നോര്‍ക്ക സഹായധനം നല്കി
Monday, February 29, 2016 8:03 AM IST
ബംഗളൂരു: കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സിന്റെ സാന്ത്വന പദ്ധതിയിലൂടെ മൂന്നു പേര്‍ക്ക് രണ്ടരലക്ഷം രൂപ അനുവദിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് മരിച്ച സുല്‍ത്താന്‍പാളയയിലെ പി.പി. പൌലോസിന്റെ ഭാര്യ ലക്ഷ്മി, ആനേക്കലിലെ പരേതനായ എസ്.ആര്‍. അനില്‍കുമാറിന്റെ ഭാര്യ പ്രസീത എന്നിവര്‍ക്കാണ് ഒരുലക്ഷം രൂപ വീതം സഹായം നല്കിയത്. വൃക്കരോഗികള്‍ക്കുള്ള ചികിത്സാസഹായമായി വിദ്യാരണ്യപുരം നിവാസി ബിജേഷ് കൃഷ്ണന് 50,000 രൂപയും സഹായമായി അനുവദിച്ചു.

വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയില്‍ കവിയാത്ത, രണ്ടു വര്‍ഷത്തിലധികം കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളികള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. അര്‍ബുദം, ഹൃദയശസ്ത്രക്രിയ, വൃക്കരോഗം, പക്ഷാഘാതം എന്നിവയ്ക്ക് 50,000 രൂപ വരെയും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ബില്ലുകള്‍ പരിഗണിച്ച് 20,000 രൂപ വരെയുമാണ് സഹായം അനുവദിക്കുന്നത്. മരണാനന്തര സഹായമായി ഒരുലക്ഷം രൂപ വരെയും സഹായം അനുവദിക്കും.