രുചിവണ്ടി ഇതായെത്തി
Monday, March 7, 2016 7:35 AM IST
ബംഗളൂരു: നഗരത്തില്‍ കൊതിയൂറും വിഭവങ്ങള്‍ ലഭിക്കുന്ന ഭക്ഷണശാലകള്‍ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട.

ഒട്ടേറെ രുചികരമായ വിഭവങ്ങളുമായി രുചിവണ്ടികള്‍ ഇനി നിങ്ങളുടെ അടുത്തെത്തും. ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും (ബിഎംസിആര്‍എല്‍), ബംഗളൂരു ഫുഡ് ട്രക്ക് അസോസിയേഷനും (ബിഎഫ്ടിഎ) സംയുക്തമായി ആരംഭിച്ച ഫുഡ് ട്രക്ക് ഫിയസ്റയ്ക്ക് ജനങ്ങളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനില്‍ ആരംഭിച്ച ഫുഡ് ട്രക്ക് ഫിയസ്റയില്‍ ഇന്ത്യന്‍, ചൈനീസ്, ഫ്രഞ്ച്, കോണ്ടിനെന്റല്‍, അമേരിക്കന്‍, മെക്സിക്കന്‍ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 20 മിനി ട്രക്കുകളാണ് വിഭവങ്ങളുമായി എത്തുന്നത്. എല്ലാ ആഴ്ചയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ഫുഡ് ഫിയസ്റ നടക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ മെട്രോ സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

വഴിയോരഭക്ഷണം ഇഷ്ടപ്പെടുന്ന നിരവധി പേര്‍ എത്തുന്നുണ്െടന്നും ഭക്ഷണം ലഭിക്കാന്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കാന്‍ അവര്‍ സന്നദ്ധരായെന്നും ബിഎഫ്ടിഎ പ്രതിനിധി വരുണ്‍ ശ്രീകാന്ത് അറിയിച്ചു.