മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച് ജാതി സെന്‍സസ്
Friday, April 24, 2015 6:44 AM IST
ബംഗളൂരു: സെന്‍സസ് എന്യൂമറേറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വെള്ളംകുടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച ആരംഭിച്ച ജാതി സെന്‍സസിനിടെയാണ് സംഭവം. ടസ്കര്‍ ടൌണ്‍ ബിബിഎംപി സ്കൂള്‍ ഹെഡ്മാസ്റര്‍ എം.എസ് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള എന്യൂമറേറ്റര്‍മാരാണ് മുഖ്യമന്ത്രിയുടെ വസതിയായ കാവേരിയിലെത്തിയത്. മൈസൂരുവിലേക്കു പോകാന്‍ തയാറെടുത്തിരുന്ന മുഖ്യമന്ത്രി സെന്‍സസിനു വേണ്ടി സമയം നീക്കിവച്ചു. അമ്പതോളം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ബാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാമെന്ന് അറിയിച്ചു. സ്വകാര്യ വിവരങ്ങള്‍ തിരക്കുന്ന ആദ്യ 25 ചോദ്യങ്ങള്‍ക്ക് അദ്ദേഹം വളരെ എളുപ്പം ഉത്തരം നല്കി. അതേസമയം, വയസ്, സ്കൂളില്‍ ചേര്‍ന്ന വര്‍ഷം, വാര്‍ഷിക വരുമാനം, സ്വത്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുന്നില്‍ മുഖ്യമന്ത്രി കുഴഞ്ഞു.

താന്‍ ഇവിടെയിരുന്നുകൊണ്ട് എങ്ങനെയാണ് വാര്‍ഷികവരുമാനം കണക്കുകൂട്ടുന്നതെന്ന് അദ്ദേഹം മറുപടി നല്കി. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഏകദേശ വരുമാനം പറഞ്ഞാല്‍ മതിയെന്ന് സെന്‍സസ് സംഘത്തിനൊപ്പമുണ്ടായിരുന്ന കര്‍ണാടക സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ എച്ച്. കന്തരാജു പറഞ്ഞു. തനിക്ക് കൃഷി, ഷോപ്പിംഗ് കോംപ്ളക്സ് വാടക തുടങ്ങി മറ്റിനത്തില്‍ വരുമാനം ലഭിക്കുന്നുണ്െടന്നും അതിനോടൊപ്പം തന്നെ നിരവധി കടങ്ങളുമുണ്െടന്നും രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ എല്ലാം കണക്കുകൂട്ടി ഒരു തുകയില്‍ എത്തിച്ചേരാമെന്നും മുഖ്യമന്ത്രി മറുപടി നല്കി. ഉപജാതി എന്തെന്ന ചോദ്യത്തിന്, തനിക്ക് ഉപജാതി ഇല്ലെന്നും ജനങ്ങള്‍ എന്നെ പല പേരുകളില്‍ അറിയുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലും മൈസൂരുവിലുമായി രണ്ടു വീടുകള്‍, ഒരു ഷോപ്പിംഗ് കോംപ്ളക്സ്, ഒരു കാര്‍, 73 ഏക്കര്‍ കൃഷിഭൂമി എന്നിവയാണ് മുഖ്യമന്ത്രിയുടെ ആസ്തി. അതേസമയം, തന്നെ കുഴക്കിയ എന്യൂമറേറ്റര്‍മാരെ അഭിനന്ദിച്ച ശേഷമാണ് സിദ്ധരാമയ്യ പറഞ്ഞുവിട്ടത്. എല്ലാവരോടും എല്ലാ ചോദ്യങ്ങളും ചോദിക്കണമെന്നും ആരെയും വെറുതെവിടരുതെന്നും അദ്ദേഹം ഉപദേശിച്ചു.