ഡോ. കുര്യന്‍ ആര്‍ച്ച് കോര്‍എപ്പിസ്കോപ്പയുടെ സ്മരണാര്‍ഥം നിര്‍മിച്ച കമ്യൂണിറ്റി ഹാളിന്റെ കൂദാശ ഫെബ്രുവരി 20ന്
Wednesday, February 17, 2016 7:38 AM IST
ബംഗളൂരു: പ്രമുഖ സുറിയാനി പണ്ഡിതനും ഗ്രന്ഥകാരനും മലങ്കരയിലെ മാര്‍ത്തോമ ഓര്‍ത്തഡോക്സ് സഭകളിലുള്ള മേല്പട്ടക്കാരുടെ ഗുരു എന്ന നിലയില്‍ മലങ്കര മല്‍പാന്‍, മലങ്കരയുടെ എഴുത്തച്ചന്‍ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുകയും ചെയ്ത കണിയാംപറമ്പില്‍ ഡോ. കുര്യന്‍ ആര്‍ച്ച് കോര്‍എപ്പിസ്കോപ്പയുടെ സ്മരണാര്‍ഥം മലങ്കരയിലാദ്യമായി, ബംഗളൂരു കൃഷ്ണരാജപുരം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സിറിയന്‍ പള്ളിയോടു അനുബന്ധിച്ച് നിര്‍മിച്ചിട്ടുള്ള കമ്യൂണിറ്റി ഹാളിന്റെ കൂദാശ ഫെബ്രുവരി 20നു (ശനി) വൈകുന്നേരം നടക്കും.

ഫാ. ജെറി കുര്യന്‍ കോടിയാട്ട് വികാരി ആയ ഈ ദേവാലയത്തിനുവേണ്ടി, അദ്ദേഹം കൈമാറിയ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവയുടെ തിരുശേഷിപ്പിന്റെ സ്ഥാപനം, പുതുതായി നിര്‍മിച്ച പ്രാര്‍ഥനാ മുറിയില്‍ പരിശുദ്ധ പാത്രീയര്‍ക്കീസ് ബാവായുടെ അനുമതിയോടു കൂടി നിര്‍വഹിക്കുന്നതിനൊപ്പമാണ് പ്രസ്തുത ചടങ്ങ്.

സഭയിലെ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പരിപാടി ഫെബ്രുവരി 18 മുതല്‍ 21 വരെ ദേവാലയത്തില്‍ നടക്കുന്ന പെരുന്നാളിന്റെ ഭാഗമായാണ് നടത്തപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജയ്ബി ചെറിയാന്‍