ജവഹര്‍ലാല്‍ നെഹ്റു പ്ളാനറ്റോറിയത്തില്‍ അവധിക്കാല ക്യാമ്പ്
Wednesday, April 6, 2016 3:58 AM IST
ബംഗളൂരു: ബംഗളൂരു അസോസിയേഷന്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ടി. ചൌഡയ്യ റോഡിലെ ജവഹര്‍ലാല്‍ നെഹ്റു പ്ളാനറ്റോറിയത്തില്‍ നാളെ മുതല്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും. രണ്ടു മാസത്തെ ക്യാമ്പില്‍ സംവാദം, പ്രഭാഷണം, പരീക്ഷണ-നിരീക്ഷണങ്ങള്‍, കമ്പ്യൂട്ടര്‍ ക്ളാസ് തുടങ്ങിയവ നടക്കും. നാലാം ക്ളാസ് മുതല്‍ ബിരുദ കോഴ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായഭേദമനുസരിച്ച് ടൈനി ടോട്സ് പ്രോഗ്രാം, ബെയ്സ് ക്യാമ്പ്, സമ്മര്‍ കോഴ്സ് ഫോര്‍ ഹൈസ്കൂള്‍ സ്റ്റുഡന്റ്സ്, എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ക്യാമ്പുകള്‍ നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാനുള്ള ഫീസ് 500 രൂപയാണ്.

നാല്, അഞ്ച് ക്ളാസ് വിദ്യാര്‍ഥികള്‍ക്കുള്ള ടൈനി ടോട്സ് നാളെ മുതല്‍ 16 വരെയും മേയ് രണ്ടു മുതല്‍ 12 വരെയും നടക്കും. ആറ്, ഏഴ് ക്ളാസ് വിദ്യാര്‍ഥികള്‍ക്കായുള്ള ബെയ്സ് ക്യാമ്പ് ജൂണിയറും എട്ട്, ഒമ്പത് ക്ളാസ് വിദ്യാര്‍ഥികള്‍ക്കായുള്ള ബെയ്സ് ക്യാമ്പ് സീനിയറും ഏപ്രില്‍ 18 മുതല്‍ 29 വരെ നടക്കും. ജൂണിയര്‍ ക്യാമ്പ് രാവിലെ 10.30 മുതല്‍ 12.30 വരെയും സീനിയര്‍ ക്യാമ്പ് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ്. ഒമ്പത്, പത്ത് ക്ളാസ് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മര്‍ കോഴ്സും ഇതേദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 1.30 വരെ നടക്കും.

രണ്ടാംവര്‍ഷ പിയു-ബിഎസ്സി വിദ്യാര്‍ഥികള്‍ക്കായുള്ള 15 ദിവസത്തെ ക്യാമ്പ് മേയ് അവസാനം നടക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണം. ഫോണ്‍: 08022266084, 22379725.