എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
Thursday, June 23, 2016 1:56 PM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. നിയമസഭയിൽ രാവിലെ ഒൻപതിനു ഗവർണർ പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. ഈ വർഷത്തെ ഗവർണറുടെ രണ്ടാമത്തെ നയപ്രഖ്യാപന പ്രസംഗമാണിത്. നേരത്തെ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തു അദ്ദേഹം നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് 14–ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. ജൂലൈ 19 വരെ സമ്മേളനം തുടരും. കണ്ണൂരിൽ ദളിത് പെൺകുട്ടിക്കു നേരെയുണ്ടായ പോലീസ് അതിക്രമവും സംസ്‌ഥാനത്തുടനീളമുള്ള സിപിഎം അക്രമങ്ങളും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും.

27നു മുൻ സ്പീക്കർ ടി.എസ്. ജോണിനു ചരമോപചാരം അർപ്പിക്കും. 28 മുതൽ 30 വരെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി പ്രമേയ ചർച്ച നടക്കും. ഈദുൽ ഫിത്തറുമായി ബന്ധപ്പെട്ടു ജൂലൈ ഒന്നു മുതൽ ഏഴു വരെ നിയമസഭയ്ക്ക് അവധിയായിരിക്കും.

എട്ടിനു രാവിലെ ഒൻപതിനു ബജറ്റും വോട്ട് ഓൺ അക്കൗണ്ടും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. 11 മുതൽ 13 വരെ ബജറ്റിൻമേൽ പൊതുചർച്ച നടക്കും. 14നു വോട്ട് ഓൺ അക്കൗണ്ട് ചർച്ചയും വോട്ടെടുപ്പുമുണ്ടാകും. 15ന് അനൗദ്യോഗിക ബില്ലുകളും 18 നും 19 നും സർക്കാർ കാര്യങ്ങളുമാണു സഭയിലെത്തുക.

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പും സമ്മേളന കാലത്തുണ്ടായേക്കും. സിപിഐയിലെ വി. ശശിയാണ് എൽഡിഎഫിന്റെ ഡെപ്യുട്ടി സ്പീക്കർ സ്‌ഥാനാർഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.