ദസറ ആഘോഷം: ദുരന്തനിവാരണ സമിതി രൂപീകരിക്കും
Thursday, July 31, 2014 8:57 AM IST
മൈസൂര്‍: ദസറ ആഘോഷങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ സമിതി രൂപീകരിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. ആഘോഷദിവസങ്ങളില്‍ ജനത്തിരക്കുമൂലം എന്തെങ്കിലും ദുരന്തമുണ്ടായാല്‍ അതു കൈകാര്യം ചെയ്യുകയെന്നതാണ് സമിതിയുടെ ലക്ഷ്യം. ദുരന്ത നിവാരണ സമിതിയുമായി ബന്ധപ്പെട്ട് വിപുലമായ യോഗം നാളെ കന്നഡ ആന്‍ഡ് കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷാലിനി രജനീഷിന്റെ നേതൃത്വത്തില്‍ ചേരുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതല വഹിക്കുന്ന എസ്.പാലയ്യ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ദസറ ആഘോഷങ്ങളുടെ ഭാഗമായി അഞ്ചു കിലോമീറ്റര്‍ വീഥിയിലൂടെ നടന്ന സാംസ്കാരികഘോഷയാത്ര വീക്ഷിച്ചത് ആറു ലക്ഷത്തോളം പേരാണ്. ഈ വര്‍ഷം ഇതിലും കൂടുതല്‍ പേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ സമിതി രൂപീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദസറ ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 10.06 കോടി രൂപയില്‍ 9.53 കോടി രൂപ ചെലവായെന്നും 53.58 ലക്ഷം രൂപ നീക്കിയിരിപ്പുണ്െടന്നും പാലയ്യ അറിയിച്ചു. നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ശ്രീനിവാസപ്രസാദിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഈ വര്‍ഷത്തെ ദസറ ആഘോഷപരിപാടികളുടെ ഒരുക്കം വിലയിരുത്തുമെന്നും പാലയ്യ വ്യക്തമാക്കി.