മുഖപ്രസംഗം: പക്ഷിപ്പനി: ഉന്മൂലനംപോലെ തുടര്‍ജാഗ്രതയും ആവശ്യം
Saturday, November 29, 2014 11:02 PM IST
കേരളത്തിലെ ചില ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി എച്ച്5 എന്‍1 വൈറസ്ബാധ മൂലമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഈ വൈറസ് മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളതാണെന്ന സ്ഥിരീകരണം സ്വാഭാവികമായും ജനങ്ങളില്‍ ആശങ്ക വളരാന്‍ ഇടയാക്കുമെങ്കിലും അതീവ ജാഗ്രതയുണ്െടങ്കില്‍ ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ സാധിക്കും. മുന്‍കരുതലുകളും പ്രതിരോധപ്രവര്‍ത്തനങ്ങളും ഒട്ടും കാലവിളംബം കൂടാതെ കാര്യക്ഷമമായി നടത്തുക എന്നതു മാത്രമാണു പ്രതിവിധി. കോട്ടയം ജില്ലയിലെ അയ്മനം, കുമരകം പ്രദേശങ്ങളിലും പത്തനംതിട്ട ജില്ലയിലെ വേങ്ങലിലും കണ്െടത്തിയ വൈറസ് എച്ച്5എന്‍1 ഇനത്തില്‍പ്പെട്ടതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നു.

പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പായി ചില പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. താറാവു വസന്തപോലെയുള്ള രോഗങ്ങള്‍ സാധാരണമായതിനാലാവാം അതിനെക്കുറിച്ച് ആരും അധികം ഉത്കണ്ഠപ്പെട്ടിട്ടുണ്ടാവില്ല. പിന്നീടു രോഗബാധ വ്യാപകമാവുകയും ആയിരക്കണക്കിനു താറാവുകള്‍ ചത്തൊടുങ്ങുകയും ചെയ്തപ്പോഴാണ് ആശങ്കയുണരുകയും അധികൃതര്‍ സജീവമായി രംഗത്തെത്തുകയും ചെയ്തത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധന രോഗനിര്‍ണയത്തിനു നിദാനമായി. രാജ്യത്ത് ഇത്തരം പരിശോധനകള്‍ക്കുള്ള സൌകര്യങ്ങള്‍ പരിമിതമാണെന്ന വസ്തുത ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷിപ്പനിക്കുള്ള പ്രതിരോധമരുന്ന് ആവശ്യത്തിനു ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്.

എച്ച്5എന്‍1 വൈറസ് കൂടുതലായും ഏഷ്യന്‍ രാജ്യങ്ങളിലാണു കണ്ടുവരുന്നത്. അതില്‍ത്തന്നെ ജനിതക ഘടകങ്ങളിലെ വ്യത്യസ്തതമൂലം വിവിധ ഇനങ്ങളുമുണ്ട്. ഭീതിജനകമായൊരു സാഹചര്യം നിലവിലില്ലെങ്കിലും മുന്‍കരുതലുകളും ജാഗ്രതയും പൂര്‍ണ സംവിധാനങ്ങളോടെ ആവശ്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷിപ്പനി ബാധിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും നശിപ്പിക്കണമെന്നാണു നിര്‍ദേശം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇപ്പോള്‍ പക്ഷിപ്പനി ബാധിച്ചിട്ടുള്ള പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ താറാവ്, കോഴി തുടങ്ങിയ വളര്‍ത്തുപക്ഷികളുണ്ട്. ഇവയെയും നശിപ്പിക്കേണ്ടതുണ്േടാ അതോ ഇവയ്ക്കു പ്രതിരോധമരുന്നുകള്‍ നല്‍കിയാല്‍ മതിയോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകണം.

നഷ്ടപരിഹാരം സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളും പരിഹരിക്കേണ്ടതുണ്ട്. പക്ഷിപ്പനി കണ്െടത്തുന്നതിനു മുമ്പു ചത്ത താറാവുകള്‍ക്കും കോഴികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തടസം നീക്കണം. കേന്ദ്ര മാനദണ്ഡമാണു തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നഷ്ടപരിഹാരവുമൊക്കെ കേന്ദ്ര നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമനുസൃതമായാണു നടപ്പാക്കുന്നതെന്നു മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരത്തുകയുടെ കൂടെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് ഇപ്പോള്‍ കര്‍ഷകര്‍ക്കു നല്‍കുന്നത്. തുക അപര്യാപ്തമാണെങ്കിലും അതു കൈയോടെ ലഭിക്കാനുള്ള നടപടിയുണ്ടാകണം.

പക്ഷിപ്പനി നിയന്ത്രിക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും കേന്ദ്ര മൃഗസംരക്ഷണവകുപ്പ് തയാറാക്കിയിട്ടുള്ള കര്‍മപദ്ധതി അനുസരിച്ചു വേണം പക്ഷികളെ നശിപ്പിക്കാനെന്നു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ സെക്രട്ടറി-ഇന്‍-ചാര്‍ജ് അറിയിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ കാര്യമായ മുന്‍കരുതലുകളൊന്നും കൂടാതെയാണു താറാവുകളെ കൊന്നൊടുക്കുന്നത്. കുട്ടനാട്ടിലും മറ്റു താഴ്ന്ന പ്രദേശങ്ങളിലുമാണു താറാവുവളര്‍ത്തല്‍ വ്യാപകം. ജലജീവിയായതിനാല്‍ വെള്ളത്തിലൂടെ ഈ രോഗം പടരാനുള്ള സാധ്യത പരിഗണിക്കണം. കുട്ടനാട്ടിലെ ജലമലിനീകരണം എക്കാലവും ഗുരുതരമായ പ്രശ്നമാണ്. പക്ഷികളുടെ സ്രവങ്ങള്‍, വിസര്‍ജ്യം, രക്തം എന്നിവയിലൂടെ വൈറസ് പകരാനിടയുണ്െടന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏറെ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്ത നിരവധി പ്രദേശങ്ങള്‍ കുട്ടനാട്ടിലുണ്ട്.

രോഗം ബാധിച്ച പക്ഷികളെയെല്ലാം മൂന്നു ദിവസംകൊണ്ടു കൊന്നൊടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന്റെ പ്രായോഗികതയെക്കുറിച്ചു പലരും സംശയം പ്രകടിപ്പിക്കുന്നു. ഏതെങ്കിലും വിധത്തില്‍ ഉന്മൂലനം നടത്തിയാല്‍ പോരാ, ശാസ്ത്രീയമായിത്തന്നെ അതു നടപ്പാക്കണം. പക്ഷിപ്പനി വൈറസിനെ സമൂലം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. രോഗബാധിത പക്ഷികളെയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നശിപ്പിച്ച ശേഷവും വൈറസ് ഏതെങ്കിലും വിധത്തില്‍ മറ്റു പക്ഷികളിലേക്കോ മനുഷ്യരിലേക്കോ പടരാതിരിക്കാനുള്ള നടപടികള്‍ ജാഗ്രതയോടെ തുടരുകയും വേണം.

പക്ഷിപ്പനിക്കെതിരേയള്ള നടപടികളില്‍ കുറ്റങ്ങളും കുറവുകളും മാത്രം കണ്െടത്തി രാഷ്ട്രീയക്കളി നടത്താന്‍ ആരും തുനിയരുത്. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ അനാവശ്യ നടപടിക്രമങ്ങളിലൂടെ സര്‍ക്കാര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുത്. മാധ്യമശ്രദ്ധ ഏറെ നേടിയ ഈ ദുരന്തം കുട്ടനാട്ടിലെ ഹൌസ്ബോട്ട് മേഖലയെ കുറേ മാസത്തേക്കു പ്രതിസന്ധിയിലാക്കാനിടയുണ്ട്. കുട്ടനാട്ടിലെ ടൂറിസം മേഖലയെത്തന്നെ ഇതു വലിയ തരത്തില്‍ ബാധിക്കാം. രോഗത്തെക്കുറിച്ച് അമിതമായ ഒച്ചപ്പാടുകള്‍ ഒഴിവാക്കുന്നതാണു നന്ന്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാനും ആവശ്യമായ മുന്‍കരുതലുകളെടുക്കാനും സര്‍ക്കാര്‍ അമാന്തിക്കരുത്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ രാഷ്ട്രീയക്കാര്‍ തുനിയുകയുമരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.