"ഘൂമർ...' പദ്മാവതിയിലെ മനോഹരഗാനമെത്തി
Thursday, October 26, 2017 2:08 AM IST
ബോളിവുഡ് സൂപ്പർനായിക ദീപിക പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന പുതിയ ചിത്രമായ പദ്മാവതിയിലെ പുതിയ ഗാനമെത്തി. ഘൂമർ എന്നു തുടങ്ങുന്ന മനോഹരഗാനം ദീപിക തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. ശ്രേയ ഘോഷാലും സ്വരൂപ് ഖാനുമാണ് ആലപിച്ചിരിക്കുന്നത്. എ.എം. ടുറാസിന്‍റെയും സ്വരൂപ് ഖാന്‍റെയും വരികൾക്ക് സഞ്ജയ് ലീല ബൻസാലി ഈണം പകർന്നിരിക്കുന്നു. ദീപികയ്ക്കൊപ്പം ഷാഹിദ് കപൂറും ഗാനത്തിലെത്തുന്നു.

തന്‍റെ സിനിമാജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും എന്നാൽ, പൂർണതയുള്ളതുമായ നൃത്തരംഗങ്ങളാണ് ഘൂമറിലേതെന്നാണ് ദീപിക ട്വിറ്ററിൽ കുറിച്ചത്. ചിറ്റോർ രാജകുമാരിയായിരുന്ന പദ്മാവതിയുടെ കഥപറയുന്ന ചരിത്രസിനിമയിൽ അലാവുദീൻ ഖിൽജിയായി രൺവീർ സിംഗാണ് വേഷമിടുന്നത്. അദിതി റാവു, ജിം സർഭ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രകാശ് കപാഡിയയുടേതാണ് തിരക്കഥ. വയാകോം 18 മോഷൻ പിക്ചേഴ്സിന്‍റെയും ബൻസാലി പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തും.

രാംലീല, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങൾക്കു ശേഷം ബൻസാലി-രൺവീർ-ദീപിക കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പദ്മാവതി.