ഭൂമി അഴിമതി: മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ അനുമതിയില്ല
Saturday, February 27, 2016 8:43 AM IST
ബംഗളൂരു: അര്‍ക്കാവതി ലേഔട്ട് ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യണമെന്ന അപേക്ഷയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി കുറ്റക്കാരനാണെന്നു തെളിയിക്കുന്നതിനുള്ള വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ വിചാരണയ്ക്കുള്ള അനുമതി നിഷേധിച്ചതായി അറിയിച്ച് പരാതിക്കാരന്‍ രാമമൂര്‍ത്തി ഗൌഡയ്ക്ക് ഗവര്‍ണറുടെ ഓഫീസ് കത്തു നല്കി.

അര്‍ക്കാവതി ലേഔട്ടിനായി ഏറ്റെടുത്ത 521 ഏക്കര്‍ ഭൂമിയുടെ വിജ്ഞാപനം ബംഗളൂരു വികസന അഥോറിറ്റിയുടെ അനുമതിയില്ലാതെ അനധികൃതമായി റദ്ദാക്കിയെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണ്‍ 15നാണ് രാമമൂര്‍ത്തി ഗവര്‍ണര്‍ക്ക് പരാതി നല്കിയത്. പരാതി തള്ളിയെങ്കിലും കൂടുതല്‍ തെളിവുകളും രേഖകളും ഉള്‍പ്പെടുത്തി വീണ്ടും ഗവര്‍ണര്‍ക്ക് അപേക്ഷ നല്കുമെന്ന് രാമമൂര്‍ത്തി ഗൌഡ അറിയിച്ചു.