സുഖപ്പെടുത്തുന്ന തോട്ടമായി ജോബിയുടെ ജൈവ ഫാം
മാനസിക, ശാരീരിക ആരോഗ്യം നിലനിർത്താൻ കൃ ഷിയിടങ്ങൾക്കു കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജോബിയുടെ കൃഷിയിടം. കുട്ടികൾക്കും മുതിർന്നവർക്കും സ്വസ്‌ഥമായി സമയം ചെലവഴിക്കാനും ഉല്ലസിക്കാനും ജൈവ പഴവർഗങ്ങൾ ആവശ്യാനുസരണം പറിച്ച് ഭക്ഷിക്കാനും ഈ കൃഷിയിടത്തിൽ സൗകര്യമുണ്ട്. കൃഷിയിടത്തിലെ പച്ചപ്പ് രക്‌തസമ്മർദം കുറച്ച് മനസ് ശാന്തമാക്കാൻ സഹായിക്കുന്നു. ഹീലിംഗ് ഫാം (സുഖപ്പെടുത്തുന്ന തോട്ടം) എന്ന ആശയം നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിവിധതരം പഴച്ചെടികളും ഔഷധച്ചെടികളും നട്ടുവരുന്നു.

ലളിതവും വ്യത്യസ്തവുമായ കൃഷി രീതികളിലൂടെ വരുമാനം നേടുന്ന പാരമ്പര്യ ജൈവകർഷകനാണ് പാലക്കാട് വടക്കഞ്ചേരിയിലെ ജോബി വെട്ടുവേലിൽ.

കൺമുന്നിൽ ലഭിക്കുന്നതെല്ലാം വിഷമയമെന്ന ആശങ്ക നിലനിൽക്കുന്ന നാടാണ് നമ്മുടേത്. ഇവിടെ ഉപഭോക്‌താവിന് ആശ്വാസമേകുന്നത് ജൈവ കർഷകരുടെ ഉത്പന്നങ്ങളാണ്. വിഷരഹിത ഉത്പന്നങ്ങൾ തേടിയെത്തുന്ന ഉപഭോക്‌താക്കൾ കൃഷിയിടം കണ്ടതിനു ശേഷമാണ് മികച്ച വില നൽകി ഉത്പന്നങ്ങൾ വാങ്ങുന്നത്. വിശ്വാസ്യതയുള്ള വിപണനകേന്ദ്രങ്ങൾ ഉണ്ടായാൽ മാത്രമേ ജൈവ കർഷകർക്ക് സാമ്പത്തിക സു സ്‌ഥിരതയുണ്ടാവുകയുള്ളൂ എന്ന അഭിപ്രായക്കാരാണ് ജൈവകർഷകർ.

വിപണി മനസിലാക്കി കൃഷി ചിട്ടപ്പെടുത്തുന്നതിനാൽ ജോബി ക്ക് ഇതുവരെയും കൃഷിയിൽ നഷ്ടങ്ങളുണ്ടായിട്ടില്ല. മാരകമായ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ വിളകൾ തേടിയെത്തുന്നവരുടെ എണ്ണം വർഷം തോറും കൂടുകയാണ്. മംഗലം ഡാമിനടുത്തും കിഴക്കഞ്ചേരിയിലുമാണ് പ്രധാനകൃഷിയിടങ്ങൾ. 28 വർഷം മുമ്പാണ് പാലാ കൊഴുവനാലിൽ നിന്ന് ജോബി മംഗലംഡാമിലെത്തിയത്. റബർ കൃഷിയായിരുന്നു ആദ്യം ചെയ്തത്. റബറിന് വില ഇടിയുന്നതിനുമുമ്പേ ഇതിൽ നിന്നും പിൻമാറി. ഇന്ന് തേക്കാണ് പ്രധാന തോട്ടവിള.

പാലക്കാടൻ കാറ്റിനെ നിയന്ത്രിച്ചു കൃഷി സംരക്ഷിക്കാനാണ് അതിരുകളിൽ ആദ്യം തേക്ക് നട്ടുപിടിപ്പിച്ചത്. തേക്കിൽ നിന്ന് മികച്ച വരുമാനം കിട്ടിയപ്പോഴാണ് ഇത് പ്രധാന കൃഷിയാക്കിയത്. ഇന്ന് മുപ്പതു സെന്റിൽ ഒരു തേക്കു തോട്ടം തന്നെയുണ്ട് ജോബിക്ക.് അഞ്ചടി അകലത്തിൽ നിരയായി നട്ടിരിക്കുന്നു. പടർന്ന് പന്തലിക്കാതെ ഉയരത്തിൽ വളരാൻ ഈ രീതി കൊണ്ട് സാധിക്കും. പത്തു ർഷമാകുമ്പോൾ പത്തടി അകലം നിലനിർത്താൻ ഇടയ്ക്കുള്ളവ വെട്ടി വിൽക്കും. 25 വർഷം കഴിഞ്ഞാൽ മറ്റുള്ളവ മികച്ച വിലയ്ക്ക് വിൽക്കാനും സാധിക്കും. തേക്കുതോട്ടത്തിലും മറ്റു കൃഷിയിടത്തിലുമായി 900 തേക്കുമരങ്ങളുണ്ട്.

കൃഷിയിടത്തിലെ ഒരു കോണിൽ അഞ്ചടി ഉയരത്തിൽ പ്രത്യേകം തയാറാക്കിയ കൂട്ടിൽ 40 ൽ പരം നാടൻ ആടുകളെ വളർ ത്തുന്നു. ഇതിനോടു ചേർന്ന് ചെറിയൊരു ടാങ്കു നിർമിച്ച് വെള്ളം നിറച്ചിരിക്കുന്നു. വിഗോവ താറാവുകളും വാത്തകളും കരിങ്കോഴികളും നാടൻകോഴികളും പാർക്കുന്നതും ഇവിടെ തന്നെയാണ്. ടാങ്കിലെ വെള്ളമാണ് ഇവ കുടിക്കുന്നത്. പക്ഷിമൃഗാദികൾക്ക് എപ്പോഴും തണുപ്പു ലഭിക്കുന്നതിനു വേണ്ടി ഈ പ്രദേശത്ത് പ്രത്യേകം ഒരുക്കിയ പന്തലിൽ പാഷൻ ഫ്രൂട്ട് പടർത്തിയിരിക്കുന്നു. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പാഷൻഫ്രൂട്ടാണ് പ്രധാനമായും കൃഷിചെയ്തിട്ടുള്ളത്.

വിവിധ തരത്തിലുള്ള പ്ലാവുകളോടൊപ്പം സീഡ്ലെസ് പ്ലാവും, പത്തിലേറെ ഇനത്തിൽപ്പെട്ട മാവുകളും പിസ്ത, കാരംബോള, മാങ്കോസ്റ്റിൻ, റംബൂട്ടാൻ, ലോങ്ങൻ പഴം, ബട്ടർ ഫ്രൂട്ട്, മുള്ളാത്ത, ലക്ഷ്മീതരൂ, ഫിലോസാൻ തുടങ്ങിയ ചെടികളും വളർന്നു പന്തലിച്ചു തുടങ്ങി. എല്ലാവിളകൾക്കും പക്ഷി–മൃഗാദികളുടെ കാഷ്ഠമാണ് വളമായി നൽകുന്നത്.

കൃഷിയിടത്തിലെത്തുന്നവർക്ക് മനസിന് കുളിർമയും സന്തോഷവും ലഭിക്കുന്ന തരത്തിൽ കൃഷിയിടം ചുറ്റിക്കാണാൻ പ്രത്യേക വഴികളും നിർമിച്ചിട്ടുണ്ട്. പൂമ്പാറ്റകളും കുരുവികളും വിവിധതരം പക്ഷികളും ഇടയ്ക്ക് മയിലും കീരിയുമെല്ലാം എത്തുന്ന ഹരിതപൂർണമായ കൃഷിയിടം. കൃഷിയിൽ നിന്ന് നഷ്ടമുണ്ടായ അനുഭവം ജോബിക്കില്ല. കാലഘട്ടത്തിനനുസരിച്ച് കൃഷിയിടത്തെ ശാസ്ത്രിയമായി പരിചരിക്കുന്നതാണ് ഇതിനു കാരണം.

ആരോഗ്യ, മാനസിക പ്രശ്നങ്ങളും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, ചെലവില്ലാതെ, ഇവയെ നിയന്ത്രിക്കാൻ കഴിയുന്ന ആരോഗ്യകേന്ദ്രമായി കൃഷിയിടത്തെ വളർത്തിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് ഈ കർഷകൻ. ജോബി : 9495502016.

–നെല്ലി ചെങ്ങമനാട്