യോഗ ദിനം: സൗജന്യ യോഗ പരിശീലനവുമായി ആർട്ട് ഓഫ് ലിവിംഗ്
Monday, June 18, 2018 10:21 PM IST
ബംഗളൂരു: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലിവിംഗ്- കേരള ഘടകത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സൗജന്യ യോഗ പരിശീലനം നടത്തുന്നു. ഇതിനു മുന്നോടിയായി യോഗാ ലെവൽ 1 പ്രോഗ്രാം കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജൂണ്‍ 17 മുതൽ 21 വരെ നടക്കും. ശ്രീശ്രീ രവിശങ്കർ സ്കൈപ്പിലൂടെ സെഷനുകളിൽ നിർദ്ദേശങ്ങൾ നൽകും.

സംസ്ഥാനത്തെ ആയിരത്തിലധികം ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങൾ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളജുകൾ, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ, അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികൾ, ബാങ്കുകൾ, ഓഫീസുകൾ, സന്നദ്ധസംഘടനകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലനത്തിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് അവസരം നൽകും.

യോഗാ ദിന ക്ലാസുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അതത് ജില്ലാ കേന്ദ്രങ്ങളിലോ 9539063478 എന്ന ഫോണ്‍ നന്പറിലോ ബന്ധപ്പെടണമെന്ന് ആർട്ട് ഓഫ് ലിവിംഗ് ഭാരവാഹികൾ അറിയിച്ചു.