മുഖ്യമന്ത്രിയുടെ മകനു വഴിവിട്ട സഹായം: ഹൈക്കമാന്‍ഡ് വിശദീകരണം തേടി
Saturday, April 23, 2016 4:13 AM IST
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കമ്പനിക്ക് സര്‍ക്കാര്‍ വഴിവിട്ടു സഹായം ചെയ്തെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം തേടി.

കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ ജി. പരമേശ്വരയോട് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. സിദ്ധരാമയ്യയോടും ഇതു സംബന്ധിച്ച വിശദീകരണം തേടുമെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയുടെ മകന്‍ ഡോ. യതീന്ദ്ര ഡയറക്ടറായ മെട്രിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറികള്‍ തുടങ്ങാന്‍ അനുവാദം നല്കിയതാണ് വിവാദത്തിനു വഴിതെളിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പദവി ഇതിനായി ദുരുപയോഗം ചെയ്തതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അധികാരസ്ഥാനത്തിരിക്കുന്നവരുടെ വേണ്ടപ്പെട്ടവരുണ്ടാകരുതെന്നാണ് ചട്ടം. ഇതു മറികടന്നാണ് മുഖ്യമന്ത്രിയുടെ മകന് അനുമതി നല്കിയതെന്നും ആരോപണമുയര്‍ന്നു. സംഭവം വിവാദമായതോടെ യതീന്ദ്ര കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. വിഷയം ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രചരണായുധമാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് വിശദീകരണം തേടിയത്.

മട്രിക്സ് അഴിമതി: സിദ്ധരാമയ്യയ്ക്കെതിരേ പരാതി

ബംഗളൂരു: മട്രിക്സ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ പരാതി. അഴിമതിവിരുദ്ധ ബ്യൂറോയിലാണ് പരാതി രജിസ്റര്‍ ചെയ്തത്.

മുഖ്യമന്ത്രിയുടെ മകന്‍ ഡോ. യതീന്ദ്ര ഡയറക്ടറായ മെട്രിക്സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പ്രധാന്‍മന്ത്രി സ്വസ്ഥ സുരക്ഷ യോജന ഹോസ്പിറ്റലില്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി തുടങ്ങാന്‍ ടെന്‍ഡര്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രി വഴിവിട്ടു സഹായം നല്കി എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ ഭാസ്കരന്‍ നല്കിയ പരാതിയില്‍, വിഷയത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.

മന്ത്രിമാര്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയ പരാതിക്കാരന്‍ മട്രിക്സ് കമ്പനിയുടെ ടെന്‍ഡര്‍ പ്രക്രിയയെക്കുറിച്ച് അഴിമതിവിരുദ്ധ ബ്യൂറോ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കരാര്‍ നല്കിയതില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും വിഷയത്തിലെ മാധ്യമറിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നും ഭാസ്കരന്‍ അഴിമതിവിരുദ്ധ ബ്യൂറോയോട് ആവശ്യപ്പെട്ടു.