രണ്ടു ഹെല്‍മറ്റുണ്േടാ..? എങ്കില്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്യാം
Monday, March 28, 2016 6:02 AM IST
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ഇനി പുതിയ ബൈക്ക് വാങ്ങുന്നവര്‍ കൂടെ രണ്ടു ഹെല്‍മറ്റുകള്‍ കൂടി വാങ്ങുന്നതു നന്നായിരിക്കും. മോട്ടോര്‍ബൈക്ക് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്വന്തമായി രണ്ടു ഹെല്‍മറ്റുകള്‍ വേണമെന്ന നിയമം മോട്ടോര്‍ വാഹന വകുപ്പ് ബംഗളൂരുവില്‍ നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതു പ്രകാരം പുതിയ ബൈക്ക് രജിസ്റര്‍ ചെയ്യുന്ന സമയത്ത് സ്വന്തം പേരില്‍ രണ്ടു ഹെല്‍മറ്റ് വാങ്ങിയതിന്റെ രസീതും ഹാജരാക്കണം. ഹെല്‍മറ്റുകള്‍ക്ക് ഐഎസ്ഐ നിലവാരം നിര്‍ബന്ധമാണ്.

മോട്ടോര്‍ബൈക്കുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പലയിടങ്ങളിലും ലംഘിക്കപ്പെടുന്നതായി കണ്െടത്തിയതോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതിന്റെ ആദ്യഘട്ടമായി ദാവന്‍ഗെരെ ആര്‍ടി ഓഫീസിനു കീഴില്‍ ഈ നിയമം നടപ്പാക്കി. നഗരത്തിലെ മറ്റു സ്ഥലങ്ങളിലും ഇതു വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നീട് സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും.

പുതിയ നിയമം കൊണ്ടുവരുന്നതോടെ പിന്‍സീറ്റിലുള്ളവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം എല്ലാവരും പാലിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകൂട്ടല്‍.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജനുവരി മുതലാണ് ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.