കേരള ശാസ്ത്രകോണ്‍ഗ്രസിന് സമാപനം
Friday, January 30, 2015 12:25 AM IST
ആലപ്പുഴ: കേരളത്തിന്റെ ശാസ്ത്രരംഗത്തിന്റെ ഭാവി സുരക്ഷിതമാണെന്ന വിലയിരുത്തലോടെ മൂന്നു ദിവസങ്ങളിലായി പാതിരപ്പള്ളിയില്‍ നടന്നുവന്ന 27-ാം ശാസ്ത്രകോണ്‍ഗ്രസിനു സമാപനം. ശാസ്ത്രജ്ഞരും ശാസ്ത്ര ഗവേഷകരും സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുമടങ്ങുന്ന സമൂഹത്തിന്റെ സജീവ സാന്നിധ്യമായിരുന്നു ശാസ്ത്രകോണ്‍ഗ്രസിലുണ്ടായിരുന്നത്. സ്ത്രീകളുടെ പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്. ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രായോഗികമാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ചു സംസ്ഥാനശാസ്ത്രസാങ്കേതിക കൌണ്‍സില്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചാണ് ശാസ്ത്രകോണ്‍ഗ്രസ് സമാപിക്കുന്നത്.

കാര്‍ഷികശാസ്ത്രം, ആരോഗ്യശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ ശാസ്ത്രം, ജീവശാസ്ത്രം, ബയോടെക്നോളജി, ഭൌതികശാസ്ത്രം, കെമിക്കല്‍ സയന്‍സ്, പരിസ്ഥിതി- വന- വന്യജീവിശാസ്ത്രം, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ശാസ്ത്രകോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തത്.

ശാസ്ത്രകോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു. ശാസ്ത്രകോണ്‍ഗ്രസ് സംഘാടക സമിതി ചെയര്‍പേഴ്സണ്‍ ഡോ. ടെസി തോമസ്, ഡോ. കെ.കെ. രാമചന്ദ്രന്‍, ഡോ. കെ.ആര്‍. ലേഖ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.