കുടിയേറ്റ നിയന്ത്രണം: ഡോക്ടർമാർക്കും നഴ്സുമാർക്കും ഇളവ്
Saturday, June 16, 2018 9:32 PM IST
ലണ്ടൻ: കുടിയേറ്റ നിയണ്രത്തിൽ ബ്രിട്ടൻ ഇളവു വരുത്തി. ഡോക്ടർമാരെയും നഴ്സുമാരെയും ഇമിഗ്രേഷൻ ക്യാപ്പിൽ നിന്നൊഴിവാക്കി ഹോം സെക്രട്ടറി സാജിദ് ജാവിദ് ആണ് പുതിയ ഉത്തരവിറക്കിയത്.

ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ജീവനക്കാരുടെ കടുത്ത ക്ഷാമത്തിന് അറുതി വരുത്തുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് വിദഗ്ധരുടെ പക്ഷം.

രാജ്യത്തു നിലനിന്നിരുന്ന ഇമിഗ്രേഷൻ ക്യാപ്പ് എൻഎച്ച് എസ് പോലുള്ള ഇടങ്ങളിൽ വിദേശികൾക്ക് പരിധി നിശ്ചയിച്ചതോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് വലിയൊരു തിരിച്ചടിയായിരുന്നു. ഈ നിയമം പൊളിച്ചെഴുതിയതോടെ ബ്രിട്ടനിലെ ആരോഗ്യമേഖലയിലേയ്ക്ക് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം വൻ തോതിൽ വർധിക്കുമെന്നു കരുതുന്നു.

ബ്രക്സിന്‍റെ പിടിയിൽ അമർന്നുപോയ ബ്രിട്ടനിലേയ്ക്ക് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കുടിയേറ്റവും ഏറെക്കുറെ നിലച്ച മട്ടിലാണ്. പുതിയ തീരുമാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ