്. കൈയിലിരിക്കുന്ന തവളയായിരുന്നു വിഷയം. മൂന്നുമണിക്കൂര്‍കൊണ്ടു മനോഹരമായ കളിമണ്ണ് ശില്‍പമാണ് അക്ഷയ് ഒരുക്കിയത്. പാവകളുടെയും കടലാസ് ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണത്തിലും മിടുക്കനാണ് അക്ഷയ്. അസീസി സ്കൂളിലെ അധ്യാപകനായ ലോഹിയാണ് അക്ഷയിനു പരിശീലനം നല്‍കുന്നത്.

എറണാകുളം സെന്റ് ക്ളെയര്‍ സ്കൂള്‍ ഫോര്‍ ദ ഡെഫിലെ വിദ്യാര്‍ഥിയായ മൃദുലയുടെ പുല്‍പ്പായനിര്‍മാണം കണ്ടിരിക്കാന്‍ നല്ല ചേലായിരുന്നു. ചുറ്റുമുള്ള മത്സരാര്‍ഥികളെയൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലി വേഗത്തില്‍ ചെയ്തുനീര്‍ക്കുന്നതിലായിരുന്നു മൃദുലയുടെ ശ്രദ്ധ. മൃദുലയുടെ അച്ഛനും അമ്മയും സഹോദരിയും ബധിരരാണ്. ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയായ മൃദുല ഡാന്‍സിലും മിടുക്കിയാണെന്ന് സ്കൂളിലെ അധ്യാപികയായ ഷീല പറഞ്ഞു. പ്രവൃത്തിപരിചയ മേളയില്‍ പങ്കെടുത്ത സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ കലാ സ്പോട്സ് മേഖലകളിലും പ്രതിഭ തെളിയിക്കുന്നവരാണ്. കാലിക്കട്ട് എച്ച്എസ്എസ് ബധിരസ്കൂള്‍ വിദ്യാര്‍ഥിയായ സാദിഖലി കോക്നെട്ട്ഷെല്‍ വിഭാഗത്തിലാണ് മത്സരിച്ചത്. ചിരട്ടകള്‍ക്കൊണ്ട് മിനിറ്റുകള്‍കൊണ്ടാണ് വിവിധ ശില്‍പങ്ങളാക്കി മാറ്റിയത്. പ്രവൃത്തിപരിചയവിഭാഗത്തില്‍ മാത്രമല്ല ഷോട്ട്പുട്ട്, ലോംഗ് ജംപ് തുടങ്ങിയ കായികമത്സരങ്ങളിലും സാദിഖ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വ്യക്തിഗതചാമ്പ്യനായ സാദിഖ് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.

സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രവൃത്തിപരിചയ മേളയുടെ വേദിയായ ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിന്റെ മുറ്റം കരകൌശലഉല്‍പ്പന്നങ്ങളുടെ വിസ്മയലോകം തീര്‍ത്തു. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന വിവിധ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുണ്ടായിരുന്നെങ്കിലും കാഴ്ചശക്തിയും കേള്‍വി ശക്തിയും കുറഞ്ഞവരാണ് മത്സരത്തില്‍ ഏറെയും ഉണ്ടായിരുന്നത്.

ക്ളേമോഡലിംഗ്, ത്രെഡ് ഡിസൈനിംഗ് തുടങ്ങിയ മത്സരങ്ങളിലും സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മുന്നിലുണ്ടായിരുന്നു. കുട്ടയും പായയും അടക്കമുള്ള നിര്‍മാണപ്രവൃത്തികളില്‍ അവര്‍ വ്യാപൃതരായി.

ആദ്യദിനം കണ്ണൂര്‍ മുന്നില്‍

വി.എം.ഷൈജിത്ത്

തിരൂര്‍: പുതിയ കണ്െടത്തലുകളും കൌതുകക്കാഴ്ചകളും അവതരിപ്പിച്ച് കുട്ടിശാസ്ത്രപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനം കണ്ണൂര്‍ മുന്നില്‍. ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കണ്ണൂര്‍ മുന്നേറുകയാണ്.

നാല്‍പ്പത്തിയെട്ടാം സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ 96 പോയിന്റാണ് കണ്ണൂരിന്റെ നേട്ടം. 88 പോയിന്റുമായി ആതിഥേയരായ മലപ്പുറം തൊട്ടുപിന്നിലുണ്ട്. 86 പോയിന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 43ഉം യുപി വിഭാഗത്തില്‍ 53ഉം പോയിന്റാണ് കണ്ണൂരിന് ലഭിച്ചത്.

തൊട്ടുപിന്നിലുള്ള മലപ്പുറത്തിന് ഹൈസ്കൂള്‍ വിഭാഗത്തില്‍ 47 പോയിന്റും യുപി വിഭാഗത്തില്‍ 41 പോയിന്റും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 41ഉം യുപി വിഭാഗത്തില്‍ 45 ഉം പോയിന്റാണ് കോഴിക്കോടിന്റെ നേട്ടം. ആലപ്പുഴ (82), പാലക്കാട് 79), കൊല്ലം (78), കാസര്‍ഗോഡ് (78), ഇടുക്കി (78), തിരുവനന്തപുരം (76). കോട്ടയം 72), വയനാട് (71), തൃശൂര്‍ (70), എറണാകുളം (70), പത്തനംതിട്ട (69) എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ പോയിന്റ് നില.

ഗണിതശാസ്ത്രമേളയില്‍ 174 പോയിന്റുമായി കണ്ണൂര്‍ ആണ് മുന്നില്‍. 167 പോയിന്റുള്ള കാസര്‍ഗോഡ് ,166 പോയിന്റുള്ള കോഴിക്കോട് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.ആതിഥേയരായ മലപ്പുറം 158 പോയിന്റുമായി നാലാമതാണ്. പാലക്കാട് (155), തൃശൂര്‍ (143), ഇടുക്കി (138), എറണാകുളം 137), കൊല്ലം (135), ആലപ്പുഴ (132), തിരുവനന്തപുരം (128), പത്തനംതിട്ട (125), വയനാട് (124), കോട്ടയം (111) എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ പോയിന്റ് നില.

തൊഴില്‍ നേടാനും ശാസ്ത്രോത്സവം

തിരൂര്‍: പ്ളസ്ടുവും വൊക്കേഷണല്‍ കോഴ്സും കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കരിയര്‍ഫെസ്റിന് വിദ്യാര്‍ഥികളുടെയും തൊഴില്‍ദാതാക്കളുടെയും മികച്ച പ്രതികരണം.

ശാസ്ത്രോത്സവത്തിന്റെ പ്രധാനവേദിയായ തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൌണ്ടിലൊരുക്കിയ കരിയര്‍ ഫെസ്റില്‍ വിവിധ സ്റാളുകളിലായി 32 സ്ഥാപനങ്ങളാണ് തൊഴില്‍ വാഗ്ദാനവുമായെത്തിയത്. കരിയര്‍ഫെസ്റില്‍ രജിസ്റര്‍ ചെയ്ത 665 വിദ്യാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു.

ഇവരില്‍ 243 പേരെ വിവിധ സ്ഥാപനങ്ങള്‍ ജോലിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷിവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, സ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള, റിലയന്‍സ് ഇന്‍ഷ്വറന്‍സ്, എംഇഎസ് മെഡിക്കല്‍ കോളജ്, ഇഎംഎസ് ആശുപത്രി, അല്‍സലാമ ആശുപത്രി, ഗൃഹോപകരണ നിര്‍മാതാക്കളായ ഇംപെക്സ്, ഹൈക്കണ്‍, വാഹന വിപണന സ്ഥാപനങ്ങളായ എഎം മോട്ടോഴ്സ്, കെവിആര്‍, അക്ബര്‍ അക്കാഡമി തുടങ്ങിയ സ്ഥാപനങ്ങളാണ് കരിയര്‍ ഫെസ്റിനെത്തിയ തൊഴില്‍ ദാതാക്കള്‍.

അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ 80 ശതമാനം പേരും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്ളസ്ടു കഴിഞ്ഞവരാണ്. 2001ല്‍ പ്ളസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ മുതലുള്ളവര്‍ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

അപ്പീല്‍ പ്രവാഹം ദൌര്‍ഭാഗ്യകരമെന്നു മന്ത്രി

തിരൂര്‍: സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കാണുന്ന അപ്പീല്‍പ്രവാഹം അനാരോഗ്യപ്രവണതയാണെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്. തിരൂര്‍ ഗവ.ബോയ്സ് സ്കൂളില്‍ 48-ാം സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിധിനിര്‍ണയത്തില്‍ അപാകതകളുണ്ടാകാമെങ്കിലും അപ്പീലുകളുടെ മേളയാക്കി സംസ്ഥാനകലോത്സവവും ശാസ്ത്രോത്സവവും മാറ്റുന്നത് ശരിയല്ല. വിധികര്‍ത്താക്കള്‍ ഒന്നാംസ്ഥാനം നിര്‍ണയിക്കുന്ന ഫലത്തിനെതിരെ കോടതിയിലേക്ക് പോകുന്നത് നിര്‍ഭാഗ്യകരമാണ്. അതേസമയം, വിധികര്‍ത്താക്കള്‍ പൂര്‍ണമായും നിഷ്പക്ഷമായി പെരുമാറണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അപ്പീലുകള്‍ പെരുകുന്നത് മൂലം സമയക്രമം തെറ്റുന്നതും മേളകളെ ബാധിക്കുന്നു. ഇതു ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രാഭിരുചി പരീക്ഷിക്കപ്പെടുന്ന മേളയില്‍ കുട്ടികളുടെ താത്പര്യവും കഴിവുകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. കുട്ടിശാസ്ത്രജ്ഞന്‍മാരെന്ന പേര് അന്വര്‍ഥമാക്കിയാണ് മേളയിലെ വിദ്യാര്‍ഥികളുടെ പ്രകടനങ്ങള്‍. നൂതനമായ ആശയങ്ങളാണ് ഭാവനയിലും മനസിലും കുട്ടികള്‍ ഒരുക്കുന്നത്. ശാസ്ത്രലോകത്ത് അനന്തമായ സാധ്യതകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുകയാണ്. മികച്ച കണ്ടുപിടിത്തങ്ങളും പ്രോജക്ടുകളും ഒരുക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സഹായിക്കും. ഡിഗ്രി തലത്തിലെ പഠനം കഴിഞ്ഞാല്‍ സംരഭകത്വമേഖലയിലേക്ക് കടക്കാന്‍ ഉതകുന്നു. ശാസ്ത്രോത്സവത്തിലെ വിജയികള്‍ക്കുള്ള 125 പവന്റെ സ്വര്‍ണകപ്പ്, നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ പ്രത്യേകമായ ചടങ്ങ് സംഘടിപ്പിച്ചു കൈമാറുമെന്നും വിദ്യാഭ്യാാസമന്ത്രി പറഞ്ഞു. മാതൃകാകപ്പാണ് നിലവില്‍ നല്‍കുന്നത്. കാനായി കുഞ്ഞിരാമനാണ് സ്വര്‍ണക്കപ്പിന്റെ ശില്‍പി.

തിരൂര്‍ എംഎല്‍എ, സി.മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എംഎല്‍എമാരായ പി.ഉബൈദുള്ള, കെ.എന്‍.എ.ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, എന്‍.ശംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്്റ മമ്പാട്, പി.കെ.കുഞ്ഞു, സലീം കുരുവമ്പലം, ഉമ്മര്‍ അറയ്ക്കല്‍, പി.രാമന്‍കുട്ടി, പൊതുവിദ്യാഭ്യാസഡയറക്ടര്‍ എല്‍,രാജന്‍,, സി.കെ.മോഹനന്‍, വി.കെ.അജിത് കുമാര്‍, കെ.എന്‍.സതീഷ്, ടി.കെ.ജയന്തി, എം.ഡി.മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

ആദ്യദിനം കല്ലുകടി

തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ പരാതികള്‍ക്ക് കുറവില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഭക്ഷണശാലയിലെത്തിയ പലരും ചോറുകിട്ടാതെ മടങ്ങി. ഇലയിട്ട് കറികളും വിളമ്പിയ ശേഷമാണ് ചോറുതീര്‍ന്ന വിവരം അറിഞ്ഞത്. ഒരുമണിക്കൂറോളം കാത്തുനിന്നാണ് പലരും ഭക്ഷണം കഴിച്ചത്. കൂടുതല്‍ പേരും ചോറുകഴിക്കാതെ മടങ്ങി. 5000 പേര്‍ക്കുള്ള ഭക്ഷണമാണ് പ്രധാനവേദിക്ക് സമീപത്തെ ഭക്ഷണശാലയില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഒന്നരയോടെ തന്നെ ഭക്ഷണം കഴിക്കാനെത്തിയത് ഏഴായിരത്തിലേറെ പേരാണെന്ന് സംഘാടകര്‍ പറഞ്ഞു. ഗണിതശാസ്ത്രമേള നടന്ന താനൂര്‍ ദേവധാര്‍ ഗവ. ഹൈസ്കൂളില്‍ ഉച്ചഭക്ഷണം കിട്ടാതെ കുട്ടികള്‍ തളര്‍ന്നുവീണു. വൈകിട്ട് മൂന്നുകഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതിരുന്ന കുട്ടികളാണ് തളര്‍ന്നുവീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.