സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ: 'ഞാന്‍ കണ്ട മനുഷ്യൻ'
Wednesday, August 23, 2017 7:01 AM IST
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന 'ഞാന്‍ കണ്ട മനുഷ്യൻ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നരുടെ ആത്മ സംഘര്‍ഷങ്ങളും, വേദനകളും മനോഹരമായി വരച്ചു കാണിക്കുന്ന ഒന്നാണ് ഒരുപറ്റം യുവാക്കളുടെ ശ്രമഫലമായി വെള്ളിവെളിച്ചം കണ്ട 'ഞാൻ കണ്ട മനുഷ്യൻ'. തൃശൂർ സ്വദേശി അരുണ്‍ പോള്‍സണ്‍ സംവിധാനവും, ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം യൂട്യൂബിൽ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

സിനിമയും ജീവിതവും ഒന്നാണെന്ന് തോന്നുന്ന ഒരു നിമിഷം സിനിമയെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യന്‍റെ ജീവിതത്തിലും ഉണ്ടാകുമെന്നും അതില്‍ നിന്നുമാണ് ഈ ചിത്രത്തിന്‍റെ കഥാതന്തു ഉരുത്തിരിഞ്ഞതെന്നുമുള്ള ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. വികാരങ്ങളുടെ കയറ്റിറക്കങ്ങൾ ഏറെയുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അരുണ്‍ പോള്‍സണ്‍ തന്നെയാണ്.

സിനിമാ മോഹിയായ ഒരു യുവാവ് ഒരു സംവിധായകന്‍റെ അടുത്തെത്തുന്നതും, ആ സംഴിധായകൻ തന്‍റെ സിനിമാ അനുഭവങ്ങളും, പല കാരണങ്ങളാൽ മുടങ്ങിപ്പോയ തന്‍റെ ചിത്രങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സിനിമാ മേഖലയിലെ സംഘടനകളുടെ കാര്യങ്ങളടക്കം ഹ്രസ്വചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

സുബിന്‍ സുകുമാരന്‍, അരുണ്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വരദരാജനാണ് സഹസംവിധായകൻ. സന്ദീപ് മീണാല്ലൂര്‍ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ബ്രെയിന്‍ കട്ട് മീഡിയയാണ് വിതരണത്തിനെത്തിക്കുന്നത്. അരുൺ മുന്‍പ് ഒരുക്കിയ സെറ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍പ്പെടുന്ന ഹ്രസ്വ ചിത്രവും മികച്ച അഭിപ്രായങ്ങള്‍ കരസ്ഥമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.