ദുരിതം മറക്കാം; ഇനി പഠിക്കാം
Wednesday, July 29, 2015 5:58 AM IST
ബംഗളൂരു: ഭൂകമ്പം ദുരിതം വിതച്ച നേപ്പാളിലെ ദുരന്തബാധിതരായ വിദ്യാര്‍ഥികളുടെ പുനരധിവാസത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ ഡിപ്ളോമാ കോഴ്സിനു തുടക്കമായി. എക്കോ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ളോമ കോഴ്സില്‍ ഇതുവരെ നേപ്പാളില്‍ നിന്നുമുള്ള 11 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി.

കമ്മനഹള്ളിയിലെ എക്കോസെന്ററില്‍നടന്ന ചടങ്ങില്‍ ബംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. ബര്‍ണാഡ് മോറസ് കോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. മിക്കദുരന്തങ്ങളും മനുഷ്യനിര്‍മിതമാണെന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം മികച്ച ഭാവി ആശംസിച്ചു. ബംഗളൂരുവില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനു മുന്‍പന്തിയിലുണ്ടായിരുന്ന ബംഗളൂരു കെയേഴ്സ് ഫോര്‍ നേപ്പാളിന്റെ നേതൃത്വത്തില്‍, നേപ്പാളിലെ ദുരിതബാധിതരായ വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടകയില്‍ ഉപരിപഠനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഏപ്രിലില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 8,000 ത്തോളം സ്കൂളുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരു കെയേഴ്സ് ഫോര്‍ നേപ്പാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ്കണ്ണന്താനം, എക്കോ ഡയറക്ടര്‍ ഫാ. ആന്റണി, എയിഫോ ഡയറക്ടര്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ മറ്റൊരു ബാച്ച് ഓഗസ്റ്റില്‍ മൈസൂരുവിലെ ഹോളി ക്രോസ് നഴ്സിംഗ് സ്കൂളില്‍ ചേരും. വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള ചെലവുകള്‍ ബംഗളൂരു കെയേഴ്സ് ഫോര്‍ നേപ്പാള്‍, എക്കോ, നേപ്പാളിലെ സംഘടനയായ ശാന്തിനി എന്നിവരാണ് വഹിക്കുന്നത്. ഫാ. ജോര്‍ജ് കണ്ണന്താനമാണ് ബംഗളൂരു കെയേഴ്സ് ഫോര്‍ നേപ്പാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നത്. നേപ്പാളില്‍ ഇവരുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്കായി 450 താത്ക്കാലിക ഭവനങ്ങള്‍ നിര്‍മിച്ചുനല്കിയിട്ടുണ്ട്. 800-ഓളം കുട്ടികളെ സ്കൂളുകളിലേക്കു തിരിച്ചയയ്ക്കാനും സംഘടനയ്ക്കു കഴിഞ്ഞു. സംഘടനയുടെ പത്ത് അംഗങ്ങള്‍ ഇപ്പോള്‍ നേപ്പാളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.