മംഗള എക്സ്പ്രസ് ജീപ്പിലിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം
Monday, April 11, 2016 5:54 AM IST
ബംഗളൂരു: രാമനഗരയില്‍ ട്രെയിന്‍ ജീപ്പിലിടിച്ച് അപകടം. മൈസൂരു-ബംഗളൂരു മംഗള എക്സ്പ്രസാണ് ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലിടിച്ചത്. ഇന്നലെ രാവിലെ 7.25ന് ബംഗളൂരുവില്‍ നിന്നു 15 കിലോമീറ്റര്‍ അകലെ രാമനഗര ജില്ലയിലെ ബസവനപുരയിലാണ് സംഭവം. 700 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ജീപ്പിലുണ്ടായിരുന്നവര്‍ ചാടി രക്ഷപെട്ടതിനാല്‍ ആളപായമൊഴിവായി.

രാമനഗര റെയില്‍വേ സ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു ട്രാക്കില്‍ ജീപ്പ് കണ്ടത്. ജീപ്പ് കണ്ട എന്‍ജിന്‍ ഡ്രൈവര്‍ ബ്രേക്കിട്ടെങ്കിലും ജീപ്പിനെ ഇടിച്ചു നിരക്കിയ ശേഷമാണ് ട്രെയിന്‍ നിന്നത്. ട്രെയിനിനു വേഗത കുറവായിരുന്നതിനാല്‍ അപകടമൊഴിവായി. ജീപ്പിനു സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ട്രെയിനിനോ ട്രാക്കിനോ തകരാറുണ്ടായിട്ടില്ല.

നാലു യുവാക്കളാണ് ജീപ്പ് ട്രാക്കില്‍ പാര്‍ക്ക് ചെയ്തതെന്ന് സിആര്‍പിഎഫ് അറിയിച്ചു. ഫോട്ടോഷൂട്ടിനു വേണ്ടിയാണ് യുവാക്കള്‍ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയത്. ട്രെയിന്‍ വരുന്നതു കണ്ട് ഇവര്‍ ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം മംഗള എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകി. റെയില്‍വേ അധികൃതരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി ട്രെയിന്‍ പരിശോധിച്ച ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ചന്നപട്ടണ പോലീസ് കേസ് രജിസ്റര്‍ ചെയ്തു.