മകള്‍ക്കായി ജന്മം സമര്‍പ്പിച്ച് ഒരമ്മ
Tuesday, April 5, 2016 4:53 AM IST
വഴിവിളക്കുകള്‍-5/ പ്രഫ. സെബാസ്റ്യന്‍ കോതനല്ലൂര്‍

41 വര്‍ഷം മുന്‍പ് മുലപ്പാല്‍ നുകര്‍ന്ന ജോമോളുടെ ശൈശവം ഇന്നും താലോലിച്ച് മാതൃസ്നേഹം പാലാഴിയാക്കുകയാണു ബംഗളൂരു നിംഹാന്‍സിനു പിന്നിലുള്ള 'ചിത്രമാല' അപ്പാര്‍ട്ട്മെന്റിലെ ജോസഫിന്‍ ജോസ്. 73-ാമത്തെ വയസിലും 41ന്റെ ഊര്‍ജസ്വലതയില്‍ ഈ അമ്മ മാനസികവളര്‍ച്ചയില്ലാത്ത തന്റെ ഏകമകളുടെ പാദപൂജയിലാണ്... യാതൊരു പരിഭവവുമില്ലാതെ.

എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ജോസ് മകള്‍ക്ക് അഞ്ചുമാസം പ്രായമുള്ളപ്പോഴാണു പശ്ചിമബംഗാളിലെ എയര്‍ഫോഴ്സ് ബേസ് സ്റേഷനായ ബാര്‍ത്തോഗ്രാമില്‍ ഹൃദയസ്തംഭനം മൂലം മരിക്കുന്നത്. അന്ന് സിവില്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു ജോസഫിന്‍. പിതാവ് നഷ്ടപ്പെട്ടതിന്റെ വിഷമമറിയിക്കാതെ ജോസഫിന്‍ തന്റെ കുഞ്ഞുമകളെ പരിപാലിച്ചു. എന്നാല്‍ ജനിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് കരയാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ അഭിപ്രായപ്രകാരമാണ് മകളെ സെന്റ് മാര്‍ത്താസ് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. അന്നാണ് അറിയുന്നത് കുഞ്ഞിന് 'ഡൌണ്‍ സിന്‍ഡ്രോം' എന്ന രോഗാവസ്ഥയാണെന്ന്.

എട്ടു വര്‍ഷക്കാലം സോഫിയ സ്കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ വിഭാഗത്തില്‍ വിട്ടിരുന്നു. ഇപ്പോള്‍ അടുത്തുള്ള നിംഹാന്‍സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ വിടുന്നു. മകള്‍ക്കുവേണ്ടി ജോസഫിന്‍ 52-ാം വയസില്‍ ഡ്രൈവിംഗ് പഠിച്ചു. അതിനാല്‍ ഇപ്പോള്‍ അവളെ എവിടെ വേണമെങ്കിലും കൊണ്ടുപോകാം. എന്നാല്‍ വേറെ ഒരു വാഹനത്തിലും കയറില്ല. മറ്റാരുടേയും കൂടെ പോകുകയുമില്ല. ക്രമപ്പെടുത്തിയ ജീവിതശൈലി അണുവിടമാറ്റില്ലത്രേ. അല്പം പിടിവാശി ഉണ്െടങ്കിലും കുസൃതിയോ കുറുമ്പോ ഇല്ലാത്തത് ആശ്വാസമാകുന്നുണ്ട്. ഓരോ ആശ്വാസത്തിലും ഈ അമ്മമനസ് മന്ത്രിക്കുന്നു: 'പുള്ളിക്കാരന്‍ ഒന്നുമറിഞ്ഞിട്ടില്ല... അങ്ങു പോയി...'

ഗര്‍ഭിണിയായിരുന്നപ്പോള്‍ കണ്ട ദുഃസ്വപ്നം ഇന്നും ജോസഫിന്റെ മനസില്‍ മായാതെ നില്ക്കുന്നു. ഭര്‍ത്താവ് ഏതോ അപകടത്തില്‍പ്പെടുന്നതും ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കുന്നതുമാണ് സ്വപ്നത്തില്‍ കണ്ടത്. ഒരു വര്‍ഷം കഴിഞ്ഞ് അതുപോലെ തന്നെ നടന്നതോര്‍ക്കുമ്പോള്‍ ഇപ്പോഴും ആ കണ്ണുകള്‍ ഈറനണിയുന്നു. രണ്ടു വര്‍ഷം മുന്‍പ് അനുവദിച്ചു കിട്ടിയ പെന്‍ഷന്‍ തുക നേരിയ സാന്ത്വനം മാത്രമാണ് ഇവര്‍ക്ക്.

തൃശൂര്‍ പൊറത്തുകാരന്‍ കൊച്ചന്നം പൌലോസ് മകന്‍ ജോസ് അഞ്ച് ഇളയ സഹോദരങ്ങളുടേയും കാര്യം നോക്കിയിട്ടാണ് ഒടുവില്‍ 35-ാം വയസ്സില്‍ കാരൂര്‍ അരീക്കാടന്‍ മേരി-പൌലോസ് മകള്‍ 31 കാരി ജോസഫിന്‍ വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം ഏവരും തന്നെ കൈവെടിഞ്ഞ ദുഃഖം മാറാത്ത ഒരു വേദനയായിത്തീര്‍ന്നു. സ്വന്തം സഹോദരങ്ങള്‍ മറ്റൊരു വിവാഹത്തിന് അന്നു പ്രേരിപ്പിച്ചിരുന്നു. അന്നും ഇന്നും ഒരേ ഒരു തീരുമാനം മാത്രം- 'എന്റെ ജീവിതം ഞാന്‍ സമര്‍പ്പിക്കുന്നു'. എക്കാലമത്രയും തങ്കക്കുടത്തിനെ സംരക്ഷിച്ച് പാദപൂജ ചെയ്യാനുള്ള ആയുസും കഴിവും നല്കാന്‍ പ്രാര്‍ഥിക്കുന്നു ജോസഫിന്‍. 39-ാം വയസിലെ ആദ്യകുര്‍ബാന സ്വീകരണ ദിവസം മകളെയും തന്നെയും ശക്തിപ്പെടുത്തിയ ഈശോയ്ക്ക് എല്ലാം സാധിക്കും എന്ന വിശ്വാസത്തില്‍ അടിയുറച്ച് ജീവിതം നയിക്കുകയാണ് ഈ അമ്മ.