ദാരിദ്യ്രത്തെ തോല്പിച്ച പഠനമികവിന് കന്നഡ നാടിന്റെ ആദരവ്
Friday, March 11, 2016 8:55 AM IST
ബംഗളൂരു: പണമില്ലാത്തവര്‍ പഠിക്കേണ്ട എന്നത് കീഴ്വഴക്കമാക്കിയ റായ്ച്ചൂരിലെ ഒരു കര്‍ഷകഗ്രാമത്തിലെ ദരിദ്രകര്‍ഷക കുടുംബത്തിലെ ഇളമുറക്കാരിയായിരുന്നു ശിവബാസമ്മ. എന്നാല്‍ അവളോട് ഒരിക്കലും അച്ഛന്‍ ശിവബാസപ്പ പഠിക്കേണ്ട എന്നു പറഞ്ഞില്ല. ഇഷ്ടമുള്ളയത്രയും പഠിച്ചോളൂ എന്നു മാത്രം പറഞ്ഞു. അതു മാത്രം മതിയായിരുന്നു അവള്‍ക്ക് ഉയരങ്ങളിലേക്ക് പിടിച്ചുകയറാന്‍. പഠനമികവു കൊണ്ട് സ്വന്തം പിതാവിന്റെയും ഗ്രാമത്തിന്റെ മുഴുവനും അഭിമാനം വാനോളമുയര്‍ത്തി അവള്‍. ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ പഠനമികവിനുള്ള എട്ടു മെഡലുകളാണ് ശിവബാസമ്മ സ്വന്തമാക്കിയത്.

കന്നഡ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്കിനടക്കമുള്ള സ്വര്‍ണമെഡലുകളാണ് ശിവബാസമ്മ സ്വപ്രയത്നം കൊണ്ടു നേടിയെടുത്തത്. ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ 34-ാം ബിരുദദാനചടങ്ങില്‍ ശിവബാസമ്മ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുമ്പോള്‍ അതിനു സാക്ഷിയായി മാതാപിതാക്കളും സഹോദരിമാരും വേദിയിലുണ്ടായിരുന്നു. തന്റെ വിജയം മാതാപിതാക്കള്‍ക്കു സമര്‍പ്പിക്കുന്നതായി ശിവബാസമ്മ പറഞ്ഞു. ഒരു വിദ്യാര്‍ഥി എട്ടു മെഡലുകള്‍ നേടുന്നത് സര്‍വകലാശാലയുടെ ചരിത്രത്തില്‍ അപൂര്‍വമാണ്.

റായ്ച്ചൂര്‍ ജില്ലയിലെ മച്ചനൂര്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് ശിവബാസമ്മയുടെ വീട്. സ്വന്തമായുള്ള ചെറിയ കൃഷിയിടത്തില്‍ നെല്ലും പരുത്തിയും കൃഷി ചെയ്ത് അതിജീവനം കഴിക്കുന്ന ശിവബാസപ്പയ്ക്ക് മകളെ ഉന്നതപഠനത്തിനു വിടാനുള്ള സാമ്പത്തികശേഷിയുണ്ടായിരുന്നില്ല. ആ ഗ്രാമത്തില്‍, പഠിക്കാന്‍ സാമ്പത്തികശേഷിയില്ലാതെ വരുമ്പോള്‍ കുട്ടികള്‍ പഠനം മതിയാക്കി കൃഷിയിലേക്കു തിരിയാറാണ് പതിവ്. ശിവബാസമ്മയുടെ സഹോദരിമാര്‍ രണ്ടുപേരും ഇത്തരത്തില്‍ പഠനമുപേക്ഷിച്ചു. എന്നാല്‍, തന്റെ മകളുടെ സ്വപ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ശിവബാസപ്പയ്ക്കായില്ല. ശിവബാസമ്മയെ ഉപരിപഠനത്തിന് അയയ്ക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.

ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സാമ്പത്തിക ചെലവുകള്‍ ശിവബാസപ്പയുടെ കുടുംബത്തിനു താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. കൃഷിയില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയുമായിരുന്നുമില്ല. എങ്ങനെയും പണമുണ്ടാക്കി മകളെ പഠിപ്പിക്കണമെന്ന് ശിവബാസപ്പ തീരുമാനിച്ചു.

വിളവെടുപ്പു കാലം കഴിയുമ്പോള്‍ ശിവബാസപ്പ ഭാര്യയുമൊത്ത് ബംഗളൂരുവിലെത്തും. ഇവിടെ ഫാക്ടറികളിലും മറ്റും ഇരുവരും ജോലിചെയ്യും. ഇങ്ങനെ സമ്പാദിക്കുന്ന പണം മുഴുവന്‍ ശിവബാസമ്മയുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. അവധിക്ക് ശിവബാസമ്മയും മാതാപിതാക്കളുടെ അടുത്തെത്തും.

തനിക്കുവേണ്ടി മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ബോധമാണ് ശിവബാസമ്മയെ വാശിയോടെ പഠിക്കാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ മാതാപിതാക്കള്‍ക്കു വേണ്ടി അവള്‍ അഭിമാനനേട്ടം കൈവരിക്കുകയും ചെയ്തു. ഇനി സ്വപ്നലക്ഷ്യമായ അധ്യാപനവൃത്തിയിലേക്കുള്ള യാത്രയിലാണ് ശിവബാസമ്മ.