മഴക്കാലത്തും മത്സ്യസമൃദ്ധിക്ക് അടുക്കളക്കുളങ്ങൾ
ജലത്തിന്‍റെ പിഎച്ചിലുണ്ടാകുന്ന മാറ്റങ്ങൾ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ...മത്സ്യം വളർത്തുന്ന കർഷകർ വർഷകാലത്ത് നേരിടുന്ന പ്രതിസന്ധികൾ അനവധിയാണ്. എന്നാൽ വീടിന്‍റെ സമീപത്തു നിർമിക്കുന്ന അടുക്കളത്തോട്ടങ്ങൾ പോലെ വീടിനു സമീപത്ത് അടുക്കളക്കുളങ്ങൾ നിർമിച്ചാൽ വർഷകാലത്തും മത്സ്യലഭ്യത ഉറപ്പുവരത്താം. മഴ അധികം നനയാതെ മീൻ പിടിക്കുകയുമാകാം. ഇത്തരത്തിൽ വീടിനു സമീപത്ത് മത്സ്യക്കുളങ്ങൾ നിർമിച്ച് അലങ്കാര, വളർത്തു മത്സ്യങ്ങൾ വളർത്തുകയും വിൽക്കുകയുമാണ് കുറവിലങ്ങാട് കുറിച്ചിത്താനം മറ്റത്തിൽ മാന്നുള്ളിൽ ബാബു ജോസഫ്.

ഗൗരാമി- റെഡ് ഐ, വൈറ്റ്, ബ്ലാക്ക്, ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, അനാബസ്, കട്ല, രോഹു, മൃഗാൾ, മുഷി, വാള അലങ്കാരമത്സ്യങ്ങളായ റോസ്ഗർ, ബ്ലാക്ക് മോളി, ബ്ലാക്ക് മൂർ, ഗോൾഡ് ഫിഷ് തുടങ്ങിയവയെല്ലാം ബാബുവിന്‍റെ വീടിനു സമീപത്തുള്ള 12 അടുക്കളക്കുളങ്ങളിൽ സുഖമായി വളരുന്നു. അഞ്ചടി താഴ്ചയിലുള്ള സിമന്‍റും ഇഷ്ടികയുമുപയോഗിച്ചു തീർത്ത അടുക്കളക്കുളങ്ങളിലാണ് ഇദ്ദേഹം മത്സ്യം വളർത്തുന്നത്. രണ്ടു കിലോമീറ്റർ മാറി വലിയകുളങ്ങളിൽ മത്സ്യങ്ങളെ വളർത്തുന്നുമുണ്ടിദ്ദേഹം. രണ്ടര രൂപമുതൽ 3000 രൂപവരെ വിലയുള്ള മത്സ്യങ്ങൾ ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. മത്സ്യത്തീറ്റയും അലങ്കാരമത്സ്യം വളർത്തുന്നതിനുള്ള അക്വേറിയം മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം വിൽക്കുന്നു. ജയന്‍റ് ഗൗരാമി 10 കിലോവരെ തൂക്കം ലഭിച്ചിട്ടുണ്ട്.


പനയുടെ തടി തുരന്ന് ഗൗരാമി കിടക്കുന്ന കുളത്തിലിട്ടുകൊടുക്കുന്നു. ഇതിനുള്ളിലാണ് ഇവയുടെ പ്രജനനം നടക്കുന്നത്. വീട്ടിൽ വന്ന് ആവശ്യക്കാർ മത്സ്യങ്ങളെ വാങ്ങുന്നു. ഇറച്ചിയാവശ്യത്തിനും മീൻ വിൽക്കുന്നു. ഗൗരാമി മുഴുപ്പിനനുസരിച്ച് വളർത്തുന്നവർക്കാണ് നൽകുന്നത്. ഭാര്യ കൊച്ചുറാണിയും മക്കളായ ഡോ. സിമ്മിയും, ഡോ. സനീഷും ബാബുവിന്‍റെ കൃഷിക്ക് എല്ലാവിധ സഹായവും നൽകുന്നു.
ഫോണ്‍: ബാബു- 94478 50300.
ലേഖകന്‍റെ ഫോണ്‍- 93495 99023.

ടോം ജോർജ്