പ്രോലൈഫ് നാഷണൽ കോൺഫറൻസ് സഹൃദയയിൽ നാളെ മുതൽ
Wednesday, November 30, 2016 3:48 PM IST
കൊടകര: ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയും സംയുക്‌തമായി “ലാവിറ്റ’ എന്ന പേരിൽ പ്രോലൈഫ് നാഷണൽ കോൺഫറൻസും എച്ച്എൽഐ ട്രെയിനിംഗും നാളെ മുതൽ നാലുവരെ തീയതികളിൽ സംഘടിപ്പിക്കുന്നു. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ പത്തിനു തോമസ് കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. മൂന്നിന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രഭാഷണം നടത്തും.

അമേരിക്കയിലെ കത്തോലിക്കാ പ്രോലൈഫ് മുന്നേറ്റമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഫാ. ഷെനാൻ ബൊക്കെ, ഡയറക്ടർമാരായ ഡോ. ബ്രയൻ ക്ലോവ്സ്, ഡോ. ലിഗായ അക്കോസ്റ്റ എന്നിവരാണ് മുഖ്യപ്രഭാഷകർ. മനുഷ്യജീവനെ ഗർഭധാരണനിമിഷം മുതൽ സ്വാഭാവികമരണം വരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജീവന്റെ പ്രവാചകരെ വാർത്തെടുക്കുക എന്നതാണ് ഈ കോൺഫറൻസിന്റെ ലക്ഷ്യം.

ലൈംഗികത, വിവാഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള ദൈവികപദ്ധതി ലോകം മുഴുവൻ അറിയിക്കാനുള്ള പ്രോലൈഫറുടെ വിളിയിൽ അവരെ ഉറപ്പിക്കുകയാണ് കോൺഫറൻസിലൂടെ ലക്ഷ്യമാക്കുന്നത്”.

ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോബി പൊഴോലിപ്പറമ്പിൽ അധ്യക്ഷനായിരിക്കും. ഞായറാഴ്ച സമാപനദിനത്തിലെ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനായിരിക്കും. മോൺ. ആന്റോ തച്ചിൽ, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ റവ.ഡോ. ജോജി കല്ലിങ്ങൽ, റവ. ഡോ. നെവിൻ ആട്ടോക്കാരൻ, ഡോ.ഫിന്റോ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചുവരുന്നു.

ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെ ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർമാർ, പ്രോലൈഫ് പ്രവർത്തകർ, കത്തോലിക്കാ ആശുപത്രി മേധാവികൾ, ഡോക്ടർമാർ, നഴ്സുമാർ, ദമ്പതിമാർ, പ്രഫഷണൽ വിദ്യാർഥികൾ തുടങ്ങി അഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക. വെബ്സൈറ്റ്: www. nplc2016.org, ഇ.മെയിൽ: [email protected], ഫോൺ: 0480 – 2880878.

പത്രസമ്മേളനത്തിൽ ഫാ. ജോജി കല്ലിങ്ങൽ, ഡോ. റെജു വർഗീസ്, ഡോ. ജോർജ് ലിയോൺസ്, കെ.എഫ്. ബാബുമാസ്റ്റർ, ഫാ. ജോമി തോട്ട്യാൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.