കെഎസ്ആർടിസിക്കു വായ്പ: ഉപാധികളിൽ തൃപ്തരാകാതെ ബാങ്കുകൾ
കെഎസ്ആർടിസിക്കു വായ്പ: ഉപാധികളിൽ തൃപ്തരാകാതെ ബാങ്കുകൾ
Thursday, December 8, 2016 3:57 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള, പെൻഷൻ വിതരണം ഇനിയും വൈകും. വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളിൽ ബാങ്കുകൾ തൃപ്തരാകാതെ വന്നതോടെയാണ് ശമ്പള, പെൻഷൻ വിതരണം അനിശ്ചിതമായി നീളുന്നത്. സർക്കാ ർ ഗ്യാരന്റി നിൽക്കാമെന്നു ഉറപ്പ് നൽകിയിട്ടും ബാങ്കുകൾ വഴങ്ങിയിട്ടില്ല. ചില ഉപാധികളിൽ ബാങ്കുകൾ തൃപ്തരാണെങ്കിലും പണം നൽകുന്നതിലേക്ക് ചർച്ചകൾ ഇതുവരെ നീണ്ടിട്ടില്ല.

100 കോടി രൂപ വായ്പ ലഭിക്കുന്നതിനായി കാനറ ബാങ്കിനെയും ഫെഡറൽ ബാങ്കിനെയുമാണ് കെഎസ്ആർടിസി കെടിഡിഎഫ്സി വഴി സമീപിച്ചത്. എന്നാൽ, റിസർവ് ബാങ്ക് നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്ത കെടിഡിഎഫ്സിക്കു വായ്പ നൽകാൻ ഇരു ബാങ്കുകളുടെയും ഉന്നതതല യോഗം തയാറായില്ല. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിക്ഷേപമായുള്ള 50 കോടി രൂപ പിൻവലിച്ച് കഴിഞ്ഞ മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ആലോചന യാ ണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം പെൻഷനും ശമ്പളവും മുടങ്ങിയതോടെ വലിയ പ്രക്ഷോഭത്തിലേക്കു നീങ്ങുന്നതിനാണ് കെഎസ്ആർടിസി ജീവനക്കാർ ആലോചിക്കുന്നത്. കെഎസ്ആർടിസി തൊഴിലാളികൾക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും സ്‌ഥിരമായി മുടങ്ങുന്ന സാഹചര്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ –എഐടിയുസി– ആഭിമുഖ്യത്തിൽ ഈ മാസം 22 മുതൽ പണിമുടക്ക് നടത്തും.

പണിമുടക്കിന് മുന്നോടിയായി ഈ മാസം 15 മുതൽ ട്രാൻസ്പോർട്ട് ഭവൻ ഉപരോധിക്കുന്നതിനും യൂണിയൻ ഭാരവാഹി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്നു മുതൽ യൂണിറ്റുകളിൽ പ്രതിഷേധ ധർണകളും നടത്തും. പ്രതിഷേധ പരിപാടികളിൽ ജീനക്കാരുടെ കൂടുതൽ സംഘടനകൾ വരുംനാളുകളിൽ പങ്കുചേരുമെന്നാണു വിവരം.

സ്‌ഥിരമായി പെൻഷനും ശമ്പളവും മുടങ്ങുന്ന വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എഐടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറിയും യൂണിയൻ പ്രസിഡന്റുമായ കെ.പി. രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രിക്കു കത്ത് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.