തുള്ളി വെള്ളമില്ല; കുടിവെള്ളപ്രതിസന്ധി രൂക്ഷമാകുന്നു
Friday, May 6, 2016 6:48 AM IST
ബംഗളൂരു: സംസ്ഥാനം നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വറുതിയിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്തര, വടക്കുകിഴക്കന്‍ ജില്ലകളിലെ ഭൂരിഭാഗം അണക്കെട്ടുകളും വറ്റി. ബംഗളൂരു നഗരത്തിലേക്കുള്ള കുടിവെള്ളം എത്തിക്കുന്ന കെആര്‍എസ് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.

6.48 ടിഎംസി അടി വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ഇതോടൊപ്പം കബനി, ഹേമാവതി, ഹാരംഗി അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നു. അതേസമയം, അടുത്ത മാസത്തേക്കു കൂടി സംസ്ഥാനത്തിന് ഉപയോഗിക്കാനുള്ള ജലം വിവിധ അണക്കെട്ടുകളിലുണ്െടന്ന് ജലമന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു.

ബല്ലാരി, റായ്ച്ചുര്‍, വിജയപുര, ഗദക്, കാലാബുരാഗി എന്നീ ജില്ലകളിലാണ് വരള്‍ച്ച ഏറ്റവും കൂടുതല്‍ ദുരിതം വിതയ്ക്കുന്നത്. ജില്ലാ ഭരണകൂടം എത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം.

ഇവിടങ്ങളില്‍ കുഴല്‍ക്കിണറുകള്‍ വാടകയ്ക്കെടുത്ത് ജലവിതരണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. മഹാരാഷ്ട്ര മാതൃകയില്‍ ട്രെയിനില്‍ കുടിവെള്ളമെത്തിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ നദീജലം പങ്കുവയ്ക്കാനുള്ള തീരുമാനിച്ചിരുന്നു. ധാരണ പ്രകാരം ഒരു ടിഎംസി ജലം മഹാരാഷ്ട്രയിലെ കൊയന അണക്കെട്ടില്‍ നിന്നു കര്‍ണാടകയ്ക്കു ലഭിക്കും.

പകരം കര്‍ണാടകയിലെ അല്‍മാട്ടി അണക്കെട്ടില്‍ നിന്ന് മഹാരാഷ്ട്രയിലെ അക്കല്‍കോട്ട്, സോലാപുര്‍ എന്നിവിടങ്ങളിലേക്ക് ജലം നല്കും. ഇതോടൊപ്പം ഭീമ വാലിയില്‍ നിന്ന് ഒരു ടിഎംസി ജലം കൂടി ആവശ്യപ്പെടും. ഈ ആവശ്യമുന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് നിവേദനം നല്കുമെന്നും മന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു. പുതിയ ധാരണ ഇരുസംസ്ഥാനങ്ങളിലെയും വരള്‍ച്ചാ ബാധിത മേഖലകളില്‍ ഏറെ ആശ്വാസം പകരുന്നതാണ്.

സംസ്ഥാനത്ത് കാലാബുരാഗിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.

43 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന ചൂട്. ബല്ലാരിയിലും റായ്ച്ചൂരിലും 42 ഡിഗ്രിയും ചിത്രദുര്‍ഗയില്‍ 40 ഡിഗ്രിയും വിജയപുരയില്‍ 41 ഡിഗ്രിയും ചൂടനുഭവപ്പെട്ടു. ബംഗളൂരുവില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിലെത്തി.