താരമായി പർപ്പിൾ പാഷൻഫ്രൂട്ട്
താരമായി പർപ്പിൾ പാഷൻഫ്രൂട്ട്
Wednesday, December 14, 2016 7:00 AM IST
സ്വർണനിറത്തിലെ ഗോൾഡൻ പാഷൻഫ്രൂട്ടിനെ വെല്ലാൻ പർപ്പിൾ വർണത്തിലെ മനോഹരമായ പാഷൻ ഫ്രൂട്ട്. പർപ്പിൾ പാഷൻഫ്രൂട്ട് എന്ന ഇനത്തെ മുൻകാലങ്ങളിൽ കേരളത്തിൽ കണികാണാൻ പ്രയാസമായിരുന്നെങ്കിലും ഇന്നവസ്‌ഥമാറി. പർപ്പിൾ പാഷൻ ഫ്രൂട്ടിന്റെ ഗുണവും മധുരവും ഈ അതിഥിയെ കേരളീയർക്കു പ്രീയപ്പെട്ടതാക്കുന്നു. ഔഷധസമ്പൂർണമായ ഫലം, ദഹശമിനി എന്നീ നിലകളിൽ മുന്നിലാണ് ഗോൾ ഡൻ പാഷൻ ഫ്രൂട്ടും. എന്നാൽ ഈ സ്വർണക്കനിയെയും ഏറെ പിന്നിലാക്കുന്നതാണ് പർപ്പിൾ പാഷൻ ഫ്രൂട്ട് എന്ന് കൃഷി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ മധുരം കൂടുതലുണ്ട്. വിത്തുകളും താരതമ്യേന ഏറെയാണ്. ബീറ്റകരോട്ടിൻ, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവയും കൂടുതലുണ്ട്.

ഹൃദയാഘാതം, രക്‌തസമ്മർദ്ദം, ജന്നി, തളർവാതം, പ്രമേഹം, സന്ധിവേദന എന്നീ രോഗങ്ങളെ ചെറുക്കുവാൻ കഴിവുള്ളതാണ് പർപ്പിൾ പാഷൻ ഫ്രൂട്ട്. ആസ്തമ ലക്ഷണങ്ങൾ നിയന്ത്രിക്കുവാനും, നല്ല ഉറക്കത്തിനും പർപ്പിൾ പഴങ്ങൾ സഹായകമാണ്. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ഫിനോലിക് ആസിഡും ഫ്ളവനോയിഡും ഹൃദയത്തെ സംരക്ഷിക്കും. പർപ്പിൾ പാഷൻ ഫ്രൂട്ടിലെ പ്ലാന്റ് സ്റ്റെറോൾസ് ചീത്ത കൊളസ്ട്രോൾ കുറയ്ച്ച് ഹൃദയാഘാത്തെ തടയും.

പ്രമേഹത്തിനു പാഷൻ ഫ്രൂട്ട് ഇലകൾ അത്യുത്തമം. പത്തു ഗ്ലാസ് വെള്ളത്തിൽ രണ്ടിലയിട്ട് തിളപ്പിച്ചു കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയും. രാവിലെ തയാറാക്കുന്ന വെള്ളം രാത്രി ഉറങ്ങും മുമ്പ് കുടിച്ചു തീർക്കാവുന്നതാണ്. ക്ഷീണവും തളർച്ചയും മാറ്റുവാനും ഉണർവുണ്ടാക്കാനും ഇലയിട്ടു തിളപ്പിച്ച വെള്ളം ഉത്തമമാണ്. പഴത്തിന്റെ തോട് ആസ്തമയ്ക്കും മുട്ടുവേദനയ്ക്കും നല്ലതാണ്. തോട് ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് ഉപയോഗിക്കാം.

ബ്രസീലാണ് പാഷൻ ഫ്രൂട്ടിന്റെ ജന്മനാട്. ‘പാസിഫ്ളോറ എടുളിസ്’ എന്നു ശാസ്ത്രനാമം. ചൂടുകാലാവസ്‌ഥയാണ് ചെടിക്കുയോജിച്ചത്. ആദ്യം പച്ചനിറവും പഴുക്കുമ്പോൾ മഞ്ഞ നിറവുമാണ് ഗോൾഡൻ പാഷൻ ഫ്രൂട്ടിനു ഉള്ളതെങ്കിൽ പർപ്പിൾ ഫ്രൂട്ടിൽ പഴുക്കുമ്പോൾ പർപ്പിൾ നിറംപടരും. വിത്തു കിളിർപ്പിച്ച് ആവശ്യമായ തൈ എടുക്കാവുന്നതാണ്. മണ്ണിൽ വെറുതേ വിത്തു നടുന്നതിനേക്കാൾ നല്ലത് വെയിലിലും മഞ്ഞിലും വച്ച ശേഷം നടുന്നതാണെന്ന് ജൈവകൃഷി വിദഗ്ധനായ ആർ. രവീന്ദ്രൻ അഭിപ്രായപ്പെടുന്നു. ഇദ്ദേഹം പർപ്പിൾ പാഷൻഫ്രൂട്ട് കൃഷി ചെയ്ത് വീട്ടിൽ വിളയിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മാസം പഴകിയ വിത്തുകളാണ് നല്ലത്. (രണ്ടു മാസം കഴിയാൻ പാടില്ല) സാധാരണ വിത്തുകൾ മുളയ്ക്കുന്നതിനെക്കാൾ സമയമെടുക്കും പാഷൻഫ്രൂട്ട് വിത്തു മുളയ്ക്ാൻ. 10–15 ദിവസം കൊണ്ടേ മുളപൊട്ടൂ.


കഴമ്പ് ഉൾപ്പെടെയുള്ള വിത്ത് പരന്ന പാത്രത്തിൽ വച്ച് ഇളം വെയിലത്ത് രണ്ടോ മൂന്നോ ദിവസം ഉണക്കിയശേഷം ഒരു ദിവസം മഞ്ഞത്ത് വയ്ക്കുന്നു. അതിനുശേഷം ഒരു ദിവസം കൂടി ഇളം വെയിലിൽ ഉണക്കിയശേഷമാണ് നടീലിനു തയാറാക്കുന്നുത്. ഇത്തരം വിത്തിൽ നിന്നും മുളയ്ക്കുന്ന തൈ കുറച്ചു കൂടി കരുത്തുള്ളതായിരിക്കും. മുറ്റത്തും തൊടിയിലും പന്തലിട്ട് പടർത്തുകയോ ടെറസിലേക്കു പടർത്തുകയോ ചെയ്യാം. ടെറസിലെ പാഷൻ ഫ്രൂട്ട് പന്തൽ ഒന്നാന്തരം ഒരു കുളിർപന്തൽ കൂടിയാണ്.

വെള്ളയും വയലറ്റും നിറം കലർന്ന അതിമനോഹരമായ പുഷ്പങ്ങളാണ് പാഷൻ ഫ്രൂട്ടിനുള്ളത്. ഗോൾഡനും പർപ്പിളും ഒരു പോലെയുള്ള പൂവാണ്. പരഗ്വയിലെ ദേശീയ പുഷ്പമാണ് ഈ പൂവ്. നല്ല പഴുത്ത പഴം രണ്ടായി മുറിച്ച് ഉള്ളിലെ മിശ്രിതം എടുത്ത് രുചിയേറിയ ജ്യൂസ് തയാറാക്കാവുന്നതാണ്. തണുത്ത വെള്ളവും പഞ്ചസാരയും ചേർ ത്തിളക്കി പാഷൻഫ്രൂട്ട് പാനീയം തയാറാക്കാം. വെള്ളവും പഞ്ചാസാരയും ചേർത്ത് മിക്സിയിൽ ഒന്നിച്ചടിക്കാം. രുചിയേറിയ ജ്യൂസ് തയാറാക്കാം. കുരുമാറ്റാൻ അരിപ്പയിൽ അരിച്ചെടുക്കാം. പാഷൻ ഫ്രൂട്ടു കൊണ്ട് സ്ക്വാഷും തയാറാക്കാം.
കൂടുതൽ വിവരങ്ങൾക്ക്: ആർ. രവീന്ദ്രൻ – 90482 82 885.

തിരുവനന്തപുരത്തിന്റെ ബോഞ്ചികായ്

മുറുക്കാൻ കടകളിൽ നിന്നും ലഭിക്കുന്ന നാരങ്ങാവെള്ളത്തിനു മുൻകാലത്ത് തിരുവനന്തപുരത്ത് പ്രയോഗിച്ചിരുന്ന ഒരു പേരാണ് ബോഞ്ചി (വടക്കുള്ളവർ തിരുവനന്തപുരത്തുകാരെ കളിയാക്കുവാൻ ഇന്നും ഉപയോഗിക്കുന്നു). പഴയപോലെ ഇന്നും സുലഭമായി ബോഞ്ചി പ്രയോഗം ഇല്ലെങ്കിലും നാട്ടിൻപുറങ്ങളിലും മറ്റും ബോഞ്ചി ഇന്നും ഇലവിലുണ്ട്.

പാഷൻ ഫ്രൂട്ട് കൊണ്ട് നാരങ്ങാവെള്ളത്തിനു സമാനമായ ദാഹശമിനി തയാറാക്കുന്നത് കൊണ്ടാവും തിരുവനന്തപുരത്തെ സാധാരണക്കാർക്കു ബോഞ്ചികായാണ് പാഷൻഫ്രൂട്ട്. പാഷൻഫ്രൂട്ടിന്റെ പേര് അത്രപരിചിതമല്ലാത്തതുകൊണ്ടാവാം വലിയൊരു വിഭാഗം ജനങ്ങളും ബോഞ്ചികായ് എന്നു പറയുന്നത്. മറ്റൊരു കൗതുകകരമായ കാര്യം അഭ്യസ്‌ഥവിദ്യരായവർവരെ പാഷൻ ഫ്രൂട്ടിനെ ഇന്നും ഫാഷൻഫ്രൂട്ട് എന്നാണ് പറയുന്നതെന്നതാണ്.

എസ്. മഞ്ജുളാദേവി