പ്രവാസി അമച്വര്‍ നാടക മത്സരത്തിന് ചെന്നൈയില്‍ തുടക്കമായി
Friday, February 19, 2016 8:08 AM IST
ബംഗളൂരു: കേരള സംഗീത നാടക അക്കാദമി പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രവാസി അമച്വര്‍ നാടക മത്സരത്തിനു ചെന്നൈയില്‍ ഉജ്വല തുടക്കം. ചെന്നൈ ടി നഗറിലുള്ള ജര്‍മന്‍ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത തമിഴ് സിനിമാ-നാടക നടന്‍ വൈ.ജി. മഹേന്ദ്ര ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സംഗീത നാടക അക്കാദമി ദക്ഷിണ മേഖല ചെയര്‍മാന്‍ എം.എ. സലിം അധ്യക്ഷത വഹിച്ചു. കലാശ്രീ പുരസ്കാര ജേതാവും ഗായകനുമായ ജെ.എം. രാജ, കെഎസ്എന്‍എ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ശ്രീകുമാര്‍, കെ.എസ്.എന്‍.എ ദക്ഷിണ മേഖല കോ-ഓര്‍ഡിനേറ്റര്‍ റജികുമാര്‍, സെക്രട്ടറി ദേശമംഗലം നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെന്നൈ നാടക പാഠശാല അവതരിപ്പിച്ച 'ഏകതാനതയുടെ ചോദ്യചിഹ്നങ്ങള്‍ തേടുന്ന ഉത്തരങ്ങള്‍', ഹൈദരാബാദ് തണല്‍ മലയാളി സേവാസമിതി അവതരിപ്പിച്ച 'നാടകാന്തം', ചെന്നൈ മലയാളം തീയേറ്റര്‍ അവതരിപ്പിച്ച 'മരണത്തിന്റെ കാവല്‍ക്കാരന്‍', പോണ്ടിച്ചേരി കേരളസമാജം അവതരിപ്പിച്ച 'ദ്വയം', ഹൈദരാബാദ് തിയേറ്റര്‍ഓഫ് ആല്‍മി അവതരിപ്പിച്ച 'നോ എന്‍ട്രി' എന്നീ നാടകങ്ങള്‍ ദക്ഷിണ മേഖലാ മത്സരത്തില്‍ പങ്കെടുത്തു. മറ്റു മേഖലാ മത്സരങ്ങള്‍ ഇന്ന് കോല്‍ക്കത്തയിലും ഫെബ്രുവരി 21ന് ഡല്‍ഹിയിലും ഫെബ്രുവരി 28ന് മുംബൈയിലും നടക്കും. വിജയികളെ നാലു മേഖലാ മത്സരങ്ങള്‍ക്കു ശേഷം പ്രഖ്യാപിക്കും. ഇരുപത് നാടകങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.