അഴിമതി നിരോധന ബ്യൂറോ: സര്‍ക്കാരിനു തിരിച്ചടിയായി ഹൈക്കോടതി വിധി
Tuesday, April 12, 2016 5:12 AM IST
ബംഗളൂരു: ലോകായുക്തയ്ക്കു ബദലായി അഴിമതി നിരോധന ബ്യൂറോ രൂപീകരിച്ച കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയെ കണക്കാക്കുന്നത്.

രാഷ്ട്രീയനേതാക്കള്‍ക്കെതിരേ ലോകായുക്തയുടെ പരിഗണനയിലുള്ള അഴിമതിക്കേസുകള്‍ അഴിമതി നിരോധന ബ്യൂറോയിലേക്കു കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, ഇതു തടഞ്ഞ കോടതി ഇത്തരം കേസുകളില്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്െടന്നും അഴിമതിക്കേസുകളില്‍ ലോകായുക്ത പോലീസ് തുടരന്വേഷണം നടത്തണമെന്നും ഉത്തരവിടുകയായിരുന്നു.

കര്‍ണാടക ലോകായുക്തയുടെ പരിഗണനയിലുള്ള 700 കേസുകള്‍ അഴിമതി നിരോധന ബ്യൂറോയിലേക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കെതിരേയുള്ള അഴിമതിക്കേസുകളും ഇതില്‍ ഉള്‍പ്പെടും. ഈ നടപടിക്കെതിരേ പ്രതിപക്ഷവും വിവരാവകാശ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശക്തമായി രംഗത്തുവന്നിട്ടും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടെയാണ് വിഷയത്തില്‍ കോടതിയുടെ ഇടപെടലുണ്ടായത്.

അഴിമതിക്കെതിരേ ശക്തമായ നടപടികളുമായി ലോകായുക്ത മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അഴിമതി നിരോധന ബ്യൂറോ രൂപവത്കരിക്കാനുള്ള കാരണം ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

അഴിമതി നിരോധന ബ്യൂറോ രൂപവത്കരിച്ചതിനെതിരേ അഭിഭാഷകനായ ബി.ജി. ചിദാനന്ദ അര്‍സ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റീസ് സുബ്രോ കമാല്‍ മുഖര്‍ജി, ജസ്റ്റീസ് രവി മളീമഠ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് താത്കാലിക ഉത്തരവിട്ടത്.

അഴിമതി നിരോധന ബ്യൂറോയുടെ പെട്ടെന്നുള്ള രൂപവത്കരണം അഴിമതിക്കേസുകളില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും നടക്കുന്ന അന്വേഷണം വഴിമുട്ടുന്നതിന് ഇടയാക്കുമെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധ്യപ്പെടുത്തി. ഹര്‍ജിയിലെ തുടര്‍വാദം ജൂണ്‍ രണ്ടാം വാരത്തില്‍ നടക്കും.

അതേസമയം, തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് സര്‍ക്കാര്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അഴിമതി നിരോധന ബ്യൂറോ പ്രവര്‍ത്തിക്കുന്നുണ്െടന്നും സര്‍ക്കാര്‍ വാദിക്കുന്നു.