തെരുവുനായ ശല്യം: വിശദീകരണം നല്‍കാന്‍ ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം
തെരുവുനായ ശല്യം: വിശദീകരണം നല്‍കാന്‍ ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം
Tuesday, October 6, 2015 12:51 AM IST
കൊച്ചി: ജനങ്ങള്‍ക്കു ശല്യമായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതു സംബന്ധിച്ച് 20നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശി നിര്‍ദേശം നല്‍കി.

കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി ചെയര്‍മാനായി കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാനത്ത് അടുത്തിടെ നായശല്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ മാധ്യമ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ സഹിതമാണ് സംഘടന പരാതി നല്‍കിയത്.

മൃഗപ്രജനന നിയന്ത്രണ നിയമം അനുസരിച്ച് നടപ്പിലാക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ പാലിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും വീഴ്ച വരുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. അലഞ്ഞുതിരിയുന്നവയും മനുഷ്യനു ശല്യമുണ്ടാക്കുന്നവയുമായ നായകളെ വേദനരഹിത മാര്‍ഗത്തിലൂടെ കൊല്ലുന്നതിന് നിയമം അനുശാസിക്കുന്നുണ്െടന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികളിലെല്ലാം ഹൈക്കോടതി തീര്‍പ്പാക്കിയിട്ടുള്ളതാണ്. മനുഷ്യജീവനു തന്നെയാണ് പ്രാധാന്യമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണകാരികളും പേവിഷബാധ ഉള്ളതുമായ നായകളെ കൊല്ലണമെന്നു തന്നെയാണു കോടതി വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനു വിരുദ്ധമായി ഡിജിപി പുറപ്പെടുവിച്ച ഉത്തരവ് തെറ്റായ അര്‍ഥത്തിലുള്ളതാണെന്ന് പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണു വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടത്. ശല്യക്കാരായ നായകളെ അതത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൈകാര്യം ചെയ്യാമെന്നു നിയമം അനുശാസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതി വിധികളില്‍ ഇടപെടാതെ തന്നെ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതു സംബന്ധിച്ച റിപ്പോര്‍ട്ടാണു സമര്‍പ്പിക്കേണ്ടതെന്നു കമ്മീഷന്‍ വ്യക്തമാക്കി.

തൃക്കാക്കര നഗരസഭാ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യത്തിന്റെ അളവു കൂടുതലാണെന്ന പരാതിയില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറോടു വിശദീകരണം സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നട ത്തിയ സിറ്റിംഗില്‍ മൊത്തം 76 പരാതികളാണ് ലഭിച്ചത്. ഇതില്‍ 31 പരാതികള്‍ തീര്‍പ്പാക്കി. മറ്റു ള്ളവ റിപ്പോര്‍ട്ടിനും മറുപടികള്‍ക്കുമായി മാറ്റിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.