ടിഷ്യു എന്‍ജിനിയറിംഗ് രാജ്യാന്തര കോണ്‍ഫറന്‍സ് പുഷ്പഗിരിയില്‍
Thursday, October 8, 2015 12:28 AM IST
പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെയും മഹാത്മാഗാന്ധി സര്‍വകലാശാല നാനോ സെന്ററിന്റെയും സംയുക്താഭിമുക്യത്തില്‍ ദേശീയ, സംസ്ഥാന ഏജന്‍സികളുടെ സാമ്പത്തിക സഹായത്തോടെയുള്ള രാജ്യാന്തര കോണ്‍ഫറന്‍സ് ഒമ്പതിന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് സെനറ്റ് ഹാളില്‍ നടക്കും.

രാവിലെ 9.30ന് അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ഫാ.മാത്യു വടക്കേക്കൂറ്റ് അധ്യക്ഷത വഹിക്കും. ടിഷ്യു എന്‍ജിനിയറിംഗിന്റെ അനന്ത സാധ്യതകളെ ആസ്പദമാക്കിയുള്ള ക്ളാസുകളും പ്രബന്ധങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇംഗ്ളണ്ടിലെ വെസ്റ്മിനിസ്റര്‍ സര്‍വകലാശാല ടിഷ്യു എന്‍ജിനിയറിംഗ് മേധാവി ഡോ.ഇസ്പിതാ റോയി, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞന്‍ ഡോ.പ്രഭ ഡി.നായര്‍, ഡോ.ഹരികൃഷ്ണവര്‍മ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മെഡിക്കല്‍ റിസര്‍ച്ചും നാനോ സയന്‍സും ടിഷ്യു എന്‍ജിനിയറിംഗ് ബന്ധിപ്പിച്ച് നടത്തുന്ന കോണ്‍ഫറന്‍സ് സ്വകാര്യ മേഖലയില്‍ ദേശീയതലത്തില്‍ ആദ്യ സംരംഭമാണെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ഡോ.തോമസ് ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുംനിന്നുമായി 400ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡോ.ബെന്‍ലി ജോര്‍ജും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.