ഹീലലഗി റെയില്‍വേ സ്റേഷനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റോപ്പ് വേണം: ജനകീയ സമിതി
Saturday, February 27, 2016 8:45 AM IST
ബംഗളൂരു: ചന്ദാപുരയിലെ റെയില്‍വേ സ്റേഷനായ ഹീലലഗിയില്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്കു കൂടി സ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. ഇവിടെ സ്റോപ്പ് അനുവദിച്ചാല്‍ ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്ന് ജനകീയ സമിതി അഭിപ്രായപ്പെട്ടു. ട്രെയിനുകള്‍ക്ക് സ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റോപ്പിംഗ് ദ അണ്‍സ്റോപ്പബിള്‍ എന്ന കാംപയിന്‍ ഇവര്‍ ആരംഭിച്ചിരുന്നു.

ദീര്‍ഘദൂര ട്രെയിനുകളായ യശ്വന്തപുര- കണ്ണൂര്‍, ബംഗളൂരു- എറണാകുളം, യശ്വന്തപുര- കൊച്ചുവേളി, മൈസൂരു- മൈലാടുത്തുറൈ, മൈസൂരു- തുത്തിക്കോറിന്‍, ലോകമാന്യതിലക്- കോയമ്പത്തൂര്‍, ബംഗളൂരു- നാഗര്‍കോവില്‍ തുടങ്ങിയവ ഹീലലഗിയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ ഒരു സ്റ്റോപ്പ് അനുവദിക്കുന്നതു വഴി പ്രദേശത്തിന്റെ വികസനം കൂടി സാധ്യമാകുമെന്നും ജനകീയ സമിതി അറിയിച്ചു. ഇരുപതു ലക്ഷത്തോളം ഐടി ജീവനക്കാരാണ് ഈ മേഖലയില്‍ ജോലിചെയ്തുവരുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഇതിനു സമീപത്തുണ്ട്. നിലവില്‍ ഈ ഭാഗങ്ങളിലെ ജനങ്ങള്‍ യാത്രയ്ക്കായി ഹൊസൂര്‍, കര്‍മലാരാം, യശ്വന്തപുര, ബംഗളൂരു സിറ്റി സ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ബസ് മാര്‍ഗമാണ് ഭൂരിഭാഗം പേരും നിശ്ചിത സ്ഥലങ്ങളിലെത്തുന്നത്. ദൂരക്കൂടുതലും ബസ് നിരക്കും ഇവരെ വലയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ ട്രെയിന്‍ സ്റോപ്പ് എന്ന ആവശ്യവുമായി ജനകീയ സമിതി രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെയും പൊതുയോഗങ്ങളിലൂടെയും പ്രചാരണം നടത്തിയ ജനകീയ സമിതി തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയും റെയില്‍വേ വകുപ്പിന്റെയും മുന്നില്‍ ഉന്നയിക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14ന് എസ്എഫ്എസ് കോളജില്‍ നടന്ന പൊതുയോഗത്തില്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ നിരവധി പേര്‍ പങ്കെടുത്തു.