ശ്രീരാമനവമി ഘോഷയാത്രയ്ക്കു സമാപനം
Tuesday, March 31, 2015 6:42 AM IST
ബംഗളൂരു: ശ്രീരാമദാസ മിഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീരാമനവമി രഥഘോഷയാത്രയുടെ 25-ാം വാര്‍ഷിക രഥയാത്രയ്ക്ക് തിരുവനന്തപുരത്ത് മഹാശോഭായാത്രയോടെ സമാപനമായി. മാര്‍ച്ച് പത്തിന് ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ നേതൃത്വത്തില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി 26ന് ചന്ദാപുരയില്‍നിന്നു പുറപ്പെട്ട രാമനവമി രഥയാത്ര തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രയാണം നടത്തി കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നു.

രാമരഥത്തിനു തമിഴ്നാട് അതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണു ലഭിച്ചത്. ശ്രീ സായിപ്രഭുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച രാമരഥം അമ്മവേട്ടൈ രാജേശ്വരി മണ്ഡപത്തില്‍ പൂര്‍ണകുംഭത്തിന്റെ അകമ്പടിയോടെ ഭാരവാഹികള്‍ എതിരേറ്റു. തുടര്‍ന്നു സേലം, നാമക്കല്‍, കരൂര്‍, മധുര എന്നിവിടങ്ങളിലെ പരിക്രമണത്തിനുശേഷം കന്യാകുമാരി വടക്കേക്കോട്ട അണ്ണാ മഹാരാജ് ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.