സ്കൂളുകളില്‍ പഠനവിഷയമായി ഇനി മനുഷ്യാവകാശം
Monday, February 22, 2016 8:03 AM IST
ബംഗളൂരു: അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ മനുഷ്യാവകാശവും ഉള്‍പ്പെടുത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പ്രൈമറി സ്കൂള്‍ പാഠപുസ്തകങ്ങളില്‍ കുടിവെള്ള അവകാശം, പോഷകാഹാരം, മലിനീകരണവിമുക്ത പരിസരം എന്നിവയെക്കുറിച്ചായിരിക്കും ഉള്‍പ്പെടുത്തുക. അതിനു മുകളിലുള്ള ക്ളാസുകളില്‍ ബാലവേല, വൈകല്യമുള്ള കുട്ടികള്‍ എന്നിവരെക്കുറിച്ചു പഠിക്കും. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം വിഷയമായിരിക്കും.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മീന സക്സേനയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റു സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അജയ് സേത്ത് പറഞ്ഞു.