അമൃത് പദ്ധതിയില്‍ 27 നഗരങ്ങള്‍ കൂടി
Thursday, January 21, 2016 9:38 AM IST
ബംഗളൂരു: പ്രധാനമന്ത്രിയുടെ അമൃത് പദ്ധതിയില്‍ കര്‍ണാടകയിലെ 27 നഗരങ്ങളെ ഉള്‍പ്പെടുത്തി. കുടിവെള്ള പദ്ധതികള്‍, അഴുക്കുചാല്‍ നിര്‍മാണം, മാലിന്യനിര്‍മാര്‍ജനം, ഗതാഗത സൌകര്യ വികസനം എന്നിവയ്ക്കാണ് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുക. പദ്ധതിതുകയില്‍ 48 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ബാക്കി തുക സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് വഹിക്കേണ്ടത്.

രണ്ടു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളെയാണ് അമൃത് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. പദ്ധതി പ്രകാരം ബംഗളൂരുവിന് 1,000 കോടി രൂപ ലഭിക്കും. കോര്‍പറേഷനുകളായ മൈസൂരു, ദാവന്‍ഗരെ, തുമകുരു, ശിവമോഗ, ഹുബ്ബല്ലി ധര്‍വാഡ്, ബലാഗവി, മംഗളൂരു, ബല്ലാരി എന്നിവയ്ക്ക് 160 കോടി രൂപ വീതം നല്കും. മറ്റു നഗരങ്ങള്‍ക്ക് അവയുടെ ജനസംഖ്യ അനുസരിച്ചാണ് തുക നല്കുന്നത്.