സൈക്കിളെടുക്കാം, നഗരം ചുറ്റാം
Monday, April 11, 2016 5:54 AM IST
മൈസൂരു: നഗരത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ നഗരം ചുറ്റിക്കാണാം. ചെറിയ ദൂരത്തേക്കുള്ള സവാരിക്ക് വാടകയ്ക്ക് സൈക്കിള്‍ ലഭ്യമാക്കുന്ന സൈക്കിള്‍ ഷെയര്‍ സംവിധാനം അടുത്ത മാസം നിലവില്‍വരും. രാജ്യത്ത് ആദ്യമായി മൈസൂരുവിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 450 സൈക്കിളുകളാണ് നിരത്തിലിറക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട 42 സ്ഥലങ്ങളില്‍ നിന്ന് ഇവ ആവശ്യക്കാര്‍ക്ക് വാടക നല്കി എടുക്കാം.

പദ്ധതിക്കായി ലോകബാങ്ക് 20.52 കോടി രൂപ നല്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിനു കീഴിലെ അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടറേറ്റ് ഒമ്പതര കോടിയും മൈസൂരു കോര്‍പറേഷന്‍ രണ്ടു കോടിയും പദ്ധതിക്കായി ചെലവിടും. ഇതേക്കുറിച്ചു നടന്ന യോഗത്തില്‍ ഡപ്യൂട്ടി കമ്മീഷണര്‍ സി. ശിഖ, പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ, കോര്‍പറേഷന്‍ കമ്മീഷണര്‍ സി.ജി. ഭെസുര്‍മത്, നഗരവികസന അതോറിറ്റി കമ്മീഷണര്‍ മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.