നമ്മ മെട്രോ: കിഴക്കുപടിഞ്ഞാറ് ഇടനാഴിയില്‍ സര്‍വീസ് ഉടന്‍
Saturday, April 16, 2016 4:53 AM IST
ബംഗളൂരു: നമ്മ മെട്രോ ആദ്യഘട്ടത്തിലെ കിഴക്കുപടിഞ്ഞാറ് ഇടനാഴി സര്‍വീസിനായി സജ്ജമായി. പാതയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആരംഭിക്കാമെന്നാണ് ബിഎംസിആര്‍എല്‍ കണക്കുകൂട്ടുന്നത്. ഇടനാഴിയില്‍ ഉള്‍പ്പെടുന്ന മിന്‍സ്ക് സ്ക്വയര്‍ മുതല്‍ മാഗഡി റോഡ് വരെയുള്ള ഭൂഗര്‍ഭപാതയിലെ സുരക്ഷാ പരിശോധന നടന്നുവരികയാണ്. ഇതിനു ശേഷം പാത തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. ഇതോടെ ഭൂഗര്‍ഭപാതയിലൂടെ മെട്രോ സര്‍വീസ് നടത്തുന്ന ദക്ഷിണേന്ത്യയിലെ ആദ്യനഗരമായി ബംഗളൂരു മാറും.

മൈസൂരു റോഡ് വരെയുള്ള 18.2 കിലോമീറ്റര്‍ പാതയില്‍ 17 സ്റേഷനുകളാണുള്ളത്. ഇതില്‍ നാലെണ്ണം ഭൂഗര്‍ഭ സ്റേഷനുകളാണ്. നിലവില്‍ സര്‍വീസ് നടത്തുന്നതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയായിരിക്കും ഇത്. കബണ്‍ പാര്‍ക്ക്, വിധാന്‍ സൌധ, വിശ്വേശ്വര, സിറ്റി റെയില്‍വേ സ്റേഷന്‍ എന്നീ ഭൂഗര്‍ഭ സ്റേഷനുകളുടെ നിര്‍മാണജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഏഴരയേക്കര്‍ സ്ഥലത്തില്‍ നിര്‍മിച്ച മജെസ്റിക്കിലെ ഇന്റര്‍ചേഞ്ച് സ്റേഷനാണ് ഇവയില്‍ ഏറ്റവും വലുത്. 20,000 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുള്ളതാണ് ഈ സ്റ്റേഷന്‍.കിഴക്കുപടിഞ്ഞാറ് ഇടനാഴി പൂര്‍ത്തിയായ സാഹചര്യത്തില്‍ വടക്കുതെക്ക് ഇടനാഴിയുടെ നിര്‍മാണം ജൂണില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പീനിയ മുതല്‍ കെംപഗൌഡ സ്റേഷന്‍ വരെയാണ് വടക്കുതെക്ക് ഇടനാഴിയില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ റീച്ച് ഒന്ന്, രണ്ട്, മൂന്ന് എ, ബി എന്നീ പാതകളില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. 72 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിനും തുടക്കംകുറിച്ചിട്ടുണ്ട്. നിലവില്‍ ബയപ്പനഹള്ളി മുതല്‍ എംജി റോഡ് വരെയും മൈസൂരു റോഡ് മുതല്‍ മാഗഡി റോഡ് വരെയും മെട്രോ സര്‍വീസ് നടത്തുന്നുണ്ട്.