കര്‍മലാരാം മൌണ്ട് കാര്‍മല്‍ ദേവാലയം 23ന് കൂദാശ ചെയ്യും
Wednesday, January 20, 2016 7:42 AM IST
ബംഗളൂരു: കര്‍മലാരാം മൌണ്ട് കാര്‍മല്‍ ദേവാലയത്തിന്റെ കൂദാശാകര്‍മവും തിരുനാള്‍ ആഘോഷവും 23 മുതല്‍ 31 വരെ നടക്കും. 23ന് രാവിലെ 8.15ന് മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സിഎംഐ, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി, ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ ചേര്‍ന്ന് ദേവാലയത്തിന്റെ കൂദാശാകര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് 11.30നു നടക്കുന്ന പൊതുസമ്മേളനം ബംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനം ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി നിര്‍വഹിക്കും. മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസഫ് അരുമച്ചാടത്ത്, പി.സി. മോഹന്‍ എംപി, അരവിന്ദ് ലിംബാവലി എംഎല്‍എ, മേയര്‍ മഞ്ജുനാഥ റെഡ്ഡി തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. ഉച്ചയ്ക്ക് 12.30ന് സ്നേഹവിരുന്നും നടക്കും.

വൈകുന്നേരം 5.30ന് ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. തോമസ് വടക്കേടത്ത് ഒസിഡി കൊടിയേറ്റും. 24ന് രാവിലെ എട്ടിന് ആഘോഷമായ ദിവ്യബലിയും ഇടവകയിലെ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന കൂദാശയും നടക്കും. ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യകാര്‍മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിവസമായ 31ന് രാവിലെ 6.30നും ഒമ്പതിനും 11നും ദിവ്യബലി നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് അമ്പുപ്രദക്ഷിണം. നാലിനു ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാ വികാരി ജനറല്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ആറിന് ദേവാലയം ചുറ്റി ആഘോഷമായ പ്രദക്ഷിണവും തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും നടക്കും. വൈകുന്നേരം ഏഴിന് നാടകം അരങ്ങേറും.