ശ്രീരാമനവമി രഥയാത്ര ആരംഭിച്ചു
Wednesday, March 30, 2016 6:15 AM IST
ബംഗളൂരു: ശ്രീരാമദാസ മിഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ആരംഭിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ തുടക്കംകുറിച്ച രഥയാത്ര സത്യാനന്ദ സരസ്വതി ഫൌണ്േടഷന്‍ ചെയര്‍മാന്‍ ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു. കര്‍ണാടകയിലെ 11 ജില്ലകളിലൂടെയുള്ള പരിക്രമണം പൂര്‍ത്തിയാക്കുന്ന രഥയാത്ര ശ്രീരാമനവമി ദിനത്തില്‍ ഇലക്ട്രോണിക് സിറ്റി ഹുസ്കൂര്‍ അയ്യപ്പ ക്ഷേത്രസന്നിധിയിലെ അയോധ്യാ നഗരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ശ്രീരാമലീലയോടുകൂടി സമാപിക്കും. കൊല്ലൂരില്‍ നിന്നു പുറപ്പെട്ട രഥയാത്രയ്ക്ക് ഉഡുപ്പി, പഡുബിദ്രി, മുല്‍ക്കി, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. പരിപാടികള്‍ക്ക് ഹിന്ദു ജാഗരണവേദി സഹസംചാലക്, വിവിധ ഹിന്ദുസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇന്നലെ രാവിലെ മംഗളൂരുവില്‍ നിന്നു പുറപ്പെട്ട രഥയാത്ര ധര്‍മസ്ഥല, ശൃംഗേരി തുടങ്ങിയ സ്ഥലങ്ങളില്‍ പരിക്രമണത്തിനു ശേഷം ഹരിഹരപുരയില്‍ എത്തി.