ചുട്ടുപൊള്ളി നഗരം
Thursday, March 31, 2016 6:27 AM IST
ബംഗളൂരു: കനത്ത ചൂടില്‍ നഗരം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്തെ 20 ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാണ്. ബംഗളൂരുവില്‍ ചൂട് 36 ഡിഗ്രിയിലെത്തി. കാലാബുരാഗിയിലാണ് ഏറ്റവും കൂടുതല്‍ താപനിലരേഖപ്പെടുത്തിയത്. 43.8 ഡിഗ്രി സെല്‍ഷ്യസ്.

വേനല്‍ കടുത്തതോടെ നഗരം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി. പലയിടങ്ങളിലും സ്വകാര്യ കുടിവെള്ള ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇവര്‍ അമിതനിരക്ക് ഈടാക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ബംഗളൂരു വാട്ടര്‍ സപ്ളൈ ആന്‍ഡ് സീവേജ് ബോര്‍ഡ് (ബിഡബ്ള്യുഎസ്എസ്ബി) ചെയര്‍മാന്‍ വിജയ ഭാസ്കര്‍ അറിയിച്ചു.

നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന കെആര്‍എസ്, ഹാരംഗി, കബനി, ഹേമാവതി അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതാണ് കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലസംഭരണമാണ് അണക്കെട്ടുകളിലുള്ളത്. കഴിഞ്ഞ വര്‍ഷം മഴ കുറഞ്ഞതാണ് അണക്കെട്ടുകളില്‍ ജലനിരപ്പു കുറയാന്‍ കാരണം. 22 ശതമാനം കുറവ് മഴയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്.

വേനല്‍ രൂക്ഷമായതിനു പിന്നാലെ സംസ്ഥാനം വൈദ്യുതക്ഷാമത്തിലേക്കും നീങ്ങുകയാണ്. നഗരത്തില്‍ പലയിടങ്ങളിലും അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.