ഗ്രീസ് വിട്ടുവീഴ്ചയ്ക്കു തയാറായേക്കും
Friday, July 3, 2015 8:16 AM IST
ഏഥന്‍സ്: കടക്കെണി പരിഹരിക്കുന്നതിനും ക്രെഡിറ്റര്‍മാരുമായി ധാരണയിലെത്തുന്നതിനും ഗ്രീസ് ചില വിട്ടുവീഴ്ചകള്‍ക്കു തയാറാകുമെന്നു സൂചന. അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) യൂറോപ്യന്‍ യൂണിയനും മുന്നോട്ടുവച്ച കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തയാറായാല്‍ നിര്‍ദേശങ്ങളില്‍ മിക്കതും അംഗീകരിക്കാമെന്നറിയിച്ച് ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് കത്തെഴുതിയെന്നാണ് അറിയുന്നത്.

ഗ്രീക്ക് ദ്വീപിനുള്ള വാറ്റ് (വില്പനനികുതി) ഇളവ് തുടരുക, വിരമിക്കല്‍ പ്രായം 67 ആയി ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് പെട്ടെന്നു നടപ്പാക്കുന്നതിനുപകരം ഒക്ടോബറിലേക്ക് മാറ്റുക എന്നിവയാണു ഗ്രീസ് ആവശ്യപ്പെടുന്ന പ്രധാന മാറ്റങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ നിബന്ധനകള്‍ ഗ്രീസ് അംഗീകരിച്ചേക്കുമെന്ന സൂചനയെത്തുടര്‍ന്ന് രാജ്യത്തെ ഓഹരിവിപണിയിലും മുന്നേറ്റം പ്രകടമായി.

ഐഎംഎഫിനു ജൂണ്‍ 30 നകം നല്‍കേണ്ടിയിരുന്ന 180 കോടി ഡോളര്‍ (ഏകദേശം 12,000 കോടി രൂപ) തിരിച്ചടയ്ക്കാന്‍ ഗ്രീസിനു കഴിഞ്ഞിരുന്നില്ല. ഇതോടെ, കടംവീട്ടുന്നതില്‍ വീഴ്ചവരുത്തുന്ന ആദ്യ വികസിതരാജ്യമായി ഗ്രീസ്. 2001 ല്‍ സിംബാബ്വെയാണ് ഇതിനുമുമ്പ് കടം തിരിച്ചടയ്ക്കാതിരുന്നത്. കടം തിരിച്ചടക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന ഗ്രീസിന്റെ ആവശ്യം യൂറോമേഖലയിലെ ധനകാര്യ മന്ത്രിമാര്‍ തള്ളിയിരുന്നു.

ഗ്രീസിനുള്ള രക്ഷാപദ്ധതി നീട്ടുന്നത് വിഡ്ഢിത്തമാകുമെന്നാണു യൂറോമേഖലയിലെ ധനകാര്യമന്ത്രിമാരുടെ കൂട്ടായ്മയായ യൂറോഗ്രൂപ്പിന്റെ അധ്യക്ഷന്‍ ഡച്ച് ധനകാര്യമന്ത്രി ജെറോണ്‍ ദിസെല്‍ബ്ളോം പറഞ്ഞത്.

അതിനിടെ, രാജ്യം യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ ഏഥന്‍സില്‍ പ്രകടനം നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍